
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക ലീഡ് നേടിയിരിക്കുകയാണ് ടീം ഇന്ത്യ. ലോര്‍ഡ്‌സിലെ രണ്ടാമങ്കം ജയിച്ചതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍ കടന്നിരിക്കുകയാണ്. 151 റണ്‍സിനായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞത്. നേരത്തേ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈ മല്‍സരത്തിലും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ മഴ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം തടയുകയായിരുന്നു.
റണ്‍ചേസില്‍ ഇന്ത്യ വിജയത്തിലേക്കു കുതിക്കവെ അഞ്ചാമത്തെയും അവസാനത്തെയും ദിനം മഴ വില്ലനാവുകയായിരുന്നു. ഒരോവര്‍ പോലും അവസാനദിനം മല്‍സരം നടന്നിരുന്നില്ല. ഇതോടെ ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വരികയായിരുന്നു. പറഞ്ഞുവരുന്നത് ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വ്യത്യസ്ത പൊസിഷനുകളുടെ സംഭാവനയെക്കുറിച്ചാണ്. കഴിഞ്ഞ എട്ടു ഇന്നിങ്‌സുകളെടുത്താല്‍ ഓപ്പണര്‍മാരില്‍ നിന്നാണ് ഇന്ത്യക്കു ഏറ്റവുമധികം സംഭാവന ലഭിച്ചിട്ടുള്ളതെന്നു കാണാം. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടി വലിയ ഇംപാക്ടാണ് ഇംഗ്ലണ്ടിനെതിരേ സൃഷ്ടിച്ചിരിക്കുന്നത്. പരമ്പരയ്ക്കുമുമ്പ് ഈ ഓപ്പണങ് ജോടിയെക്കുറിച്ച് ആരും സങ്കല്‍പ്പിച്ചിട്ടു പോലുമില്ലായിരുന്നു. കാരണം രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യമായിരുന്നു ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ജോടി, പക്ഷെ പരിക്കിനെ തുടര്‍ന്നു ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുമ്പ് തന്നെ ഗില്ലിനു പിന്‍മാറേണ്ടി വന്നു.

ഇതോടെ പകരക്കാരനായി മായങ്ക് അഗര്‍വാളിന്റെ തിരിച്ചുവരവിന് സാധ്യത തെളിഞ്ഞു. നേരത്തേ രോഹിത്തിനോടൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ താരമാണ് മായങ്ക്. പക്ഷെ ഇംഗ്ലണ്ടുമായുള്ള ഒന്നാം ടെസ്റ്റിന്റെ തലേദിവസം പരിശീലനത്തിനിടെ ഹെല്‍മറ്റില്‍ ബോള്‍ കൊണ്ടതോടെ കണ്‍കഷന്‍ കാരണം മായങ്കിന് പിന്മാറേണ്ടി വന്നു. ഇതോടയാണ് രോഹിത്തിന്റെ ഓപ്പണിങ് പാര്‍ട്‌നറായി രാഹുല്‍ വരുന്നത്. തനിക്കു ലഭിച്ച അവസരം ഇരുകൈകളും നീട്ടി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. രോഹിത്- രാഹുല്‍ ഓപ്പണിങ് ജോടി എട്ടു ഇന്നിങ്‌സുകളില്‍ നിന്നായി നേടിയത് 396 റണ്‍സാണ്. മറ്റൊരു പൊസിഷനും ഇത്രയുമധികം റണ്‍സെടുത്തിട്ടില്ല.
മധ്യനിരയിലേക്കു വന്നാല്‍ കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ നിന്നായി അവര്‍ക്കു നേടാനായത് 199 റണ്‍സ് മാത്രമാണ്. ലോവര്‍ ഓര്‍ഡറിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ ആറു ഇന്നിങ്‌സുകളില്‍ നിന്നുള്ള സമ്പാദ്യം 183 റണ്‍സായിരുന്നു. ഇനി വാലറ്റക്കാരുടെ പ്രകടനമെടുത്താല്‍ കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ നേടിയതാവട്ടെ 162 റണ്‍സുമാണ്.
ഇംഗ്ലണ്ടിനെതിരേ ട്രെന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ രാഹുലായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. 214 ബോളുകളില്‍ നിന്നും 12 ബൗണ്ടറികളോടെ 84 റണ്‍സാണ് അദ്ദേഹം നേടിയത്. രോഹിത്താവട്ടെ 107 ബോളില്‍ ആറു ബൗണ്ടറികളോടെ 36 റണ്‍സെടുത്തിരുന്നു. 97 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. രണ്ടാമിന്നിങ്‌സില്‍ രാഹുല്‍ 26 റണ്‍ലിന് പുറത്തായപ്പോള്‍ രോഹിത് 12 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഓപ്പണര്‍മാരുടേത്. രാഹുല്‍ 129 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രോഹിത് 83 റണ്‍സും നേടി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. രോഹിത്താവട്ടെ 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചായിരുന്നു 83 റണ്‍സ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ 126 റണ്‍സ് ഈ സഖ്യം നേടി. ഈ മല്‍സരത്തിലെ സെഞ്ച്വറിയോടെ വമ്പന്‍ നേട്ടത്തിനൊപ്പവും രാഹുല്‍ എത്തി. ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. നേരത്തേ വിനു മങ്കാദ്, ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രി എന്നിവരാണ് നേരത്തേ ഈ നേട്ടം കുറിച്ചിട്ടുള്ളത്.
രണ്ടാമിന്നിങ്‌സില്‍ പക്ഷെ രോഹിത്- രാഹുല്‍ ജോടിക്കു പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. രോഹിത് 21 റണ്‍സിനു പുറത്തായപ്പോള്‍ രാഹുല്‍ അഞ്ചു റണ്‍സാണ് നേടിയത്. എങ്കിലും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിയുടെ മികവില്‍ ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം രാഹുലിനായിരുന്നു.