മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ്. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടേയും വിധി തീരുമാനിക്കുന്ന ലോകകപ്പായിരിക്കും വരാനിരിക്കുന്നത്. രോഹിത് ശര്‍മയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റനാവാന്‍ സാധ്യത. ടി20 ലോകകപ്പിലെ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കും.
ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യന്‍ ടി20 11 എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറുമെന്നുറപ്പാണ്. വലിയ ഭാവി പ്രതീക്ഷിക്കുന്ന കൂടുതല്‍ യുവതാരങ്ങളെ ഇന്ത്യ ടി20 ടീമിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ബെസ്റ്റ് ടി20 11 പരിശോധിക്കാം. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദും യശ്വസി ജയ്‌സ്വാളും ഉണ്ടാവും.
റുതുരാജ് സിഎസ്‌കെയുടെ അടുത്ത നായകനായി വളരാന്‍ സാധ്യതയുള്ള താരമാണ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള റുതുരാജിന് ഇന്ത്യയുടെ ടി20 ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ജയ്‌സ്വാള്‍ ഓപ്പണറെന്ന നിലയില്‍ ഇതിനോടകം മികവ് തെളിയിച്ച താരമാണ്. ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും വലിയ പ്രതീക്ഷവെക്കുന്ന ഓപ്പണറാണ് ജയ്‌സ്വാള്‍. ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ കൊണ്ടുവരും. വിരാട് കോലി ടി20 ലോകകപ്പ് കളിക്കുമോയെന്നത് പോലും സംശയമാണ്.
ടി20 ലോകകപ്പിന് ശേഷം കോലി ഇന്ത്യയുടെ ടി20 ടീമില്‍ ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. ആ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിനെ വളര്‍ത്തും. നാലാം നമ്പറില്‍ ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് തുടര്‍ന്നേക്കും. നിലവില്‍ ടി20യില്‍ മാത്രം കസറുന്ന സൂര്യക്ക് മൂന്ന് നാല് വര്‍ഷമെങ്കിലും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ കസറാന്‍ സാധിച്ചേക്കും. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ള സൂര്യ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്.

അഞ്ചാം നമ്പറില്‍ നായകനായി ഹാര്‍ദിക് പാണ്ഡ്യയാവും കളിക്കുക. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ ഹാര്‍ദിക്കിനെ തഴഞ്ഞ് രോഹിത് ശര്‍മയെ നായകനാക്കി മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഓള്‍റൗണ്ടറെന്ന നിലയിലും നായകനെന്ന നിലയിലും ഹാര്‍ദിക്കിന്റെ സേവനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. നാല്, അഞ്ച് വര്‍ഷമെങ്കിലും നായകനായി മുന്നോട്ട് പോകാന്‍ ഹാര്‍ദിക്കിനായേക്കും.
ആറാം നമ്പറില്‍ റിങ്കു സിങ്ങാണുണ്ടാവുക. എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് വിശ്വസ്തനായി മാറിയ ഫിനിഷറാണ് റിങ്കു സിങ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മത്സരം വിജയത്തിലേക്കെത്തിക്കാനും സവിശേഷമായ കഴിവാണ് റിങ്കുവിനുള്ളത്. തല്ലിത്തകര്‍ക്കുന്ന റിങ്കു സമ്മര്‍ദ്ദ ഘട്ടത്തിലും തിളങ്ങാന്‍ കരുത്തുള്ള ബാറ്റ്‌സ്മാനാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമായി ടീമില്‍ റിങ്കു സിങ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാകില്ല. പകരം വാഷിങ്ടണ്‍ സുന്ദറാവും ഉണ്ടാവുക. ഇന്ത്യ ടി20യിലേക്ക് വേണ്ടവിധം പരിഗണിക്കാത്ത താരമാണ് സുന്ദര്‍. അക്ഷര്‍ പട്ടേലിനേയും പരിഗണിച്ചേക്കും. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ദീപക് ചഹാര്‍ ഉണ്ടാവും. മീഡിയം പേസറും സ്വിങ് ചെയ്യിക്കാന്‍ മിടുക്കനുമായ ദീപക് ചഹാര്‍ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം വലിയ ഭാവി ദീപക്കിനുണ്ടായിരുന്നു.
എന്നാല്‍ ഇടക്കിടെ പരിക്കേറ്റതാണ് താരത്തെ പിന്നോട്ടടിച്ചത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ദീപക് ചഹാര്‍ ഉണ്ടാവുമെന്നുറപ്പ്. ഒമ്പതാം നമ്പറില്‍ മുഹമ്മദ് സിറാജുണ്ടാവും. ഇന്ത്യയുടെ സീനിയര്‍ പേസറായി സിറാജ് സ്ഥാനം നേടിയേക്കും. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയുണ്ടാകില്ല. ജോലി ഭാരം നിയന്ത്രിക്കാന്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് ബുംറ വിട്ടുനിന്നേക്കുമെന്നാണ് വിവരം. അര്‍ഷ്ദീപ് സിങ് പ്ലേയിങ് 11ലുണ്ടാവും. 11ാമനായി രവി ബിഷ്‌നോയിയാവും ഇടം നേടുക.