ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ മല്‍സരങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ്. സൗത്താഫ്രിക്കന്‍ മണ്ണിലാണ് ഇന്ത്യന്‍ ടീം ഇത്തവണ പുതുവര്‍ഷം ആഘോഷിക്കുന്നത്. ഒരു മാസത്തിലേറെ നീളുന്ന സൗത്താഫ്രിക്കന്‍ പര്യടത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ആകെ എട്ടു മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുക. മൂന്നു വീതം ടി20കളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഉള്‍പ്പെടെയാണിത്.
ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ്. സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയ്ക്കു ശേഷം ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ ഒരു ടി20 പരമ്പര കൂടി മാത്രമേ ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മുന്നിലുള്ളൂ.

ടി20യില്‍ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയിട്ടുള്ള താരങ്ങളെയെടുത്താല്‍ ഈ ലിസ്റ്റില്‍ ഒരു സര്‍പ്രൈസ് താരത്തെയാണ് നമുക്കു ഒന്നാംസ്ഥാനത്തു കാണാന്‍ സാധിക്കുക. ടി20 ഫോര്‍മാറ്റില്‍ ഇനിയും ടീമില്‍ സ്ഥാനം പോലും ഉറപ്പിച്ചിട്ടില്ലാത്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് സിക്‌സര്‍ വീരന്‍മാരില്‍ തലപ്പത്ത്. ഐപിഎല്ലിലുള്‍പ്പെടെ ടി20യില്‍ ഈ വര്‍ഷം 56 സിക്‌സറുകളുമായിട്ടാണ് റുതുരാജ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.
യുവ ഓപ്പണിങ് ബാറ്ററും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാള്‍ തൊട്ടു പിന്നിലായി രണ്ടാംസ്ഥാനത്തുണ്ട്. ജയ്‌സ്വാള്‍ നേടിയത് 54 സിക്‌സറുകളാണ്. ടി20യില്‍ ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ റിങ്കു സിങിനാണ് മൂന്നാംസ്ഥാനം. 53 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
സിക്‌സര്‍ വേട്ടയില്‍ പോര് മുറുകുന്നതിനാല്‍ ആരാവും ഈ വര്‍ഷം ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയെന്നു തീരുമാനിക്കുക സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയായിരിക്കും. കാരണം ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പര കൂടിയാണ് സൗത്താഫ്രിക്കയിലേത്.

റുതുരാജിനെയും ജയ്‌സ്വാളിനെയും പിന്തള്ളി റിങ്കു ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അതിനിടെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരിക്കുകയണ്. ടോസ് പോലും നടത്താന്‍ സാധിക്കാതെയാണ് മല്‍സരം വേണ്ടന്നു വച്ചത്.
റുതുരാജിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ടു ഫോര്‍മാറ്റുകളിലും ഇതിനകം കളിച്ചു കഴിഞ്ഞു. ടി20യില്‍ 19 മല്‍സരങ്ങളില്‍ നിന്നും 35.71 ശരാശരിയില്‍ 140.06 സ്‌ട്രൈക്ക് റേറ്റോടെ 500 റണ്‍സാണ് സമ്പാദ്യം. 49 ഫോറുകളിും 20 സിക്‌സറുകളും താരം പായിക്കുകയും ചെയ്തു.
ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു റുതുരാജ് കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയത്. 123 റണ്‍സായിരുന്നു താരം നേടിയത്. പരമ്പരയില്‍ ഏറ്റവുമധികം റണ്ണെടുത്തതും റുതുരാജായിരുന്നു.