ഐപിഎല്‍: ചാംപ്യന്‍മാര്‍ക്ക് വിധി ദിനം... തോറ്റാല്‍ പുറത്തേക്ക്, മുന്നേറാന്‍ പഞ്ചാബ്

ഇന്‍ഡോര്‍: നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ചരാത്രി ഒരു തീരുമാനമാവും. ഇനിയൊരു തോല്‍വി എല്ലാ പ്രതീക്ഷകളും തകര്‍ക്കുമെന്നതിനാല്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി മികച്ച ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബുമായി മുംബൈ ഏറ്റുമുട്ടും. പഞ്ചാബിന്റെ തട്ടകത്തില്‍ രാത്രി എട്ടു മണിക്കാണ് മല്‍സരം.
എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ആറുതോല്‍വിയുമടക്കം നാലു പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള ആറു മല്‍സരങ്ങളിലും ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുംബൈക്കു ആദ്യ നാലുസ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തേല്‍വിയുമടക്കം 10 പോയിന്റോടെ നാലാം സ്ഥാനത്തു നില്‍ക്കുന്ന പഞ്ചാബ് ജയത്തോടെ നില മെച്ചപ്പെടുത്താനുറച്ചാണ് ഹോംഗ്രൗണ്ടില്‍ ഇറങ്ങുന്നത്.

ഈ സീസണില്‍ ഇതാദ്യം
മുംബൈയും പഞ്ചാബും തമ്മില്‍ സീസണില്‍ ആദ്യമായി മുഖാമുഖം വരുന്ന മല്‍സരം കൂടിയാണിത്. ഒരാഴ്ചത്തെ വിശ്രമം കഴിഞ്ഞ് പുതു ഊര്‍ജവുമായാണ് പഞ്ചാബ് വീണ്ടും ഇറങ്ങുന്നത്. നീണ്ട ഒരു ഇടവേള താരങ്ങളുടെ പ്രകടനങ്ങളെ ബാധിക്കാതിരുന്നാല്‍ പഞ്ചാബിനെ പിടിച്ചു നിര്‍ത്തുക മുംബൈക്കു ദുഷ്‌കരമാവും.
ആര്‍ അശ്വിന്റെ ക്യാപ്റ്റന്‍സിയില്‍ മിന്നുന്ന പ്രകടനമാണ് ഈ സീസണില്‍ പഞ്ചാബ് കാഴ്ചവയ്ക്കുന്നത്. ഹോംഗ്രൗണ്ടില്‍ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ ചാംപ്യന്‍മാരെ ക്ഷണിക്കുന്നത്.

മുംബൈക്ക് ജീവന്‍മരണ പോരാട്ടം
ചാംപ്യന്‍മാരായി പുതിയ സീസണില്‍ ഇറങ്ങിയ മുംബൈ പ്ലേഓഫില്‍ പോലുമെത്താതെ പുറത്താവുമെന്ന നാണക്കേടിന് അരികിലാണ്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് മുംബൈക്കു ജയിക്കാനായത്. ചെന്നൈ സൂപ്പര്‍കിങ്‌സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും എതിരേയായിരുന്നു ഈ ജയങ്ങള്‍. ഇനിയുള്ള ആറു മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും മുംബൈയെ തുണയ്ക്കില്ല. അതുകൊണ്ടു തന്നെ കൈമെയ് മറന്നുള്ള പോരാട്ടത്തിന് കച്ചമുറുക്കിയാണ് ചാംപ്യന്‍മാരുടെ വരവ്.

ഗെയിലാട്ടം പ്രതീക്ഷിച്ച് പഞ്ചാബ്
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ ഫോമിലാണ് പഞ്ചാബിന്റെ പ്രതീക്ഷകള്‍. ഈ സീസണില്‍ പഞ്ചാബ് ഇതുവരെ നേടിയ സ്‌കോറില്‍ 40 ശതമാനവും സംഭാവന ചെയ്തത് ഗെയ്‌ലാണ്. ഗെയ്‌ലിനെ കൂടാതെ ഓപ്പണിങ് പങ്കാളിയും വിക്കറ്റ് കീപ്പറുമായ ലോകേഷ് രാഹുലാണ് ടീമിന്റെ മറ്റൊരു തുറുപ്പുചീട്ട്. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 170.70ഉം ഗെയ്‌ലിന്റേത് 161.53മാണ്.
ഇവരിലൊരാള്‍ ഫോമിലേക്കുയര്‍ന്നാല്‍ മുംബൈക്കെതിരേ മികച്ച സ്‌കോറിലെത്താന്‍ പഞ്ചാബിനാവും. അതുകൊണ്ടു തന്നെ ഇരുവരെയും തുടക്കത്തില്‍ പുറത്താക്കുകയെന്നതു മാത്രമാണ് മുംബൈക്കു മുന്നിലുള്ള ഏക മാര്‍ഗം.

ഹിറ്റ്മാന്‍ രക്ഷിക്കുമോ?
തോല്‍വിയുടെ വക്കില്‍ നിന്നും നിരവധി തവണ രക്ഷകനായി അവതരിച്ചിട്ടുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും അത്തരമൊരു മാജിക്കാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏതു മല്‍സരവിധിയും ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ മിടുക്കുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അദ്ദേഹം.
ബാറ്റിങില്‍ ഓപ്പണര്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ മറ്റൊരു പ്രതീക്ഷ. മിക്ക മല്‍സരങ്ങളിലും നന്നായി തുടങ്ങുന്ന യാദവിന് ഇവ പക്ഷെ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിയാത്തതാണ് മുംബൈക്കു തിരിച്ചടിയാവുന്നത്.

കണക്കുകളില്‍ ഒപ്പത്തിനൊപ്പം
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മുംബൈക്കും പഞ്ചാബിനും തുല്യവിജയ സാധ്യതയാണുള്ളത്. ഇതുവരെ 20 മല്‍സരങ്ങളിലാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 10 മല്‍സരങ്ങളില്‍ വീതം ഇരുടീമും വിജയം പങ്കിട്ടെടുക്കുകയായിരുന്നു.
അതുകൊണ്ടു തന്നെ വെള്ളിയാഴ്ച രാത്രി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ആര്‍ക്കാണ് വിജയസാധ്യതയെന്നു പ്രവചിക്കുക അസാധ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications