
2008ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ഈ പരമ്പരയില്‍ ആദ്യത്തെ നാലു കളികളില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ വീരേന്ദര്‍ സെവാഗിനായില്ല. ഇതോടെ ക്യാപ്റ്റന്‍ എംഎസ് ധോണി സെവാഗിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുകയും ചെയ്തു. രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ എന്നിവാണ് മുന്‍നിരയില്‍ കളിച്ചത്. ഫിനിഷിങ് ചുമതല യുവരാജ് സിങിനുമായിരുന്നു.

അന്നു ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് സെവാഗ് കളി നിര്‍ത്താന്‍ ആലോചിച്ചത്. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നന്നായി ആലോചിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം അന്നത്ത മുഖ്യ സെലക്ടറായിരുന്ന കെ ശ്രീകാന്തിനോടും താന്‍ സംസാരിച്ചിരുന്നതായി സെവാഗ് വെളിപ്പെടുത്തുന്നു.

നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നു കെ ശ്രീകാന്ത് എന്നോടു ചോദിച്ചു. മികച്ച ഫോമിലായിട്ടും എനിക്കു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടമില്ലെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. എല്ലാ മല്‍സരങ്ങളിലും എന്നെ കളിപ്പിക്കുമെങ്കില്‍ മാത്രം ഇനി ദേശീയ ടീമിലെടുത്താല്‍ മതി. അല്ലെങ്കില്‍ പരിഗണിക്കരുതെന്നും അദ്ദേഹത്തോടു ആവശ്യപ്പെട്ടു.

ഏഷ്യാ കപ്പിനു മുമ്പ് എംഎസ് ധോണിയുമായി ശ്രീകാന്ത് ഇക്കാര്യം സംസാരിച്ചു. വീരു പാ നിങ്ങള്‍ കളിക്കുമെന്നായിരുന്നു ധോണിയുടെ മറുപടി. അതിനു ശേഷം ഞാന്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചു. പക്ഷെ ഇക്കാര്യമൊന്നും ഞാന്‍ ആരുമായും ഷെയര്‍ ചെയ്തിട്ടില്ല, കാരണം ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു എനിക്കറിയാമെന്നും വീരേന്ദര്‍ സെവാഗ് വിശദമാക്കി.

പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിച്ചത്. ഈ പരമ്പരയില്‍ വീരേന്ദര്‍ സെവാഗ് ടീമിലുണ്ടാവുകയും ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളോടെ അദ്ദേഹം പരമ്പരയില്‍ തിളങ്ങുകയും ചെയ്തു. തുടര്‍ന്നു നടന്ന ഏഷ്യാ കപ്പിലും സെവാഗ് തിളങ്ങിയിരുന്നു.
ഫൈനലില്‍ ശ്രീലങ്കയോടു ഇന്ത്യ പരാജയപ്പെട്ടെങ്കിലും സെവാഗിന്റെ പ്രകടനം മികച്ചതായിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമായി അദ്ദേഹം കസറി.

വിമര്‍ശനങ്ങളോടു ഓരോ കളിക്കാരും പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്നു വീരേന്ദര്‍ സെവാഗ് പറയുന്നു. കുറച്ചു കളിക്കാര്‍ വിമര്‍ശനങ്ങളെ പോസിറ്റീവായി തന്നെയെടുക്കും. പക്ഷെ കുറച്ചു പേര്‍ വിമര്‍ശനങ്ങളെ ഹൃദയം കൊണ്ടായിരിക്കും സ്വീകരിക്കുക. ചിലര്‍ ചെവിപൊത്തും, ചിലര്‍ സല്യൂട്ട് ചെയ്യും. അങ്ങനൊയിരിക്കും അവര്‍ വികാരം പ്രകടിപ്പിക്കുക.

കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ രീതികളുണ്ട്. വിരാട് കോലി വളരെ അഗ്രസീവും പ്രതികരിക്കുന്നയാളുമാണ്. അദ്ദേഹത്തിന്റെ ശൈലി അതാണ്. കോലിയെപ്പോലെയൊരാള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനുള്ള ഊര്‍ജം നല്‍കാന്‍ താനും അതേ രീതിയില്‍ പ്രതികരിക്കാന്‍ തയ്യാറാണെന്നു ഫിഫ് ഡുപ്ലെസി പറഞ്ഞത് നമ്മള്‍ കേട്ടതാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











