ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ അനാവശ്യ ഇടപെടല്‍ കാരണം യുവ ഫാസ്റ്റ് ബൗളറര്‍ ആകാശ്ദീപിന്റെ താളം നഷ്ടമായെന്നായിരുന്നു അശ്വിന്റെ വിമര്‍ശനം. ബെംഗളൂരുവില്‍ നടന്ന ആമസോണ്‍ വെസ് സര്‍വീസ് എഐ കോണ്‍ക്ലേവില്‍ ഹര്‍ഷ ഭോഗ്‌ലെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയയുമായുള്ള ഇതേ പരമ്പരയ്ക്കിടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍. മൂന്നാം ടെസ്റ്റിനു പിന്നാലെയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ പുറത്തിരുത്തിയ അദ്ദേഹത്തെ രണ്ടാമത്തെ മല്‍സരത്തില്‍ കളിപ്പിച്ചിരുന്നു. പക്ഷെ മൂന്നാം ടെസ്റ്റില്‍ നിന്നും വീണ്ടും ഒഴിവാക്കി. ഇതിനു പിന്നാലെയാണ് വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച് അശ്വിന്‍ നാട്ടിലേക്കു മടങ്ങിയത്.

കോലിയുടെ ഉപദേശം
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആകാശ്ദീപിന്റെ ബൗളിങിലെ താളം നഷ്ടപ്പെടുത്തിയത് വിരാട് കോലിയുടെ അനാവശ്യ ഇടപെടലാണെന്നാണ് ആര്‍ അശ്വിന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവന്റെ ഭാഗമല്ലാതിരുന്ന അശ്വിന്‍ ഗ്രൗണ്ടിനു പുറത്തിരിക്കവെയാണ് കോലിയുടെ നിര്‍ദേശത്തെക്കുറിച്ച് കേള്‍ക്കുന്നത്.
ആകാശ്ദീപ് ഉജ്ജ്വലമായി ബൗള്‍ ചെയ്തു കൊണ്ടിരിക്കെ ലൈനിലും ലെങ്ത്തിലും മാറ്റം വരുത്താന്‍ കോലി നിര്‍ദേശിക്കുകയും പിന്നാലെ താരത്തിന്റെ താളം നഷ്ടപ്പെട്ടുവെന്നുമാണ് അശ്വിന്റെ വിമര്‍ശനം. ഗാബയില്‍ ഗംഭീര സ്‌പെല്ലാണ് ആകാശ്ദീപ് എറിഞ്ഞു കൊണ്ടിരുന്നത്. അവന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു അതെന്നു തന്നെ പറയാം. പക്ഷെ ജസ്പ്രീത് ബുംറയുടെ ബൗളിങ് അത്ര മികച്ചതുമായിരുന്നില്ല.
മികച്ച മൂന്ന്- നാല് ഓവറുകളാണ് ആകാശ്ദീപ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ഞാന്‍ ഇതു പുറത്തു നിന്നു കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആകാശ്ദീപിന്റെ അടുത്തേക്കു ഓടിയെത്തിയ വിരാട് ഉപദേശവും നല്‍കി. നേരെ എറിയൂവെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ ഒരു ഫീല്‍ഡറെ ലെഗ് ഗള്ളിയില്‍ നിര്‍ത്തുകയും ചെയ്തു.
അതിനു ശേഷം ക്രീസിലുള്ള ബാറ്ററുടെ ദേഹം ലക്ഷ്യമാക്കിയും ചില ബോളുകള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കുമെല്ലാം ആകാശ്ദീപ് എറിഞ്ഞു. എന്നാല്‍ ബാറ്റര്‍ പുള്‍ ഷോട്ട് കളിച്ചും ഫ്‌ളിക്ക് ചെയ്തുമല്ലൊം റണ്ണെടുത്തു. അതോടെ ബൗളിങില്‍ അവന്റെ നേരത്തേയുള്ള താളവും നഷ്ടമായതായി അശ്വിന്‍ വിമര്‍ശിച്ചു.

അനാവശ്യ ഇപെടല്‍
ഒരു ബൗളര്‍ വളരെ നന്നായി പന്തെറിയുമ്പോള്‍ അതില്‍ അനാവശ്യമായി ഇടപെടുന്നത് താളം നഷ്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നാണ് ആര്‍ അശ്വിന്റെ നിരീക്ഷണം. ക്രീസിലുള്ള ബാറ്റര്‍മാര്‍ക്കെതിരേ അപ്പോള്‍ നേരെ ബൗള്‍ ചെയ്താല്‍ അതു അവര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നായിരിക്കും വിരാട് ചിന്തിച്ചിട്ടുണ്ടാവുക. ആ രീതിയിലുള്ള ലൈനിലും ലെങ്തിലും സ്റ്റീവ് സ്മിത്തിനെതിരേ നിങ്ങള്‍ക്കു പന്തെറിയാം. അദ്ദേഹത്തെ ഔട്ടാക്കാനും കഴിഞ്ഞേക്കും.
നിങ്ങള്‍ ഒരു ബൗളറെ മനസ്സിലാക്കാതെ ഉപദേശം നല്‍കിയാല്‍ ഇതായിരിക്കും സംഭവിക്കുക. എന്നാല്‍ ഒരു ബൗളറെ നിങ്ങള്‍ മനസ്സിലാക്കിയാല്‍ ഇതു സംഭവിക്കില്ല. അവന്‍ നല്ലൊരു സ്‌പെല്ലാണ് എറിഞ്ഞു കൊണ്ടിരിക്കുന്നതെന്നും അതേ രീതിയില്‍ തന്നെ തുടരട്ടെയെന്നുമായിരിക്കും നിങ്ങള്‍ ആലോചിക്കുകയെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഗാബയിലെ ഈ ടെസ്റ്റില്‍ 29.5 ഓവറുകള്‍ ബൗള്‍ ചെയ്ത ആകാശ്ദീപിനു ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താനായിരുന്നുള്ളൂ. പരമ്പരയില്‍ രണ്ടു ടെസ്റ്റുകളിലാണ് അദ്ദേഹത്തെ കളിപ്പിച്ചത്. നാലിന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റുകളും നേടി. പക്ഷെ പരിക്കു കാരണം സിഡ്‌നിയിലെ അവസാന സ്റ്റെില്‍ നിന്നും ആകാശ്ദീപിനു പിന്‍മാറേണ്ടി വരികയും ചെയ്തു.