ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. ഇതിഹാസമെന്ന വിശേഷണത്തിന് അര്‍ഹനായ അശ്വിന്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മികച്ച ഫോമില്‍ നില്‍ക്കവെ യാദൃശ്ചികമായാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്ന് പറയാം. അതുകൊണ്ടുതന്നെ ആരാധകരെ സംബന്ധിച്ച് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാത്തതായിരുന്നു അശ്വിന്റെ വിരമിക്കല്‍.
അശ്വിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഗൗതം ഗംഭീറുമായുള്ള അഭിപ്രായ ഭിന്നതയാണ് അശ്വിന്റെ വിരമിക്കലിന് കാരണമെന്നടക്കം സൂചനകളുണ്ടായിരുന്നു. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അശ്വിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കവെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍. തന്റെ വിരമിക്കലിന്റെ ശരിയായ കാരണമാണ് അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
വിരമിക്കലിന് പിന്നില്‍ ദൂരൂഹമായി ഒന്നുമില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് താന്‍ വിരമിച്ചതിന് പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് അശ്വിന്‍ പറയുന്നത്. അനുയോജ്യമായ സമയമായെന്ന് തോന്നിയപ്പോള്‍ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അശ്വിന്റെ വിലയിരുത്തല്‍. 'നിങ്ങള്‍ക്കറിയാവുന്നതുപോലെ പെട്ടെന്ന് ഉണ്ടായ തീരുമാനമാണിത്. ഒരാള്‍ തന്റെ ജോലി പൂര്‍ത്തിയായെന്ന് ചിന്തിച്ചാല്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ആളുകള്‍ പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും വസ്തുതയല്ല.
ആദ്യ ടെസ്റ്റ് ഞാന്‍ കളിച്ചില്ല. രണ്ടാം ടെസ്റ്റ് കളിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് കളിച്ചില്ല. അടുത്ത ടെസ്റ്റ് ഞാന്‍ കളിക്കാനും കളിക്കാതിരിക്കാനും സാധ്യതയുണ്ടായിരുന്നു. ഞാന്‍ എന്റെ ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നവനാണ്. അത് നഷ്ടപ്പെട്ടുവെന്ന് തോന്നിയപ്പോള്‍ വിരമിച്ചു. അത്രയേ ഉള്ളൂ' അശ്വിന്‍ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അശ്വിനെ ഇന്ത്യ വിദേശ പര്യടനത്തില്‍ അധികം കളിപ്പിക്കാറില്ല. ഇനി ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്.
അത് എവേ മത്സരമാണ്. ഈ സാഹചര്യത്തില്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ഐപിഎല്ലില്‍ മാത്രം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പറയാം.

അശ്വിന്‍ വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നു
ആര്‍ അശ്വിന്‍ ഇന്ത്യയുടെ ഇതിഹാസ താരമായതിനാല്‍ത്തന്നെ വലിയൊരു യാത്രയയപ്പ് അദ്ദേഹത്തിന് അര്‍ഹിച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തി ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍ മടങ്ങുകയായിരുന്നു. അശ്വിന് വിരമിക്കല്‍ മത്സരം നല്‍കണമെന്ന് ആരാധകരടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു വിരമിക്കല്‍ മത്സരം വലിയ കാര്യമായി കാണുന്നില്ലെന്നാണ് അശ്വിന്‍ പറയുന്നത്.
'എനിക്ക് വിരമിക്കല്‍ മത്സരം ലഭിക്കുന്നതുകൊണ്ട് എന്ത് മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. ഞാന്‍ പന്തുമായി വരുമ്പോള്‍ കാണികള്‍ കൈയടിക്കുന്നത് കാണാനാണോ?. എത്ര നാള്‍ ആളുകള്‍ ഇതിനെക്കുറിച്ച് പറയും. സാമൂഹ്യ മാധ്യമങ്ങളില്ലെങ്കില്‍ ഒരാഴ്ചകൊണ്ട് ആളുകള്‍ ഇത് മറക്കും. അതുകൊണ്ടുതന്നെ വിടവാങ്ങല്‍ മത്സരത്തിന് വലിയ പ്രസക്തിയില്ല. ക്രിക്കറ്റ് എനിക്ക് വലിയ സന്തോഷങ്ങളും മനോഹര നിമിഷങ്ങളും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പമല്ലെങ്കില്‍ മറ്റൊരു ടീമിനൊപ്പം ഞാന്‍ കളി തുടരും. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് സന്തോഷത്തിനായാണ്' അശ്വിന്‍ പറഞ്ഞു.
ഐപിഎല്ലില്‍ സിഎസ്‌കെയോടൊപ്പം
ഐപിഎല്ലില്‍ ഇത്തവണ അശ്വിന്‍ സിഎസ്‌കെയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിഎസ്‌കെയിലൂടെ തുടങ്ങിയ അശ്വിന്‍ ഈ സീസണില്‍ സിഎസ്‌കെയ്ക്കായി കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്കായി 537 ടെസ്റ്റ് വിക്കറ്റ് ഉള്‍പ്പെടെ 765 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ബുദ്ധിമാനായ ബൗളര്‍മാരിലൊരാളായിരുന്നു അശ്വിന്‍. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ അധികം സജീവമാകാന്‍ സാധിച്ചില്ലെങ്കിലും ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു അശ്വിന്‍. എന്തായാലും അശ്വിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണെന്ന് പറയാം.