
ഏഴില്‍ അഞ്ചും മുംബൈ താരങ്ങള്‍
ഇന്ത്യ വിജയിച്ച അവസാനത്തെ ഏഴു ടി20 മല്‍സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ മുംബൈയുടെ സമ്പൂര്‍ണ ആധിപത്യം തന്നെ നമുക്ക് കാണാന്‍ കഴിയും. ഏഴില്‍ അഞ്ചും മുംബൈ ടീമിലെ താരങ്ങളാണെന്നാണ് ആശ്ചര്യകരം. അങ്ങനെ വരുമ്പോള്‍ വോനിന്റെ അഭിപ്രായത്തില്‍ കഴമ്പുണ്ടെന്നു തന്നെ നമുക്ക് വ്യക്തമാവും.
ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായ പലരും ഐപിഎല്ലില്‍ മുംബൈയ്ക്കായി കളിക്കുന്നവരാണ്. പക്ഷെ ഇതിനേക്കാള്‍ ശരി ഐപിഎല്ലില്‍ മുംബൈയ്ക്കായി മിന്നിയവരില്‍ പലരും ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമാണെന്നതാണ്.

സൂര്യകുമാര്‍ അവസാനത്തെ താരം
ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യ ജയിച്ച രണ്ടു മല്‍സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായത് മുംബൈ താരങ്ങളാണ്. രണ്ടാം ടി20യില്‍ അരങ്ങേറ്റക്കാരന്‍ കൂടിയായ ഇഷാന്‍ കിഷനായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. നാലാമത്തെ മല്‍സരത്തിലാവട്ടെ മറ്റൊരു മുംബൈ താരം സൂര്യകുമാര്‍ യാദവും മാന്‍ ഓഫ് ദി മാച്ചായി മാറി.
ഈ പരമ്പരയ്ക്കു മുമ്പ് ഇന്ത്യ ജയിച്ച അഞ്ചു ടി20കള്‍ നോക്കിയാല്‍ മാന്‍ ഓഫ് ദി മാച്ചായിട്ടുള്ളത് ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, രോഹിത് ശര്‍മ എന്നിവരാണ്. ഇവരില്‍ മൂന്നു പേര്‍ മുംബൈയുടെ താരങ്ങളാണ്.

നാലാംടി20യിലും നിര്‍ണായകമായി
ഇന്ത്യ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത നാലാം ടി20യില്‍ മുംബൈയുടെ നാലു താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റിങില്‍ സൂര്യകുമാറും ബൗളിങില്‍ ഹാര്‍ദിക്കുമായിരുന്നു ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കരിയറിലെ കന്നി ഇന്നിങ്‌സ് കളിച്ച സൂര്യ 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് അടിച്ചെടുത്തു. ഹാര്‍ദിക്കാവട്ടെ നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും നേടി.
ഹാര്‍ദിക്കിനെക്കൂടാതെ മുംബൈ സ്പിന്നര്‍ രാഹുല്‍ ചഹറും രണ്ടു വിക്കറ്റോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളില്‍ നായകന്‍ വിരാട് കോലി പുറത്തുപോയപ്പോള്‍ ഇന്ത്യയെ നയിച്ചത് മുംബൈ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയായിരുന്നു. രോഹിത്തിന്റെ തന്ത്രങ്ങളാണ് ഒരു ഘട്ടത്തില്‍ വഴുതിപ്പോവുമായിരുന്ന മല്‍സരത്തില്‍ ഇന്ത്യയെ രക്ഷിച്ചത്.


Click it and Unblock the Notifications