ഐപിഎല്‍: ചാംപ്യന്‍സ് ഡാ... പഞ്ചാബിനെ പൊളിച്ചടുക്കി മുംബൈയുടെ രാജകീയ തിരിച്ചുവരവ്, മിന്നും ജയം

ഇന്‍ഡോര്‍: തോറ്റാല്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കുള്ള വാതില്‍ അടയുമെന്ന സാഹചര്യത്തില്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മികച്ച ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അവരുടെ മൈതാനത്ത് തരിപ്പണമാക്കി രാജകീയ തിരിച്ചുവരവാണ് മുംബൈ നടത്തിയിരിക്കുന്നത്.
ആദ്യം ബൗളിങില്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കിയ മുംബൈ പിന്നീട് ബാറ്റിങിലും അവസാന അഞ്ചോവറില്‍ പഞ്ചാബിനെ നിലം തൊടീക്കാതെ അടിച്ചുപറത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ പഞ്ചാബ് ആറു വിക്കറ്റിന് 174 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങില്‍ 15 ഓവര്‍ കഴിഞ്ഞപ്പോള്‍ കളി പഞ്ചാബിന് അനുകൂലമായി നീങ്ങുന്നുവെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ അവസാന അഞ്ചോവറില്‍ മുംബൈ ചാംപ്യന്‍മാരുടെ തനിനിറം പുറത്തെടുത്തപ്പോള്‍ പഞ്ചാബ് പത്തിമടക്കുകയായിരുന്നു. ഒരോവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്.

ടോപ്‌സ്‌കോററായി യാദവ്
57 റണ്‍സെടുത്ത ഓപ്പണര്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ബാറ്റിങിന് ദൃഡത നല്‍കിയത്. 42 പന്തുകളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു യാദവിന്റെ ഇന്നിങ്‌സ്.മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു തന്നെയാണ്.
ഇഷാന്‍ കിഷന്‍ (25), ഹര്‍ദിക് പാണ്ഡ്യ (23) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും കളിയുടെ നിര്‍ണായക ഘട്ടത്തില്‍ വച്ച് പുറത്താവുകയായിരുന്നു. വിന്‍ഡീസ് താരം എവിന്‍ ലൂയിസിനും (10) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

വഴിത്തിരിവായത് രോഹിത്-ക്രുനാല്‍ കൂട്ടുകെട്ട്
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ് വഴുതിപ്പോയെന്നു കരുതിയ ജയം മുംബൈയുടെ കൈകളില്‍ ഭദ്രമാക്കിയത്. 16ാം ഓവറിലെ മൂന്നാം പന്തില്‍ ഹര്‍ദിക് പുറത്താവുമ്പോള്‍ മുംബൈക്കു ജയിക്കാന്‍ 28 പന്തില്‍ 55 റണ്‍സ് വേണമായിരുന്നു.
രോഹിത്തും ക്രുനാലും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പഞ്ചാബിന്റെ ബൗളിങ് നിരയെ തല്ലിത്തകര്‍ത്ത് ഒരോവര്‍ ബാക്കിനില്‍ക്കെ ഇരുവരും ടീമിനെ ജയത്തിലെത്തിച്ചു. മാര്‍ക്ക് സ്റ്റോണിസിന്റെ 18ാം ഓവറില്‍ 20 റണ്‍സാണ് മുംബൈ വാരിക്കൂട്ടിയത്. രോഹിത്ത് 15 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വെറും 12 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ക്രുനാല്‍ 31 റണ്‍സ് വാരിക്കൂട്ടി.

പഞ്ചാബിനെ പിടിച്ചുകെട്ടി
പഞ്ചാബിന്റെ ശക്തമായ ബാറ്റിങ്‌നിരയെ മികച്ച ബൗളിങിലൂടെയാണ് മുംബൈ പിടിച്ചുനിര്‍ത്തിയത്. മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും പഞ്ചാബിനെ കയറൂരി വിടാന്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അനുവദിച്ചില്ല.
ഇതിഹാസതാരം ക്രിസ് ഗെയ്‌ലിന്റെ (50) അര്‍ധധസെഞ്ച്വറിയാണ് പഞ്ചാബിന്റെ ഇന്നിങ്‌സിനു കരുത്തായത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേഗം കുറഞ്ഞതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. 50 റണ്‍സെടുക്കാന്‍ ഗെയ്‌ലിന് 40 പന്ത് വേണ്ടി വന്നു. ആറു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നാലാം തവണയാണ് ഗെയ്ല്‍ 50 റണ്‍സ് തികയ്ക്കുന്നത്.

സ്റ്റോണിസിന്റെ വെടിക്കെട്ട്
ഓപ്പണര്‍ ലോകേഷ് രാഹുല്‍ 24 റണ്‍സിന് പുറത്തായി. 20 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് രാഹുല്‍ 24 റണ്‍സ് നേടിയത്. മറുനാടന്‍ മലയാൡതാരം കരുണ്‍ നായരാണ് (23) പഞ്ചാബ് നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടങ്ങിയതായിരുന്നു കരുണിന്റെ ഇന്നിങ്‌സ്. എന്നാല്‍ പഞ്ചാബിന്റെ സ്‌കോര്‍ 170 കടത്തിയത് മാര്‍ക്കസ് സ്‌റ്റോണിസിന്റെ അവസാന രണ്ടോവറിലെ വെടിക്കെട്ട് ബാറ്റിങാണ്. 15 പന്തില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം സ്റ്റോണിസ് പുറത്താവാതെ 29 റണ്‍സെടുത്തു.
സൂപ്പര്‍ താരം യുവരാജ് സിങ് (14 പന്തില്‍ 14, 1 സിക്‌സര്‍) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ (13), മയാങ്ക് അഗര്‍വാള്‍ (11) എന്നിവരും നിറംമങ്ങി. മുംബൈക്കു വേണ്ടി മിച്ചെല്‍ മക്ലെനഗന്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, മയാങ്ക് മര്‍ക്കാന്‍ഡെ, ബെന്‍ കട്ടിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

പൊള്ളാര്‍ഡില്ലാതെ മുംബൈ
ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങിയത്. ആരോണ്‍ ഫിഞ്ച്, മനോജ് തിവാരി, ബരീന്ദര്‍ സ്രാന്‍ എന്നിവര്‍ക്കു പകരം യുവരാജ് സിങ്, മാര്‍കസ് സ്റ്റോണിസ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. അതേസമയം, മുംബൈ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. കിരോണ്‍ പൊള്ളാര്‍ഡിനു പകരം എവിന്‍ ലൂയിസ് ടീമിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications