കൊച്ചി: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരവും ആരാധകരുടെ ഫേവറിറ്റുമായ സഞ്ജു സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. ടീം ഇന്ത്യയില്‍ തുടര്‍ച്ചയായി തഴയപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ ക്ഷീണം കേരള ജഴ്‌സിയില്‍ തകര്‍ത്തു കളിച്ച് തീര്‍ക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം. കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത് യുവ അറ്റാക്കിങ് ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലിനെയാണ്. എം വെങ്കട്ടരമണയാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.
മൂന്നു വലിയ ടൂര്‍ണമെന്റുകളിലാണ് സമീപകാലത്തു സഞ്ജു ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ടത്. ഇതിനെതിരേ വലിയ ആരാധക രോഷവുമുണ്ടായിരുന്നു. കൂടാതെ പല മുന്‍ താരങ്ങളും സഞ്ജുവിന്റെ അഭാവത്തെ ചോദ്യം ചെയ്ത് രംഗത്തു വരികയും ചെയ്തിരുന്നു. ചൈനയിലെ ഗ്വാങ്ഷുവില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നാണ് സഞ്ജു ആദ്യം ഒഴിവാക്കപ്പെട്ടത്.

കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഷ്യ കപ്പ്, ലോകകപ്പ് എന്നിവയിലേക്കു ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യ കണ്ടുവച്ചത് സഞ്ജുവിനെയായിരുന്നു. ഈ കാരണത്താലാണ് ഏഷ്യാഡില്‍ അദ്ദേഹത്തിനു ഇടം ലഭിക്കാതെ പോയതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഗെയിംസില്‍ സ്ഥാനം നഷ്ടമായെങ്കിലും ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ സഞ്ജുവിനു ഇടം ലഭിക്കുമെന്ന് ആരാധകരും സ്വപ്‌നം കണ്ടു.
പക്ഷെ ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിന് ഇടമില്ലായിരുന്നു. 18ാമനായി ട്രാവലിങ് റിസര്‍വായാണ് താരത്തെ പരിഗണിച്ചത്. ടൂര്‍ണമെന്റിനായി അദ്ദേഹം ടീമിനൊപ്പം ശ്രീലങ്കയിലെത്തിയെങ്കിലും പ്രധാന ടീമില്‍ സ്ഥാനം ലഭിച്ചില്ല.
സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു തൊട്ടുമുമ്പ് രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു 15 അംഗ ലോകകകപ്പ് ടീമിന്റെ പ്രഖ്യാപനം. ഈ ടീമിലും സഞ്ജുവിനു ഇടമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് അദ്ദേഹം മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലന ക്യാംപിനൊപ്പം ചേര്‍ന്നത്. ഇപ്പോള്‍ സഞ്ജുവിനെ നായകനാക്കി കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ സംബന്ധിച്ച് അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും ഇത്.

റണ്‍സ് വാരിക്കൂട്ടിയാല്‍ ലോകകപ്പിനു പിന്നാലെ അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലേക്കു സഞ്ജുവിനു വിളിയെത്തും. അഞ്ചു ടി20കളിലാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടുക. ഒരു മല്‍സരത്തിനു തിരുവനന്തപുരവും വേദിയാവുന്നുണ്ട്. ലോകകപ്പ് ടീമിലെ പല താരങ്ങള്‍ക്കും ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്.
അതേസമയം, മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ എതിരാളികള്‍ ഹിമാചല്‍ പ്രദേശാണ്. ഈ മാസം 16നാണ് മുംബൈയില്‍ വച്ച് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. അടുത്ത മാസം 23നാണ് ഫൈനല്‍. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും ജിയോ സിനിമയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.
കേരള ടീം
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണി വിനോദ്, അബ്ദുള്‍ ബാസിത്ത്, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, കെഎം ആസിഫ്, വിനോദ് കുമാര്‍, മനു കൃഷ്ണന്‍, വരുണ്‍ നായനാര്‍, അജ്‌നാസ്, മിഥുന്‍, സല്‍മാന്‍ നിസാര്‍.