ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായി ആരാവും വരുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. ടി20യില്‍ സൂര്യകുമാര്‍ യാദവ് നായകസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും രോഹിത് ശര്‍മയ്ക്കു ശേഷം ഒരു സ്ഥിരം ക്യാപ്റ്റനെ ഇന്ത്യക്കു ആവശ്യമാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ രോഹിത്തിനു ശേഷം നായകനായി ആര് എന്നതാണ് സെലക്ടര്‍മാര്‍ക്കും മുന്നിലുള്ള പ്രധാന ചോദ്യം.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെയെല്ലാം പേരുകള്‍ നായകസ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നുണ്ട്. അതിനിടെ യുവതാരം യശസ്വി ജയ്‌സ്വാളിനെയും പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പക്ഷെ ഇവര്‍ ആരുമല്ല, പകരം സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ അടുത്ത നായകസ്ഥാനത്തേക്കു ഏറ്റവും മികച്ച ഓപ്ഷന്‍. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

മികച്ച റെക്കോര്‍ഡ്
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയിലുള്ള കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയാണ് ഇതിന്റെ കാരണം. അവസാനമായി നയിച്ച 12 മല്‍സരങ്ങളില്‍ 11ലും ഇന്ത്യക്കു വിജയം സമ്മാനിക്കാന്‍ രാഹുലിനായിട്ടുണ്ട്. ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു തോല്‍വി നേരിട്ടത്.
ക്യാപ്റ്റന്റെ റോളില്‍ ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തെ വീണ്ടും നായകസ്ഥാനത്തേക്കു സെലക്ടര്‍മാര്‍ പരിഗണിക്കാതിരിക്കുന്നത് വലിയ ആശ്ചര്യം തന്നെയാണ്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഇപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി മറ്റാരേക്കാള്‍ അര്‍ഹിക്കുന്നതും അദ്ദേഹമാണ്. പക്ഷെ രാഹുലിനെ കണ്ടില്ലെന്നു നടിച്ചാണ് മറ്റു പലരെയും സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്.
ക്യാപ്റ്റന്‍ കൂള്‍
രോഹിത് ശര്‍മയെപ്പോലെ കളിക്കളത്തില്‍ വളരെ കൂളായിട്ടുള്ള ക്യാപ്റ്റനാണ് കെഎല്‍ രാഹുലെന്നതാണ് രണ്ടാമത്തെ കാരണം. സമീപകാലത്തു രോഹിത് പലപ്പോഴും ക്ഷുഭിതനായി കാണപ്പെട്ടിട്ടുണ്ടെങ്കിലും രാഹുലിനെ നമുക്കു ഒരിക്കലും അങ്ങനെ കാണാനാവില്ല. അമിത ആഹ്ലാദപ്രകടനമോ, പ്രകോപനപരമായ പെരുമാറ്റമോ ഒന്നും തന്നെ രാഹുലില്‍ നിന്നും നമുക്കു കാണാന്‍ സാധിക്കില്ല.
ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ ഇങ്ങനെയൊരാളെയാണ് ഇന്ത്യക്കു ആവശ്യം. ഏതു തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് രാഹുല്‍ കാണപ്പെടാറുള്ളത്. ഈ കഴിവ് ടീമിനെ ഒറ്റക്കെട്ടായി മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തെ സഹായിക്കും.
ഇരട്ടറോള്‍
ഇന്ത്യന്‍ ടീമിനായി ഇരട്ട റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നതാണ് കെഎല്‍ രാഹുലിനെ സ്‌പെഷ്യലാക്കുന്ന മറ്റൊരു കാരണം. ക്യാപ്റ്റന്‍സിക്കൊപ്പം ടീമിന്റെ വിക്കറ്റ് കീപ്പിങ് റോളും ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. അങ്ങനെ വന്നാല്‍ പ്ലെയിങ് ഇലവനിലേക്കു ഒരു അധിക ബാറ്ററെയോ, ബൗളറെയോ ഇന്ത്യക്കു കൊണ്ടു വരികയും ചെയ്യാം.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
വിക്കറ്റിനു പിന്നില്‍ രാഹുല്‍ തന്റെ മിടുക്ക് ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. 2023ലെ ഏകദിന ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹമാണ് വിക്കറ്റ് കാത്തത്. അഞ്ചാം നമ്പറില്‍ ബാറ്റിങില്‍ കസറുന്നതിനൊപ്പം വിക്കറ്റ് കീപ്പിങിലും രാഹുല്‍ കൈയടി നേടി. പലപ്പോഴും റിവ്യു എടുക്കുന്നതില്‍ നായകന്‍ രോഹിത് ശര്‍മയെ സഹായിച്ചതും അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു. ഇതു കാരണം റിവ്യു പാഴാക്കാതിരിക്കാനും ഇന്ത്യക്കായിരുന്നു.

സഞ്ജുവിനും ഗുണം ചെയ്യും
കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ അതു മലയാളി താരം സഞ്ജു സാംസണിനും ഏറെ ഗുണം ചെയ്യുമെന്നതാണ് മറ്റൊരു കാരണം. സഞ്ജുവിനെ എല്ലായ്‌പ്പോഴും പിന്തുണയും അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള ക്യാപ്റ്റനാണ് അദ്ദേഹം.
ഏകദിന ക്രിക്കറ്റില്‍ സഞ്ജു കന്നി സെഞ്ച്വറി കുറിച്ചത് രാഹുലിന്റെ ക്യാപ്റ്റന്‍സിയിലാണ്. 2023ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്നു അവസാന മാച്ചില്‍ സൗത്താഫ്രിക്കയെ തകര്‍ത്ത് രാഹുലിനു കീഴില്‍ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സഞ്ജുവായിരുന്നു ഹീറോ.
അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റും ഈ പ്രകടനമാണ്. അതിനു ശേഷമാണ് സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് സെലക്ടര്‍മാര്‍ കൂടുതല്‍ ഗൗരവമായി എടുക്കുകയും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതത്. അതിനാല്‍ തന്നെ ഏകദിനത്തിലും ടെസ്റ്റിലും രാഹുല്‍ അടുത്ത ക്യാപ്റ്റനായി വരികയാണെങ്കില്‍ സഞ്ജുവിനു അവസരങ്ങളും പ്രതീക്ഷിക്കാം.