ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളും ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ന്നു. സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നറും വെറ്ററന്‍ താരവുമായ ഇമ്രാന്‍ താഹിറാണ് ടി20 ക്യാപ്റ്റനെന്ന നിലയില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ ജേതാക്കളാക്കിയതോടെയാണ് താഹിര്‍ റെക്കോര്‍ഡിട്ടത്.
ടി20യില്‍ കിരീടം സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് താഹിര്‍ സ്വന്തം പേരിലാക്കിയത്. 44ാം വയസ്സിലാണ് നായകനെന്ന നിലയില്‍ അദ്ദേഹം കിരീടം ഏറ്റുവാങ്ങിയത്. നേരത്തേ ഈ റെക്കോര്‍ഡ് ധോണിക്കു അവകാശപ്പെട്ടതായിരുന്നു.

ഈ വര്‍ഷമാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41ാം വയസത്തില്‍ ചാംപ്യന്‍മാരാക്കി ധോണി റെക്കോര്‍ഡിട്ടത്. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം ധോണിയേക്കാള്‍ മൂന്നു വയസ്സിനു മുതിര്‍ന്ന താഹിര്‍ ഈ റെക്കോര്‍ഡ് പഴങ്കഥയാക്കിയിരിക്കുകയാണ്. നാലു തവണ ജേതാക്കളായ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് ടീമിനെ തകര്‍ത്തെറിഞ്ഞാണ് താഹിര്‍ നയിച്ച ആമസോണ്‍ വാരിയേഴ്‌സ് കന്നി കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടത്.
ബൗളിങ് മികവിലായിരുന്നു എതിരാളികളെ വാരിയേഴ്‌സ് കെട്ടുകെട്ടിച്ചത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെ 20 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും താഹിറും കൂട്ടരും അനുവദിച്ചില്ല. കരെണ്‍ പൊള്ളാര്‍ഡ് നയിച്ച നൈറ്റ്‌റൈഡേഴ്‌സിനെ 18.1 ഓവറില്‍ വെറും 94 റണ്‍സിനു വാരിയേഴ്‌സ് എറിഞ്ഞിടുകയായിരുന്നു.
38 റണ്‍സെടുത്ത കീസി കാര്‍ട്ടിയുടെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ 50 റണ്‍സ് പോലും തികയ്ക്കാന്‍ നൈറ്റ്‌റൈഡേഴ്‌സിനു സാധിക്കില്ലായിരുന്നു. വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ പൊള്ളാര്‍ഡ് പൂജ്യത്തിനും ആന്ദ്രെ റസ്സല്‍ എട്ടു റണ്‍സിനും ക്രീസ് വിട്ടു.
നാലു വിക്കറ്റുകള്‍ പിഴുത സൗത്താഫ്രിക്കന്‍ പേസര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസാണ് നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തത്. നാലോവറില്‍ 26 റണ്‍സിനായിരുന്നു അദ്ദേഹം നാലു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത താഹിറും ഗുഡകേഷ് മോട്ടിയും പ്രെട്ടോറിയസിനു മികച്ച പിന്തുണയേകി. മറുപടിയില്‍ 14 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 99 റണ്‍സ് നേടി വാരിയേഴ്‌സ് കിരീടമുയര്‍ത്തുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ 2022ലെ ജേതാക്കളായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയായിരുന്നു ധോണിക്കു കീഴില്‍ സിഎസ്‌കെ വീണ്ടുമൊരു കിരീടം ചൂടിയത്. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും സിഎസ്‌കെ എത്തിയിരുന്നു. ഐപിഎല്ലില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ഭുതപ്പെടുത്തുന്ന റെക്കോര്‍ഡുകള്‍ ക്യാപ്റ്റനെന്ന നിലയില്‍ കുറിക്കാന്‍ ധോണിക്കായിട്ടുണ്ട്.
ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും ധോണിയുടെ പേരില്‍ ഭദ്രമാണ്. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണി വരവറിയിച്ചത്. കലാശപ്പോരില്‍ ചിരവൈരികളായ പാകിസ്താനെയായിരുന്നു ഇന്ത്യ വീഴ്ത്തിയത്.
2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ ജേതാക്കളാക്കി അദ്ദേഹം ഇതിഹാസങ്ങളുടെ നിരയിലേക്കുയര്‍ന്നു. 2013ല്‍ ഇംഗ്ലണ്ട് വേദിയായ ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യയുടെ മൂന്നാം ഐസിസി കിരീടം. അതിനു ശേഷ ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റും ജയിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുമില്ല.