T20 World Cup: സ്റ്റോക്‌സില്ലാതെ ഇംഗ്ലീഷ് ടീം, 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു
ലണ്ടന്‍: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സില്ലാതെ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിനെ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ ഒയ്ന്‍ മോര്‍ഗനാണ് ഇംഗ്ലീഷ് ടീമിനെ നയിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം പേസര്‍ ടൈല്‍ മില്‍സിനെ തിരിച്ചുവിളിച്ചതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. 2017 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് മില്‍സ് ദേശീയ ടീമിലേക്കു വന്നത്.
അടുത്തിടെ നടന്ന വിറ്റാലിറ്റി ട20 ബ്ലാസ്റ്റില്‍ എസെക്‌സിനായി നടത്തിയ മികച്ച പ്രകടനമാണ് മില്‍സിനു ദേശീയ ടീമിലേക്കു വീണ്ടും വഴി തുറന്നത്. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. കൂടാതെ ദി ഹണ്ട്രഡിന്റെ പ്രഥമ സീസണില്‍ സതേണ്‍ ബ്രേവിനു വേണ്ടിയും മില്‍സ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു. സതേണ്‍ ബ്രേവ് തന്നെയായിരുന്നു ടൂര്‍ണമെന്റില്‍ ജേതാക്കളായത്.

സ്റ്റാക്‌സ് വിട്ടുനില്‍ക്കുന്നു
മാനസികസമ്മര്‍ദ്ദം കാരണം ക്രിക്കറ്റില്‍ നിന്നും അനിശ്ചിത കാലത്തേക്കു മാറിനില്‍ക്കുന്നതിനാലാണ് സ്റ്റോക്‌സിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാതിരുന്നത്. ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കളിക്കുന്നില്ല. സ്റ്റോക്‌സിന്റെ അഭാവം ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയായി മാറിയേക്കും. 2019ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുന്നതില്‍ സ്റ്റോക്‌സ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഒരു തവണ ജേതാക്കള്‍
ഒരു തവണ ടി20 ലോകകപ്പില്‍ ജേതാക്കളായിട്ടുള്ള ഇംഗ്ലണ്ട് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് യുഎഇയിലേക്കു വരുന്നത്. സൂപ്പര്‍ 12ലേക്കു ഇംഗ്ലീഷ് ടീം നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. മരണഗ്രൂപ്പിലാണ് അവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഒന്നിലാണ് ഇവരുടെ സ്ഥാനം. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ ഈ ഗ്രൂപ്പിലാണ്. കൂടാതെ യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിന്റെ ഭാഗമാവും.
യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി നാലു മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. പാകിസ്താനെതിരായ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഇതിലുള്‍പ്പെടുന്നു. പാകിസ്താനിലെ റാവല്‍പിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് രണ്ടു മല്‍സരങ്ങളും നടക്കുന്നത്. ഒക്ടോബര്‍ 14, 15 തിയ്യതികളിലായിരിക്കും ഇത്.

മികച്ച ടീമെന്നു കോച്ച്
ഇംഗ്ലീഷ് ടീം വലിയ ആവേശത്തോടെയാണ് ടി20 ലോകകപ്പിലെ വെല്ലുവിളിക്കായി കാത്തിരിക്കുന്നതെന്നു കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. എല്ലാ മേഖലകളും ചെയ്ത ടീമിനെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകത്തിലെ മികച്ച താരങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ വിജയം കൊയ്യാനുള്ള മികവ് ഈ ടീമിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൈല്‍ മില്‍സ് ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും അടുത്തിടെ നടന്ന വിറ്റാലിറ്റി ബ്ലാസ്റ്റ്, ദി ഹണ്ട്രഡ് എന്നിവയിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഉയര്‍ന്ന തലത്തില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവ് മില്‍സിനുണ്ട്. അസാധാരണമായ വേഗമാണ് അദ്ദേഹത്തിന്റേത്. സസെക്‌സ്, സതേണ്‍ ബ്രേവ് ടീമുകളുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ മില്‍സിനു കഴിഞ്ഞു. വലിയ മല്‍സരങ്ങിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ തനിക്കാവുമെന്നു കൂടിയാണ് അദ്ദേഹം തൈളിയിച്ചുകൊണ്ടിരിക്കുന്നതെന്നും സില്‍വര്‍വുഡ് വിലയിരുത്തി.

ഇംഗ്ലണ്ട് ലോകകപ്പ് ടീം
ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ടൈല്‍ മില്‍സ്, ആദില്‍ റഷീദ്, ജാസണ്‍ റോയ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.
റിസര്‍വ് താരങ്ങള്‍- ടോം കറെന്‍, ലിയാം ലോസണ്‍, ജെയിംസ് വിന്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications