ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനമാണ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നേരിട്ടുകൊണ്ടിരിക്കുന്നത്. ബാറ്റിങ് ലൈനപ്പില്‍ ഇരുവരും നടത്തിയ പരീക്ഷണമായിരുന്നു ഇതിനു കാരണം. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും നാലാം നമ്പറില്‍ ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഏഴാം നമ്പറിലേക്കു ഇറക്കുകയായിരുന്നു.

അക്ഷര്‍ പട്ടേല്‍ വരെ സൂര്യയേക്കാള്‍ മുമ്പ് ബാറ്റിങിനെത്തുകയും ചെയ്തു. ഈ മല്‍സരത്തിലും സൂര്യ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയിരുന്നു. അദ്ദേഹത്തേക്കാള്‍ മുമ്പ് അക്ഷറിനെ ബാറ്റിങിന് അയച്ച ദ്രാവിഡിന്റെയും രോഹിത്തിന്റെയും തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ചെന്നൈയില്‍ നടന്ന നിര്‍ണായകമായ അവസാന മല്‍സരത്തില്‍ 21 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യന്‍ ടീമിനു നേരിട്ടത്.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു 1-2നു നഷ്ടമാവുകയും ചെയ്തിരുന്നു. ആദ്യ മല്‍സരത്തില്‍ വിജയിച്ച ശേഷമായിരുന്നു തുടര്‍ന്നുള്ള രണ്ടു കളിയും തോറ്റ് ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയത്. സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായ പുറത്തായതിനു പിന്നാലെ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ശ്രേയസ് അയ്യരുടെ പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്ഥിരതയുള്ള ഒരു നാലാം നമ്പര്‍ താരം ഇന്ത്യക്കു ഇല്ലാതെ പോയതായി ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി. ശ്രേയസിന്റെ അഭാവമാണ് സൂര്യകുമാര്‍ യാദവിനു ടീമില്‍ അവസരമൊരുക്കിയത്. അവനു പരമ്പരയില്‍ വെറും മൂന്നു ബോളുകള്‍ മാത്രമേ നേരിടാനായുളളൂ. വളരെ പെട്ടെന്നു തന്നെ സൂര്യ ഏകദിനത്തില്‍ ഇനി കളിക്കണമോയെന്നതടക്കം ഒരുപാട് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തതോടെ ചോദ്യങ്ങള്‍ ഇരട്ടിയാവുകയും ചെയ്തു. ഇതിലേക്കു ഒരുപാട് ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ലെന്നും അശ്വിന്‍ വ്യക്തമാക്കി.
ഇന്ത്യ എല്ലായ്‌പ്പോഴും ജയിക്കണമന്നു ഏറെക്കുറെ നിര്‍ബന്ധമുള്ളതു പോലെയാണ്. ഇന്ത്യ ശക്തരായ ടീം തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ നമ്മള്‍ അജയ്യരാണെന്നു ചിലരെങ്കിലും കരുതുന്നു. അതുകൊണ്ടു തന്നെ ചില സമയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം പരുഷമായിരിക്കും. ക്രിക്കറ്റ് വിദഗ്ധര്‍ പോലും അടുത്തിടെയായി വളരെ രൂക്ഷമായിട്ടാണ് വിമര്‍ശിക്കുന്നതെന്നും ആര്‍ അശ്വിന്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. 2011ലെ ലോകകപ്പില്‍ നമ്മള്‍ ജയിക്കാനുള്ള കാരണം ടീമിലെ സ്ഥിരതയായിരുന്നു. പക്ഷെ ഞങ്ങള്‍ തന്നെ തന്നെ ഈ സ്ഥിരത ഇപ്പോള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഓസ്‌ട്രേലിയയുമായുള്ള അവസാനത്തെ മാച്ചില്‍ സൂര്യയെ ഇന്ത്യ താഴേക്കു ഇറക്കിയിരുന്നു. കെഎല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കുകയും അക്ഷര്‍ പട്ടേല്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുകയും ചെയ്തു. ദയവു ചെയ്ത് ഓസ്‌ട്രേലിയയുടെ ബാറ്റിങ് ഓര്‍ഡറിലേക്കു സ്ഥിരമായി നോക്കൂ. ഗ്ലെന്‍ മാക്‌സ്വെല്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ അവര്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാണൂ. കാരണം ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നയാളാണ് മാക്‌സി. സൂര്യയും അത്തരത്തിലുള്ള താരമാണ്. സ്പിന്നിനെ അവന്‍ നന്നായി നേരിടുകയും ചെയ്യുമെന്നും ആര്‍ അശ്വിന്‍ വിലയിരുത്തി.
സ്പിന്നര്‍മാരായ ആദം സാംപ, ആഷ്ടണ്‍ ഏഗര്‍ എന്നിവരുയര്‍ത്തുന്ന വെല്ലുവിളി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷര്‍ പട്ടേലിനെ ഇന്ത്യ ബാറ്റിങില്‍ പ്രൊമോട്ട് ചെയതത്. 10 ഓവറെങ്കിലും കളിച്ച് 35-50 റണ്‍സെങ്കിലും അക്ഷര്‍ നേടിയിരുന്നെങ്കില്‍ മല്‍സരം ഇന്ത്യയുടെ പോക്കറ്റിലാവുമായിരുന്നു. ഇന്ത്യയുടെ പ്ലാന്‍ ശരിയായിരുന്നു. പക്ഷെ അക്ഷറിന്റെ റണ്ണൗട്ട് എല്ലാം തെറ്റിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും ആര്‍ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.