For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജൊഗീന്ദറിന് 20ാം ഓവര്‍, ആ മാസ്റ്റര്‍ പ്ലാന്‍ ധോണിയുടേതല്ല! വെളിപ്പെടുത്തലുമായി യുവി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സ്വപ്‌നതുല്യമായ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യത്തെ പൊന്‍തൂവലായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2007ലെ പ്രഥമ ടി29 ലോകകപ്പ് കിരീടനേട്ടമാണ്. കാരണം ധോണിയെന്ന ക്യാപ്റ്റനെ ആദ്യമായി ലോകം ശ്രദ്ധിച്ചത് സൗത്താഫ്രിക്കയില്‍ നടന്ന ഈ ടൂര്‍ണമെന്റിനു ശേഷമായിരുന്നു. അന്നു ചിരവൈരികളായ പാകിസ്താനെ ത്രില്ലറില്‍ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

ഫൈനലിന്റെ അവസാന ഓവറില്‍ ധോണി നടത്തിയ ചൂതാട്ടത്തെ ക്രിക്കറ്റ് ലോകം ഇപ്പോഴും വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. നിര്‍ണായകമായ 20ാമത്തെ ഓവര്‍ പരിചയസമ്പത്ത് തീരെ കുറഞ്ഞ മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മയ്ക്കായിരുന്നു ധോണി നല്‍കിയത്. ക്യാപ്റ്റന്റെ വിശ്വാസം കാത്ത ജൊഗീന്ദര്‍ അന്നു ടീമിനു നാടകീയ വിജയവും ഒപ്പം ലോക കിരീടവും സമ്മാനിക്കുകയായിരുന്നു.

DHONI YUVRAJ

ജൊഗീന്ദറിനെ അന്നു പന്തേല്‍പ്പിച്ച ധോണിയുടെ നീക്കത്തെ മാസ്റ്റര്‍ സ്‌ട്രോക്കെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. പക്ഷെ യഥാര്‍ഥത്തില്‍ ജൊഗീന്ദറിനു ഓവര്‍ നല്‍കാനുള്ളത് ധോണിയുടെ പ്ലാന്‍ ആയിരുന്നില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അന്നു ടീമിന്റെ ഭാഗമായിരുന്ന മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. പ്രശസ്ത യൂട്യൂബറായ രണ്‍വീര്‍ അല്ലാബഡിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പാകിസ്താനുമായുള്ള ഫൈനലില്‍ അന്നു ഹര്‍ഭജന്‍ സിങായിരുന്നു അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യേണ്ടിയിരുന്നത്. ധോണി അദ്ദേഹത്തെ വിളിച്ച് ഓവര്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഭാജി അതു നിരസിക്കുകയായിരുന്നു. അതിനുള്ള കാരണം ധോണിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

മിസ്ബാഹുല്‍ ഹഖിനെതിരേ കളിയില്‍ ഒരോവര്‍ ഞാന്‍ ബൗള്‍ ചെയ്തു കഴിഞ്ഞു. എനിക്കെതിരേ അദ്ദേഹം മൂന്നു സിക്‌സറുകളുമടിച്ചു. അതുകൊണ്ടു തന്നെ 20ാമത്തെ ഓവര്‍ ജൊഗീന്ദര്‍ ശര്‍മയെ ഏല്‍പ്പിക്കൂയെന്നായിരുന്നു ധോണിയോടു ഭാജി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം ധോണി പരിഗണിക്കുകയും തുടര്‍ന്നു ജൊഗീന്ദറിനെ നിയോഗിക്കുകയായിരുന്നുവെന്നും യുവരാജ് വിശദമാക്കി.

ജൊഹാനസ്ബര്‍ഗില്‍ നടന്ന കലാശക്കളിയില്‍ 158 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താനു ഇന്ത്യ നല്‍കിയത്. റണ്‍ചേസില്‍ പാകിസ്താന്‍ ഒമ്പതു വിക്കറ്റിനു 141 റണ്‍സിലേക്കു വീണിരുന്നെങ്കിലും മിസ്ബാഹുല്‍ ഹഖിന്റെ ഒറ്റയാള്‍ പോരാട്ടം അവര്‍ക്കു വിജയപ്രതീക്ഷ നല്‍കിയിരുന്നു. അവസാനത്തെ ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ പാകിസ്താനു ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

HARBHAJAN SINGH

വൈഡുമായാണ് ജൊഗീന്ദര്‍ 20ാം ഓവര്‍ തുടങ്ങിയത്. ഇതോടെ ധോണിയുടെ നീക്കം പാളിയോയെന്നു ആരാധകര്‍ സംശയിച്ചു. ക്രീസിലുണ്ടായിരുന്ന മിസ്ബാഹിനു അടുത്ത ബോളില്‍ റണ്ണൊന്നുമെടുക്കാനായില്ല. പക്ഷെ രണ്ടാമത്തെ ബോളില്‍ മിസ്ബാഹ് സിക്‌സര്‍ പറത്തി. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ അദ്ദേഹം സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ പരാജയം മണത്തു.

നാലു ബോളില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ് മാത്രം. എന്നാല്‍ തൊട്ടടുത്ത ബോളില്‍ മിസ്ബാഹിനെ ജൊഗീന്ദര്‍ പുറത്താക്കി. ഷോര്‍ട്ട് ഫൈന്‍ ലെഗിനു മുകളിലൂടെ സ്‌കൂപ്പ് ഷോട്ടിനായിരുന്നു മിസ്ബാഹ് ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല.

ബോള്‍ നേരെ മലയാളി താരം ശ്രീശാന്തിന്റെ കൈകളിലെത്തുകയും ചെയ്തു. ഇതോടെ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ധോണിയും സംഘവും ടി20 ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വളര്‍ച്ചയുടെ തുടക്കവും ഇവിടെ നിന്നായിരുന്നു.

Story first published: Wednesday, November 8, 2023, 10:15 [IST]
Other articles published on Nov 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+