ഓസീസ് പര്യടനം: ഇവര്‍ എന്തു കൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇല്ല? ഐപിഎല്ലില്‍ കസറിയിട്ടും രക്ഷയില്ല
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിനു ശേഷമാണ് ദൈര്‍ഘ്യമേറിയ ഇന്ത്യയുടെ ഓസീസ് പര്യടനം. ഇപ്പോള്‍ യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ഇന്ത്യന്‍ ടീമിലേക്കു വിളി വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ മാത്രമാണ് സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ തയ്യാറായത്.
ഉറപ്പായിട്ടും അവസരം ലഭിച്ചേക്കുമെന്ന് കരുതിയ ചില മികച്ച കളിക്കാര്‍ തഴയപ്പെട്ടു. ഓസീസിനെതിരേയുള്ള നിശ്ചിത ഓവര്‍ പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്ന കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ആര്‍ അശ്വിന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കണിശതയാര്‍ന്ന ബൗളിങ് കാഴ്ചവയ്ക്കുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു തിരിച്ചു വിളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ടെസ്റ്റ് ടീമില്‍ മാത്രമേ അദ്ദേഹത്തിന് ഇടമുള്ളൂ.
2017ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് അശ്വിന് നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായത്. യുസ്വേന്ദ്ര ചഹല്‍- കുല്‍ദീപ് യാദവ് സഖ്യത്തിന്റെ വരവും അദ്ദേഹത്തിനു തിരിച്ചടിയായി മാറി. ചഹല്‍ ഇപ്പോഴും മിന്നുന്ന ഫോമിലാണെങ്കിലും കുല്‍ദീപ് മോശം പ്രകടനമാണ് നടത്തുന്നത്.
ഡല്‍ഹിക്കു വേണ്ടി കൂടുതല്‍ റണ്‍സ് വഴങ്ങാതെ പന്തെറിയുന്ന അശ്വിന്‍ ടീമിന് ബ്രേക്ക്ത്രൂകളും നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ചഹലിനൊപ്പം രണ്ടാം സ്പിന്നറായി അശ്വിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഫോമിനൊപ്പം അനുഭവസമ്പത്തും അദ്ദേഹത്തിന് പ്ലസ് പോയിന്റായിരുന്നു.

ടി നടരാജന്‍
ഈ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം ഈ സീസണില്‍ ഏറ്റവുമധികം യോര്‍ക്കറുകളെറിഞ്ഞ താരം കൂടിയാണ്. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ അംഗമായിരുന്നു നടരാജന്‍. ആറു മല്‍സരങ്ങളില്‍ കളിച്ച താരത്തിന് രണ്ടു വിക്കറ്റുകളാണ് നേടാനായത്. മോശം പ്രകടനത്തെ തുടര്‍ന്ന് സീസണിനു ശേഷം ഒഴിവാക്കപ്പെട്ട നടരാജനെ ഇത്തവണത്തെ ലേലത്തില്‍ ഹൈദരാബാദ് വാങ്ങുകയായിരുന്നു.
ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തില്‍ ഹൈദരാബാദ് പേസ് ബൗളിങിലെ നിര്‍ണായക താരമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഡെത്ത് ഓവറില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്ന നടരാജന്‍ 11 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവയ്ക്കുന്നത്. റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവര്‍ക്കു വലിയ ഭീഷണിയായി കിഷന്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ കിഷന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഒമ്പത് മല്‍സരങ്ങൡ നിന്നും 42.57 ശരാശരിയില്‍ 142.58 സ്‌ട്രൈക്ക് റേറ്റോടെ കിഷന്‍ 298 റണ്‍സ് നേടിയിട്ടുണ്ട്. മധ്യനിരയിലും ഇപ്പോള്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണിങിലും കിഷന്റെ പ്രകടനം മികച്ചതാണ്. സഞ്ജുവിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടും കിഷന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. കെഎല്‍ രാഹുലും സഞ്ജുവുമാണ് നിശ്ചിത ഓവര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. സഞ്ജു ടി20 ടീമില്‍ മാത്രമേയുള്ളൂ.

സൂര്യകുമാര്‍ യാദവ്
ഇഷാന്‍ കിഷനെക്കൂടാതെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും തഴയപ്പെട്ട മറ്റൊരു താരമാണ് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്. ഈ സീസണിലെ മികച്ച ഇന്നിങ്‌സുകളുടെയും ഷോട്ടുകളുടെയും പേരില്‍ പ്രശംസയേറ്റുവാങ്ങിയ താരമാണ് യാദവ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ ചങ്കൂറ്റവും പുകഴ്തപ്പെട്ടിരുന്നു.
2018ലെ ഐപിഎല്ലിലാണ് യാദവ് മുംബൈ ടീമിലെത്തുന്നത്. താരത്തിന്റെ ബാറ്റിങ് മികവ് തിരിച്ചറിഞ്ഞ മുംബൈ മുന്‍നിരയിലേക്കു പ്രൊമോഷന്‍ നല്‍കുകയുമായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും 400ന് മുകളില്‍ റണ്‍സ് യാദവ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2018ല്‍ 512 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നിലവിലെ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 283 റണ്‍സ് യാദവ് നേടിക്കഴിഞ്ഞു. ഏതു പൊസിഷനിലും കളിക്കാനും ഇന്നിങ്‌സ് പടുത്തുയര്‍ത്താനും ഫിനിഷ് ചെയ്യാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications