ഇന്ത്യന്‍ ടീമില്‍ ഇപ്പോഴത്തെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരവും ടി20യിലെ ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ സഞ്ജു സാംസണ്‍. ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി അദ്ദേഹത്തിനു വളരെ നല്ല സൗഹൃദമാണുള്ളതെന്നു എല്ലാവര്‍ക്കുമറിയാം.
പക്ഷെ സ്‌കൈയുടെ പേരല്ല, മറിച്ച് ആരും പ്രതീക്ഷിക്കാത്ത ഒരാളുടെ പേരാണ് സഞ്ജു ഇപ്പോള്‍ അടുത്ത സുഹൃത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. സക്‌സസ് പോയിന്റിന്റെ ദി സ്‌പോര്‍ട്‌സ്‌കാസ്‌റ്റെന്ന ഷോയില്‍ മിഥുന്‍ രമേഷുമായി സംസാരിക്കവെയാണ് ടീമില്‍ എന്തിനും താന്‍ സമീപിക്കാറുള്ള, ഒരുപാട് സംസാരിക്കാറുള്ള കൂട്ടുകാരനെ കുറിച്ച് സഞ്ജു വെളിപ്പെടുത്തിയത്. അതു ആരാണെന്നറിയാം.

ബുംറയുമായുള്ള സൗഹൃദം
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പേസാക്രമണത്തിലെ കുന്തമുനയായ ജസ്പ്രീത് ബുംറയാണ് ദേശീയ ടീമിലെ ഉറ്റ സുഹൃത്തെന്നാണ് സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
കളിക്കളത്തിനകത്തോ, നെറ്റ്‌സിലോയൊന്നും സഞ്ജുവും ബുംറയും അധികം സംസാരിക്കുന്നതോ, തമാശ പങ്കു വയ്ക്കുന്നതോയൊന്നും നമ്മള്‍ കാണാറില്ല. അതുകൊണ്ടു തന്നെ തങ്ങള്‍ക്കിടയില്‍ വളരെ അടുത്ത സൗഹൃദമുണ്ടെന്ന വാക്കുകള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുമെന്നുറപ്പാണ്.
ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ എപ്പോഴും പരസ്പരം സംസാരിക്കുന്ന, ഏറ്റവും അടുപ്പമുള്ളയാള്‍ ആരാണെന്നായിരുന്നു സഞ്ജുവിനോടു ആങ്കറായ മിഥുന്‍ രമേഷിന്റെ ചോദ്യം. അല്‍പ്പനേരം ആലോചിച്ചായിരുന്നു അദ്ദേഹം അതിനു മറുപടി നല്‍കിയത്.
ദേശീയ ടീമില്‍ ഒരുപാട് വ്യത്യസ്ത തരത്തിലുള്ളവരുമായി ഞാന്‍ വളരെ നല്ല സൗഹൃദം പുലര്‍ത്തുന്നുണ്ട്. പക്ഷെ ഞാന്‍ അടുത്തിടെയായി ഒരുപാട് സംസാരിക്കാറുള്ളത് ജസ്പ്രീത് ബുംറയുമായിട്ടാണ്. നമ്മുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഏറെ ചെറുപ്പത്തില്‍ ഒരുമിച്ച് കളിക്കാന്‍ ആരംഭിച്ചവരാണ് ഞങ്ങള്‍. അവിടുത്തെ ഒരുപാട് ഓര്‍മകളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായു ഞാനും ബുംറയുമായി ഒരുപാട് സംസാരിക്കാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
ടേണിങ് പോയിന്റ്
ക്രിക്കറ്ററെന്ന നിലയില്‍ തന്റെ കരിയറിലെ ടേണിങ് പോയിന്റ് എന്താണെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെിരേ നേടിയ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയോടെയാണ് തന്റെ കരിയര്‍ മറ്റൊരു ലെവലിലേക്കു മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു സമയം വരെ ഞാന്‍ ഇന്ത്യന്‍ ടീമിനും അകത്തും പുറത്തുമായുമായി തുടരുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നു അറിയാമായിരുന്നു. പക്ഷെ അതു ആളുകള്‍ക്കു മുന്നില്‍ തെളിയിക്കുന്നതു വരെ നിങ്ങള്‍ക്കു സ്വയം ഉള്ളില്‍ നിന്നും ആ സ്വീകാര്യത ലഭിക്കുകയില്ല.

സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ ഞാനൊരു മല്‍സരം കളിച്ചു. അതില്‍ സെഞ്ച്വറിയും നേടി. ആ സെഞ്ച്വറിക്കു ശേഷം പുറമെയുള്ള ആളുകളല്ല, മറിച്ച് എന്റെയുള്ളില്‍ എനിക്കു ഈ ലെവലില്‍ കളിക്കാന്‍ സാധിക്കുമെന്നു സ്വയം ഉറപ്പ് വന്നത് അതിനു ശേഷമാണ്. ആ സെഞ്ച്വറിക്കു ശേഷം എന്റെയുള്ളില്‍ തന്നെയുള്ള പലതും മാറാനും തുടങ്ങി.
വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഞാന്‍ ആ സെഞ്ച്വറി നേടിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു തുല്യതയില്‍ നില്‍ക്കെയാണ് അവസാന കളിയില്‍ ഞാന്‍ സെഞ്ച്വറി കുറിച്ചത്. എനിക്കു ആ കളിയില്‍ ഉറപ്പായും പെര്‍ഫോം ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഇല്ലെങ്കില്‍ വീണ്ടും ടീമിനു അകത്തും പുറത്തുമായി തന്നെ തുടരേണ്ടി വരുമെന്നും എനിക്കു അറിയാമായിരുന്നു.
അതുകൊണ്ടു തന്നെ ആ സെഞ്ച്വറി എന്നെ അകത്തു നിന്നും ഏറെ പ്രചോദിപ്പിക്കുകയും ഇനിയും പല വലിയ കാര്യങ്ങളും സാധിക്കുമെന്ന ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എന്തു ചെയ്യുന്നതിനു മുമ്പും നിങ്ങള്‍ക്കു സ്വന്തം മനസ്സില്‍ ഒരു ഉറപ്പ് വേണം. എനിക്കു അതു ലഭിക്കുന്നത് ഈ സെഞ്ച്വറിക്കു ശേഷമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.