
ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങള്‍ക്കു പിന്നാലെ ഐസിസി റാങ്കിങിലും പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനു നേട്ടം. പുതുതായി പ്രഖ്യാപിച്ച ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാമനായിരിക്കുകയാണ് ബാബര്‍. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനെ പിന്തള്ളിയാണ് ബാബര്‍ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചിരിക്കുന്നത്. ബൗളര്‍മാരില്‍ ശ്രീലങ്കയുടെ യുവ സ്പിന്നര്‍ വനിന്ദു ഹസരംഗയും റാങ്കിങില്‍ മുന്നേറ്റം നടത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അദ്ദേഹം പുതിയ നമ്പര്‍ വണ്‍ ബൗളറായി മാറി. സൗത്താഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്‌സ് ഷാംസിയെയാണ് ഹസരംഗ മറികടന്നത്.
ലോകകപ്പില്‍ പാകിസ്താനെ മുന്നില്‍ നിന്നു നയിക്കുകയാണ് ബാബര്‍. തുടര്‍ച്ചയായ നാലു വിജയങ്ങളോടെ പാകിസ്താന്‍ ഇത്തവണ സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയിരുന്നു. നാലു കളികളില്‍ രണ്ടിലും ബാബര്‍ ഫിഫ്റ്റിയടിച്ചിരുന്നു. ഇതാണ് ഒരിടവേളയ്ക്കു ശേഷം ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. നേരത്തേ ഒന്നാം റാങ്കിലുണ്ടായിരുന്ന മലാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതും ബാബറിനു കാര്യങ്ങള്‍ എളുപ്പമാക്കി.

ടി20യില്‍ വീണ്ടും നമ്പര്‍ വണ്ണായതോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ബാറ്റിങ് കിങായിരിക്കുകയാണ് ബാബര്‍. ഏകദിനത്തില്‍ അദ്ദേഹം നേരത്തേ തന്നെ നമ്പര്‍ വണ്ണാണ്. ഇപ്പോള്‍ കുട്ടിക്രിക്കറ്റിലും പാക് നായകന്‍ തന്റെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്. ലോകകപ്പില്‍ നാലു കളികളില്‍ നിന്നും 66 ശരാശരിയില്‍ 198 റണ്‍സ് ബാബര്‍ നേടിക്കഴിഞ്ഞു. അതേസമയം, ടി20യില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാംസ്ഥാനത്തു തന്നെ തുടരുകയാണ്.
834 റേറ്റിങ് പോയിന്റോടെയാണ് ബാബര്‍ ഒന്നാംറാങ്കില്‍ നില്‍ക്കുന്നത്. മലാനേക്കാള്‍ അദ്ദേഹം ഏറെ മുന്നിലുമാണ്. ഇംഗ്ലണ്ട് താരത്തിനു 798 റേറ്റിങ് മാത്രമേയുള്ളൂ. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാംറാങ്കിലെത്തിയിട്ടുണ്ട്. 733 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് (731) നാലാംസ്ഥാനത്ത്. കോലിക്കു 714 പോയിന്റാണുള്ളത്. ലോകകപ്പില്‍ മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ എട്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്.

കോലി ഈ ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നെങ്കിലും ന്യൂസിലാന്‍ഡിനെതിരേ നിരാശപ്പെടുത്തിയിരുന്നു. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 57 റണ്‍സായിരുന്നു പാകിസ്താനെതിരേ അദ്ദേഹം നേടിയത്. എന്നാല്‍ ഈ ഇന്നിങ്‌സിനു ടീമിനെ രക്ഷിക്കാനായില്ല. പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വി ഇന്ത്യക്കു നേരിടുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ കോലിക്കു ഒമ്പതു റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തു.
2014ലായിരുന്നു കോലിക്കു ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിച്ചത്. അന്നു 897 പോയിന്റ് അദ്ദേഹത്തിനു ലഭിച്ചിരുന്നു. കോലിയുടെ ഈ റേറ്റിങിനൊപ്പമെത്താന്‍ ബാബറിനു ഇതുവരെ സാധിച്ചിട്ടുമില്ല. നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ ബാബറിനു പിന്നില്‍ രണ്ടാംസ്ഥാനത്താണ് കോലി.
ഈ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍, നമീബിയ എന്നിവര്‍ക്കെതിരേയായിരുന്നു ബാബറിന്റെ ഫിഫ്റ്റികള്‍. അഫ്ഗാനിസ്താനെതിരായ കളിയില്‍ 51 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. നമീബിയക്കെതിരേ 70 റണ്‍സും ബാബര്‍ അടിച്ചെടുത്തു. കരിയറില്‍ ആറാം തവണയാണ് ബാബര്‍ റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിക്കുന്നത്. 27കാരനായ താരം ആദ്യമായി ഒന്നാംറാങ്കിലെത്തിയത് 2018 ജനുവരി 28നായിരുന്നു. നിലവില്‍ 834 റേററ്റിങ് പോയിന്റാണ് ബാബറിനുള്ളത്. പക്ഷെ 2019ല്‍ നേടിയ 896 റേറ്റിങാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 മുതല്‍ മലാനായിരുന്നു ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍. ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെയാണ് മലാനെ സിംഹാസനത്തില്‍ നിന്നും പിടിച്ചിറക്കി ബാബര്‍ 'ഭരണമേറ്റെടുത്തത്'.