ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ ആരാണെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാവും പലരും പറയുക. ഷഹീന്‍ ഷാ അഫ്രീദി, ജസ്പ്രീത് ബുംറ, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ആധുനിക ക്രിക്കറ്റിലെ തീപാറുന്ന പേസര്‍മാരാണ്. ഇവരില്‍ ആരാണ് കേമനെന്നത് പറയുക പ്രയാസമാണ്. പാകിസ്താന്‍ ആരാധകരെ സംബന്ധിച്ച് ഷഹീനാണ് ഹീറോ. ഇടം കൈയന്‍ പേസര്‍ ഇപ്പോള്‍ പാക് ടീമിന്റെ നായകനാണ്. മികച്ച ലൈനും ലെങ്തും സ്വിങ്ങും അവകാശപ്പെടാന്‍ സാധിക്കുന്ന പേസറാണ് ഷഹീന്‍.
എന്നാല്‍ ഏറ്റവും മികച്ച പേസറെ തിരഞ്ഞെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് പാകിസ്താന്‍ താരം ഷദാബ് ഖാന്‍. ഷഹീനെ തഴഞ്ഞ ഷദാബ് ജസ്പ്രീത് ബുംറയും നസീം ഷായുമാണ് നിലവിലെ ബെസ്റ്റ് പേസ് ബൗളര്‍മാരെന്നാണ് 25കാരനായ ഷദാബ് പറയുന്നത്. 'നസീം ഷായാണ് വെള്ളബോളിലെ ഏറ്റവും മികച്ച പേസര്‍. ജസ്പ്രീത് ബുംറയാണ് മൂന്ന് ഫോര്‍മാറ്റിലേയും നിലവിലെ ബെസ്റ്റ്' എന്നാണ് ഷദാബ് പറയുന്നത്. പിഎസ്എല്ലില്‍ നസീം ഗംഭീര പ്രകടനമാണ് നടത്തുന്നത്. പരിക്കിനെത്തുടര്‍ന്ന് നസീം ഷാക്ക് ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു.
വരുന്ന ടി20 ലോകകപ്പില്‍ പാകിസ്താന്റെ തുറുപ്പുചീട്ട് നസീം ഷായാണ്. 21കാരനായ താരത്തിന്റെ കരുത്ത് വേഗമാണ്. തുടര്‍ച്ചയായി 150 വേഗം കണ്ടെത്താന്‍ നസീമിന് കഴിവുണ്ട്. എന്നാല്‍ ഇടക്കിടെ പരിക്കേല്‍ക്കുന്നതാണ് താരത്തിന് തിരിച്ചടിയാവുന്നത്. മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവി നസീമിനുണ്ട്. ജസ്പ്രീത് ബുംറ ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. യോര്‍ക്കറുകളാണ് ബുംറയുടെ ആയുധം. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ബുംറ തിളങ്ങി.
19 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ പലപ്പോഴും ബുംറക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാറില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പ് ബുംറയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യയും പാകിസ്താനും പരസ്പരം കൊമ്പുകോര്‍ക്കുന്നത് ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ്.

2023ലെ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തോടെയാണ് ബാബര്‍ ആസമിനെ പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് നീക്കുന്നത്. പകരം ഷഹീന്‍ ഷാ അഫ്രീദിയെ നായകനാക്കുകയും ചെയ്തു. ഷഹീന് കീഴില്‍ പ്രതീക്ഷിച്ച പ്രകടനമല്ല പാകിസ്താന്‍ കാഴ്ചവെക്കുന്നത്. വരുന്ന ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഫ്‌ളോപ്പായാല്‍ ഷഹീന്റെ ചീട്ടുകീറാനും സാധ്യതയുണ്ട്. ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണ് ഷഹീനുള്ളത്.
ഇടം കൈയന്‍ പേസര്‍മാരെ പൊതുവേ ഇന്ത്യ ഭയപ്പെടുന്നു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍ക്ക് ന്യൂബോളിലെ ഇടം കൈയന്‍ പേസര്‍മാരെ ഭയമാണ്. ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ളവരാണെന്ന് പറയാം. ഇവരെല്ലാം ഇടം കൈയന്‍മാരാണെന്നതാണ് എടുത്തു പറയേണ്ടത്. വരുന്ന ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദി.
രണ്ട് വേദിയും പേസിനെ പിന്തുണക്കുന്നതാണ്. അതുകൊണ്ടുതന്നെ പേസ് ബൗളിങ് കരുത്തുയര്‍ത്തേണ്ടത് എല്ലാ ടീമിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് ഇത്തവണ മോശമല്ലാത്ത പേസ് നിരയുണ്ട്. ബുംറക്കൊപ്പം മുഹമ്മദ് സിറാജും മികവ് കാട്ടുന്നു. ദീപക് ചഹാര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്നു. ഇതെല്ലാം ഇന്ത്യയുടെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്നതാണ്. പാകിസ്താനൊപ്പം ശക്തമായ പേസ് നിരയുണ്ട്.
ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം അതിവേഗ പേസര്‍മാരാണ്. ഇവരുടെ ഫിറ്റ്‌നസ് മികച്ചതായാല്‍ തീപാറുന്ന പന്തുകളെറിയാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ പേസര്‍മാരുടെ തീപാറുന്ന പോരാട്ടം ടി20 ലോകകപ്പില്‍ പ്രതീക്ഷിക്കാം.