
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് ഭീഷണിയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ പടയൊരുക്കത്തിന് എത്തി. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീമംഗങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് കുടുംബാംഗങ്ങളോടൊപ്പം യുഎഇയിലെത്തിയത്. ശനിയാഴ്ച രാവിലെ മാഞ്ചസ്റ്ററില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവര്‍ അബുദാബിയില്‍ ലാന്‍ഡ് ചെയ്തത്.
ബിസിസിഐയുടെ പെരുമാറ്റച്ചട്ട പ്രകാരം താരങ്ങള്‍ ഇനി ആറു ദിവസം ക്വാറന്റീനില്‍ കഴിയും. അതിനു ശേഷമാണ് ഐപിഎല്‍ ബയോ ബബ്‌ളില്‍ പ്രവേശിക്കുക. യുഎഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് നടത്തിയ കൊവിഡ് ടെസ്റ്റില്‍ രോഹിത്, ബുംറ, സൂര്യ എന്നിവരുടെ ഫലം നെഗറ്റീവായിരുന്നു. കൂടാതെ യുഎഇയിലെത്തിയ ശേഷം നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനാഫലവും നെഗറ്റീവാണെന്നു മുംബൈ ഇന്ത്യന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നേരത്തേ വെള്ളിയാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കാനിരുന്ന അഞ്ചാം ടെസ്റ്റാണ് റദ്ദാക്കപ്പെട്ടത്. തലേദിവസം നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായിരുന്നു. പക്ഷെ അഞ്ചാം ടെസ്റ്റില്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ കളിക്കാന്‍ കഴിയൂവെന്ന് താരങ്ങള്‍ ബിസിസിഐയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്നു ബിസിസിഐയും ഇസിബിയും തമ്മില്‍ ഒരുപാട് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്നാണ് ടെസ്റ്റിന്റെ ടോസിനു രണ്ടു മണിക്കൂര്‍ മാത്രം മുമ്പ് മല്‍സരം റദ്ദാക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തിയത്. ഈ മല്‍സരം പിന്നീട് നടത്താനുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ബോര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പരമ്പര വിജയികളെ ഇനിയും തീരുമാനിച്ചിട്ടില്ല. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.
സിഎസ്‌കെ, ആര്‍സിബി, പഞ്ചാബ് താരങ്ങള്‍ ഇന്നു യാത്രതിരിക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളുടെ താരങ്ങള്‍ ഇന്നു രാത്രി യുകെയില്‍ നിന്നും യുഎഇയിലേക്കു പറക്കും. ഇന്ത്യന്‍ താരങ്ങളോടൊപ്പം ചില ഇംഗ്ലീഷ് കൡക്കാരും സംഘത്തിലുണ്ടാവും. താരങ്ങളെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം സംഘടിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രമിച്ചെങ്കിലും അതു സാധിക്കാതെ വന്നതോടെ കമേഷ്യല്‍ ഫ്‌ളൈറ്റില്‍ തന്നെ യുഎഇയിലേക്കു തിരിക്കാന്‍ താരങ്ങള്‍ക്കു അവസരമൊരുക്കുകയായിരുന്നു. രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് സിഎസ്‌കെയുടെ ഇന്ത്യന്‍ താരങ്ങള്‍. ഫ്രാഞ്ചൈസിയിലെ സഹതാരങ്ങളായ ഇംഗ്ലണ്ടിന്റെ സാം കറെന്‍, മോയിന്‍ അലി എന്നിവരും ഇവരോടൊപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് കിങ്‌സിന്റെ കെഎല്‍ ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി എന്നിവരും ഇന്നു യാത്ര പുറപ്പെടുന്ന സംഘത്തിലുണ്ടാവും. സിഎസ്‌കെ താരങ്ങളെപ്പോലെ പഞ്ചാബ് കളിക്കാരും കുടുംബാംഗങ്ങളോടൊപ്പം കമേഷ്യല്‍ ഫ്‌ളൈറ്റിലാണ് യുഎഇയിലേക്കു പറക്കുക. ഇന്ത്യന്‍ ക്യാപ്റ്റനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോലി, മുഹമ്മദ് സിറാജും ഇന്നു തന്നെ ഇംഗ്ലണ്ട് വിടുമെന്നാണ് റിപ്പോര്‍ട്ട്.