യുവരാജ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു! തിരിച്ചുവരവിന് കാരണം വെളിപ്പെടുത്തി മുന്‍ ഇതിഹാസം
ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുന്നു. വിരമിച്ച രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റില്‍ യുവി വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ താന്‍ തീരുമാനിച്ചതായി യുവി അറിയിച്ചിരിക്കുന്നത്.
ഒരുകാലത്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നറായിരുന്ന യുവരാജ്. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റെടുക്കുന്ന ബൗളറായിരുന്ന അദ്ദേഹം തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്നു. 2019 ജൂണിലായിരുന്നു യുവി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

വിധി ദൈവം തീരുമാനിക്കുന്നു
നിങ്ങളുടെ വിധി ദൈവം തീരുമാനിക്കുന്നു എന്ന വാക്കുകളോടെയായിരുന്നു ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് യുവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാന്‍ പിച്ചില്‍ മടങ്ങിയെത്തുകയാണ്, ഫെബ്രുവരിയില്‍ അതിനു കഴിയുമെന്നു വിശ്വസിക്കുന്നു. ഇതിനേക്കാള്‍ വലിയൊരു വികാരമില്ല. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. ഇതു എന്നെ സംബന്ധിച്ച് എല്ലാമാണ്. ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്നത് തുടരൂ, അത് നമ്മുടെ ടീമാണ്, യഥാര്‍ഥ ഫാന്‍ മോശം സമയത്തും പിന്തുണ തുടരും. ജയ്ഹിന്ദ് എന്നായിരുന്നു യുവരാജ് കുറിച്ചത്.

രണ്ടു തവണ പരമ്പരയുടെ താരം
ഐസിസിയുടെ രണ്ടു ലോകകപ്പുകളില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ താരം കൂടിയാണ് യുവരാജ് സിങ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ യുവരാജായിരുന്നു പരമ്പരയുടെ താരം.
2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീം കിരീടത്തില്‍ മുത്തമിട്ടപ്പോഴും യുവി ഓള്‍റൗണ്ട് പ്രകടനത്തിലൂടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയിരുന്നു.

യുവിയുടെ തിരിച്ചുവരവ്
വിരമിക്കല്‍ പിന്‍വലിച്ച് അടുത്ത വര്‍ഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തുമെന്ന് യുവരാജ് സിങ് പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ഏതു ഫോര്‍മാറ്റിലായിരിക്കും അദ്ദേഹം കളിക്കുകയെന്നു വ്യക്തമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടിയായിരിക്കുമോ യുവി ആദ്യമിറങ്ങുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത സീസണില്‍ പുതിയ രണ്ടു ടീമുകള്‍ കൂടി വരാനിരിക്കെ ഐപിഎല്ലിലൂടെയായിരിക്കുമോ 39കാരനായ യുവരാജിന്റെ തിരിച്ചുവരവെന്നും കാത്തിരുന്നു കാണണം.
അവസാനമായി രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു യുവരാജ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 2019ല്‍ മുംബൈ ഐപിഎല്‍ കിരീടമുയര്‍ത്തിയപ്പോള്‍ അദ്ദേഹം സംഘത്തിലുണ്ടായിരുന്നു. പക്ഷെ കളിക്കാന്‍ യുവിക്കു ചുരുങ്ങിയ അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.

ഗംഭീര കരിയര്‍
ഇന്ത്യക്കൊപ്പം ഗംഭീര കരിയറായിരുന്നു യുവരാജിന്റേത്. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20കളുമാണ് യുവി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 11,000ത്തിനു മുകളില്‍ റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 17 സെഞ്ച്വറികളും 71 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ടീമിനു വേണ്ടി നിര്‍ണായക സംഭാവനയാണ് യുവരാജ് നല്‍കിയിട്ടുള്ളത്. 148 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. രണ്ടു നാലു വിക്കറ്റ് നേട്ടവും ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

അരങ്ങേറ്റം 2007ല്‍
2000ലെ ഐസി നോക്കൗട്ട് ട്രോഫിയില്‍ കളിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജിന്റെ അരങ്ങേറ്റം. പിന്നീട് 17 വര്‍ഷത്തോളം അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2017 ജൂണ്‍ 30ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിനത്തിലായിരുന്നു യുവരാജ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ പോയ അദ്ദേഹം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications