ഐപിഎല്‍ ഫൈനലില്‍ സീറോ, ഇത്തവണ ഇന്ത്യന്‍ ജഴ്‌സിയില്‍ ഹീറോ... താക്കൂറാണ് താരം
കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ത്രില്ലിങ് വിജയത്തോടെയാണ് ഇന്ത്യ ചാംപ്യന്മാരായത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. ഏകദിനത്തില്‍ ഈ ഗ്രൗണ്ടിലെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്.
316 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ എട്ടു പന്ത് ബാക്കിനില്‍ക്കെ വിരാട് കോലിയും സംഘവും മറികടക്കുകയായിരുന്നു.
മധ്യനിര തകര്‍ന്നെങ്കിലും വാലറ്റത്ത് രവീന്ദ്ര ജഡേജയും (39*) ശര്‍ദ്ദുല്‍ താക്കൂറും (17*) ചേര്‍ന്ന് ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിക്കുകയായിരുന്നു. താക്കൂറിന്റെ പ്രകടനമായിരുന്നു ഏവരെയും ഞെട്ടിച്ചത്. കഴിഞ്ഞ ഐപിഎല്ലിന്റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ ഫ്‌ളോപ്പായ താക്കൂര്‍ ഇത്തവണ ഇന്ത്യക്കൊപ്പം ഇതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.

താക്കൂറിന്റെ വരവ്
കളിയുടെ നിര്‍ണായക ഘട്ടത്തില്‍ വച്ചാണ് 46ാം ഓവറില്‍ ടീമിന്റെ ടോപ്‌സ്‌കോറായ കോലി (85) പുറത്താവുന്നത്. ഇതോടെ സ്‌റ്റേഡിയം നിശബ്ധമാവുകയും ചെയ്തു. ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍ കൂടിയായ കോലി മടങ്ങിയതോടെ ഇനി ഇന്ത്യ ജയിക്കുമോയെന്ന ആശങ്കയായിരുന്നു ഇതിനു കാരണം. നാലോവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്.
രവീന്ദ്ര ജഡേജയ്ക്കു കൂട്ടായി ക്രീസിലെത്തിയത് പേസറായ താക്കൂറായിരുന്നു. നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി പറത്തിയ താക്കൂര്‍ താന്‍ ഒരുങ്ങിത്തന്നെയാണ് വന്നതെന്ന് സൂചന നല്‍കി. 47ാം ഓവറിലായിരുന്നു താക്കൂര്‍ കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. ഓരോ ബൗണ്ടറിയും സിക്‌സറും താരം പറത്തി. ഓവറില്‍ ഇന്ത്യക്കു ലഭിച്ചത് 15 റണ്‍സ്. ഇതോടെ ഇന്ത്യ വിജയമുറപ്പിക്കുകയും ചെയ്തു. ആറു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 17 റണ്‍സാണ് താക്കൂര്‍ നേടിയത്.

ജഡേജയുടെ ഉപദേശം
താക്കൂറിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യയുടെ ലക്ഷ്യം അനായാസമാക്കുകയായിരുന്നു. 14 പന്തില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ താക്കൂറിനെ സമീപിച്ചു ജഡേജ ചില ഉപദേശങ്ങളും നല്‍കുന്നത് കണ്ടിരുന്നു. നന്നായി തന്നെ തുടര്‍ന്നും ബാറ്റ് ചെയ്യാന്‍ ശ്രമിക്കൂ, ലൂസ് ഷോട്ടിനു ശ്രമിക്കരുത്. ടൈമിങില്‍ ശ്രദ്ധിച്ച് ബാറ്റ് ചെയ്യൂവെന്നും ജഡേജ താക്കൂറിനോടു പറയുകയായിരുന്നു. മല്‍സരശേഷം ജഡേജ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം എട്ടാം നമ്പറുകാരനാവാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് താക്കൂറിന്റെ മറുപടി ഇങ്ങനെയായിരുന്നു. പന്ത് നന്നായി കണക്ട് ചെയ്യാന്‍ കഴിഞ്ഞ നല്ലൊരു ദിവസമായിരുന്നു ഇന്ന്. ബാറ്റ് ചെയ്യാനുള്ള കഴിവ് തനിക്കുണ്ടെന്നു അറിയാമായിരുന്നു. ടീമിന് ആവശ്യമുള്ളപ്പോള്‍ 20-25 റണ്‍സ് സംഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍ താന്‍ ഹാപ്പിയാണ്.

ഐപിഎല്‍ ഫൈനല്‍
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ താക്കൂറുണ്ടായിരുന്നു. അവസാന ഓവറിലെ നാലാം പന്തില്‍ ഷെയ്ന്‍ വാട്‌സന്‍ റണ്ണൗട്ടായി പുറത്ത്. താക്കൂറാണ് തുടര്‍ന്നു ക്രീസിലെത്തിയത്.
അഞ്ചാമത്തെ താക്കൂര്‍ രണ്ടു റണ്‍സെടുത്തു. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ ചെന്നൈക്കു വേണ്ടത് രണ്ടു റണ്‍സ്. എന്നാല്‍ ലസിത് മലിങ്കയുടെ സ്ലോ ബോളില്‍ താക്കൂറിന് പിഴച്ചു. വിക്കറ്റിനു മുന്നില്‍ കുരുങ്ങി താക്കൂര്‍ പുറത്തായതോടെ മുംബൈയ്ക്കു ഒരു റണ്‍സിന്റെ നാടകീയ ജയവു കിരീടവും. അന്നും താക്കൂറിനൊപ്പം അവസാന രണ്ടു പന്തുകളില്‍ നോണ്‍ സ്‌ട്രൈക്കറായി ഒപ്പമുണ്ടായിരുന്നത് രവീന്ദ്ര ജഡേജയായിരുന്നു.

ബാറ്റിങിലും മോശക്കാരനല്ല
2019ലെ ഐപിഎല്‍ ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും 2018ലെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി സിഎസ്‌കെ ചാംപ്യന്‍മാരായപ്പോള്‍ താരം തിളങ്ങിയിരുന്നു. അന്നു അഞ്ചു പന്തില്‍ പുറത്താവാതെ 15 റണ്‍സാണ് താക്കൂര്‍ അടിച്ചെടുത്തത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും മികച്ച പ്രകടനം താരം നടത്തിയിട്ടുണ്ട്. ആറു ഫസ്റ്റ് ക്ലാസ് ഫിഫ്റ്റികള്‍ താക്കൂര്‍ ഇതിനകം നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications