ഇന്ത്യയുടെ ഏകദിന ടീമില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട എക്‌സ് ഫാക്ടറിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര അടുത്ത മാസം 11ന് തുടങ്ങാനിരിക്കെയാണ് ടീമില്‍ കാണാനാഗ്രഹിക്കുന്ന താരത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
കിവികളുമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുക. ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലിനു കീഴില്‍ ഒരു രണ്ടാംനിര ടീമിനെയാണ് ഈ പരമ്പരയ്ക്കായി ന്യൂസിലാന്‍ഡ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

അവന്‍ ടീമില്‍ വേണം
ടി20യില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്ററും വെടിക്കെട്ട് ഇടംകൈയന്‍ ഓപ്പണറുമായ അഭിഷേക് ശര്‍മയെ ഇന്ത്യന്‍ ഏകദിന ടീമിലെടുക്കണമന്നാണ് ആര്‍ അശ്വിന്‍ ആവശ്യപ്പെടുന്നത്. ടി20യില്‍ ടീമിലെ അവിഭാജ്യ ഘടകവും തുറുപ്പുചീട്ടുമാണെങ്കിലും ഏകദിനത്തില്‍ കളിക്കാന്‍ അദ്ദേഹത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല.
ഇതു വെറും അഭിഷേക് ശര്‍മയുടെ വരവ് മാത്രമല്ല, മറിച്ച് ഇന്ത്യയുടെ അടുത്ത തലമുറയിലെ എക്‌സ് ഫാക്ടറുടെ വരവ് കൂടിയാണ്. ഈ വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ചൊരു താരത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതു അവനായിരിക്കും. അഭിഷേക് വളരെ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ പവര്‍പ്ലേ ബാറ്റിങിനെ അവന്‍ പുനര്‍വിചിന്തനം ചെയ്തിരിക്കുകയാണ്, കൂടാതെ അസാധാരണ കൡക്കാരനുമാണ്. ഏകദിന ഫോര്‍മാറ്റിലും അഭിഷേകിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുരുഷ വിഭാഗത്തില്‍ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും അവനായിരിക്കുമെന്നാണ് കുരുതുന്നതെന്നും ആഷ് കി ബാതതെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.
അന്താരാഷ്ട്ര ടി20യില്‍ ഇതിനകം 33 മല്‍സരങ്ങളില്‍ അഭിഷേക് കളിച്ചു കഴിഞ്ഞു. 188.02 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 1115 റണ്‍സുമാണ്. 73 സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും അദ്ദേഹം ഇതിനകം സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ത്തു കഴിഞ്ഞു.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മികച്ച പ്രകടനത്തിനു ശേഷം ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണ് അഭിഷേക്. മറ്റൊരു യുവ അഗ്രസീവ് ഇടംകൈയന്‍ ഓപ്പണര്‍ യശസി ജയ്‌സ്വാളിനെ പിന്തള്ളി ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി അദ്ദേഹം സ്ഥാനം നിലനിര്‍ത്തുകയായിുന്നു.
2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം കൂടിയാണ് ജയ്‌സ്വാള്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അഭിഷേകിനായിരുന്നു. 314 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി അദ്ദേഹം മാറുകയും ചെയ്തു.
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും അഭിഷേകാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി അദ്ദേഹം മാറിക്കഴിഞ്ഞു. അഭിഷേകിന്റെ കരിയറിലെ കന്നി ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്.