ഓസ്‌ട്രേലിയയുമായുള്ള കടുപ്പമേറിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ആവേശകരമായ പാതിവഴിയിലെത്തി നില്‍ക്കവെയാണ് ഇതിഹാസ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ ഇന്ത്യന്‍ കുപ്പായം അഴിച്ചിരിക്കുന്നത്. ഇതിനകം നടന്ന മൂന്നു ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.
സമനിലയില്‍ പിരിഞ്ഞ മൂന്നാം ടെസ്റ്റിനു പിന്നാലെ അശ്വിന്‍ വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിലവില്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ഇന്ത്യ മിസ്സ് ചെയ്യും. പ്രത്യേകിച്ചും നാട്ടിലെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ ടീമിന്റെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അശ്വിന്‍.
അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്കു വന്നാല്‍ ഭാര്യ പ്രിതി നാരായണനും രണ്ടു പെണ്‍ മക്കളുമുള്‍പ്പെട്ടതാണ് കുടുംബം. ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താങ്ങും തണലുമായി നിന്നിട്ടുള്ളയാളാണ് പ്രിതി. അശ്വിന്റെയും പ്രിതിയുടെയും പ്രണയകഥയെക്കുറിച്ച് കൂടുതലറിയാം.

കളിക്കൂട്ടുകാരി
ആര്‍ അശ്വിന്റെ കളിക്കൂട്ടുകാരി കൂടിയായിരുന്നു പ്രിതി നാരായണന്‍. സ്‌കൂള്‍ തലം മുതല്‍ പരസ്പരം നന്നായി അറിയാവുന്ന അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പക്ഷെ ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴി മാറുന്നത് കോളേജ് കാലം മുതല്‍ക്കാണ്. കോളേജ് കാലഘട്ടത്തിലാണ് അശ്വിന്‍ ആദ്യമായി പ്രിതിയോടു പ്രണയാഭ്യര്‍ഥന നടത്തിയത്.
ഐഐടിയുടെ മദ്രാസ് ക്യാംപസിലെ ചെംപ്ലാസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് അശ്വിന്‍ തന്റെ പ്രണയത്തെക്കുറിച്ച് മനസ്സ്തുറന്നത്. അദ്ദേഹം പ്രതീക്ഷിച്ചതു പോലെ പ്രിതിയുടെയും മറുപടി യെസ് എന്നായിരുന്നു.
ഇരുവരുടെയും ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു കൂടിയാണ് അന്നു തുടക്കം കുറിക്കപ്പെട്ടത്. പിന്നീട് തന്റെ പാഷനായ ക്രിക്കറ്റിനെയും പ്രണയത്തെയും അശ്വിന്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്തു. കളിക്കളത്തിന് അകത്തും പുറത്തും അശ്വിന്റെ വിജയങ്ങള്‍ക്കു പിന്നില്‍ എല്ലായ്‌പ്പോഴു പ്രിതിയുടെ സാന്നിധ്യമുണ്ടായിരുന്നു.
വിവാഹം
ആര്‍ അശ്വിനും പ്രിതി നാരായണനും തങ്ങളുടെ പ്രണയസാഫല്യത്തിനു വലിയ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. കാരണം ഇരുവരുടെയും അടുപ്പത്തില്‍ രണ്ടു പേരുടെയും കുടുംബങ്ങള്‍ക്കും കാര്യമായ എതിര്‍പ്പുകളില്ലായിരുന്നു. ഇതു അശ്വിന്റെ കരിയര്‍ വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്തു.
ഒടുവില്‍ 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പിന് മുമ്പ് അശ്വിനും പ്രിതിയും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നു. ഇതു ലോകകകപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസവും പ്രചോദനവും നല്‍കുകയും ചെയ്തു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ മുംബൈയിലെ വാംഖഡെില്‍ ഇന്ത്യന്‍ ടീം കിരീടം ചൂടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിക്കാനും അശ്വിനു സാധിച്ചിരുന്നു.
ഇതേ വര്‍ഷം തന്നെയാണ് അശ്വിനും പ്രിതിയും വിവാഹിതരായത്. പരമ്പരാഗതമായ തമിഴ് രീതിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കുടുംബം
ആര്‍ അശ്വിന്റെയും പ്രിതി നാരായണന്റെയും കുടുംബത്തിലേക്കു വന്നാല്‍ രണ്ടു പെണ്‍ മക്കളുള്‍പ്പെട്ടതാണ് ഇവരുടെ ലോകം. 2015ലായിരുന്നു ഇവര്‍ക്കു ആദ്യത്തെ മകളായ അകീറ ജനിച്ചത്. തൊട്ടടുത്ത വര്‍ഷം ആദ്യയെന്ന രണ്ടാമത്തെ മകളും ഇവരുടെ കുടുംബത്തിലേക്കു വരികയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി എല്ലായ്‌പ്പോഴും സമയം കണ്ടെത്താന്‍ ശ്രമിക്കുന്ന നല്ലൊരു ഭര്‍ത്താവും അച്ഛനും കൂടിയാണ് അശ്വിന്‍.
എല്ലായ്‌പ്പോളും അദ്ദേഹത്തിനു പ്രചോദനവും ആത്മവിശ്വാസവുമേകി പ്രിതിയെ നമുക്കു ഒപ്പം കാണാം. പലപ്പോഴും മല്‍സരവേദികളില്‍ അദ്ദേഹത്തിനെ പിന്തുണയ്ക്കാന്‍ അവര്‍ എത്താറുമുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അശ്വിന്‍. ഇതിലൂടെ അദ്ദേഹം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.