ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് രാഹുല്‍ ദ്രാവിഡ്. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും തിളങ്ങിയ അദ്ദേഹം ഏറ്റവും ഒടുവിലായി ഇന്ത്യയുടെ പരിശീലകനായി ടി20 ലോകകപ്പ് കിരീടവും നേടിക്കൊടുത്താണ് പടിയിറങ്ങിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്ലാസിക് ബാറ്റ്‌സ്മാനായ ദ്രാവിഡിന്റെ പാത പിന്തുടര്‍ന്ന് മകന്‍ സമിത് വരികയാണ്. ഇതിനോടകം സ്‌കൂള്‍ ക്രിക്കറ്റിലൂടെയും ചില ലീഗ് മത്സരങ്ങളിലൂടെയും കൈയടി നേടാന്‍ സമിത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു ലീഗ് ക്രിക്കറ്റിലേക്ക് സമിത്തിനെ ലേലത്തിലൂടെ ഒരു ടീം സ്വന്തമാക്കിയിരിക്കുകയാണ്. മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20യില്‍ മൈസൂരു വാരിയേഴ്‌സാണ് സമിത്തിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. മധ്യനിര ബാറ്റ്‌സ്മാനും മീഡിയം പേസറുമായ സമിത്തിനെ 50000 രൂപ പ്രതിഫലത്തിലാണ് മൈസുരു വാരിയേഴ്‌സ് സ്വന്തമാക്കിയത്. ഇതിനോടകം കര്‍ണാടക അണ്ടര്‍ 19 ടീമിന്റെ ഭാഗമാവാന്‍ സമിത്തിന് സാധിച്ചിട്ടുണ്ട്.
കര്‍ണാടകയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്ന സമിത് അവസാന കൂച്ച് ബിഹാര്‍ ട്രോഫി കിരീടം നേടിയ ടീമിന്റെ ഭാഗമാവുകയും ചെയ്തു. ലാങ് ഷെയറിനെതിരേ കെഎസ്‌സിഎ 11നായി സമിത് കളിക്കുകയും ചെയ്തു. ഇതിനോടകം വലിയ പ്രതീക്ഷ നല്‍കുന്ന താരമായി വളരാന്‍ സമിത്തിന് സാധിച്ചിട്ടുണ്ട്. അവസാന സീസണിലെ ചാമ്പ്യന്മാരാണ് കരുണ്‍ നായര്‍ നയിക്കുന്ന മൈസൂരു വാരിയേഴ്‌സ്. ചാമ്പ്യന്‍ ടീമിനൊപ്പമാണ് സമിത് ഇത്തവണ ഇറങ്ങാന്‍ പോകുന്നത്.
ഇന്ത്യക്കായി ഇതിനോടകം കളിച്ചിട്ടുള്ള പ്രസിദ്ധ് കൃഷ്ണയും മൈസൂരു വാരിയേഴ്‌സിനൊപ്പമുണ്ട്. ഒരു ലക്ഷം രൂപക്കാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പ്രസിദ്ധ് വരുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ദ്രാവിഡിന്റെ മകന്‍ ഇതിനോടകം മികച്ച പല പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞിടെ ദ്രാവിഡിന്റെ അതേ ഷോട്ട് കളിച്ച് സമിത് ഞെട്ടിച്ചിരുന്നു.

ദ്രാവിഡിനെപ്പോലൊരു പ്രതിഭയുടെ മകനെന്ന നിലയിലുള്ള എല്ലാ ക്ലാസും ഇതിനോടകം താരത്തിന്റെ ബാറ്റിങ്ങിലുണ്ട്. ഇത് വരുന്ന മത്സരങ്ങളിലും തുടരാനും ഒരിക്കല്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാനും സമിത്തിന് സാധിക്കുമെന്ന് കരുതാം. ഐപിഎല്ലില്‍ അവസരം നേടിയെടുക്കുന്നതിന് സമിത്തിന്റെ മുന്നിലെ ആദ്യ ചവിട്ടുപടിയാണ് കര്‍ണാടകയിലെ മഹാരാജ ട്രോഫി ലീഗ് ക്രിക്കറ്റ്. മികച്ച പ്രകടനത്തിലൂടെ കൈയടി നേടി ഐപിഎല്ലില്‍ അവസരം നേടിയെടുക്കാന്‍ സമിത്തിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്.
ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനാവാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. എന്നാല്‍ മകനെ ടീമിലേക്കെടുക്കാന്‍ ദ്രാവിഡ് ഇടപെടല്‍ നടത്തുമെന്ന് കരുതാനാവില്ല. സ്വയം മികവ് കാട്ടി മകന്‍ സ്ഥാനം നേടിയെടുക്കാനാവും ദ്രാവിഡ് ആഗ്രഹിക്കുകയെന്നുറപ്പ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇതിനോടകം ക്രിക്കറ്റിലേക്ക് എത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലടക്കം സജീവമായ അര്‍ജുന്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമാണ്.
എന്നാല്‍ അധികം അവസരം ലഭിക്കുന്നില്ല. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ അര്‍ജുന്‍ വളരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ ഭാവിയുണ്ടെന്ന് പറയാനാവില്ല. വീരേന്ദര്‍ സെവാഗിന്റെ മകനും അച്ഛന്റെ പാതയില്‍ വളരാന്‍ ശ്രമിക്കുകയാണ്. ക്രിക്കറ്റിലൂടെ വളരാനാണ് സെവാഗിന്റെ മകനായ ആര്യവീറിന്റേയും ആഗ്രഹം. ഇതിനോടകം ബിസിസി ഐ അണ്ടര്‍ 16 ടൂര്‍ണമെന്റിലടക്കം ആര്യവീര്‍ കളിച്ചിട്ടുണ്ട്. അച്ഛനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് നടത്താനാണ് ആര്യവീറിനും ഇഷ്ടം.
2023ലെ അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി തിളങ്ങിയിരുന്നു. ഓപ്പണറായി ഇറങ്ങാനാണ് ആര്യവീറിനും താല്‍പര്യം. സെവാഗിന്റേയും ദ്രാവിഡിന്റേയും പകരക്കാരാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഭാവിയില്‍ ഇവരുടെ മക്കള്‍ ഇന്ത്യക്കായി കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.