ഐപിഎല്ലിന്റെ 14ാം സീസണില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി 150 കോടി പ്രതിഫലം തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമെന്നാണ് ധോണിയെ കാത്തിരിക്കുന്നത്. പുതിയ സീസണില്‍ സിഎസ്‌കെയ്ക്കായി ഇറങ്ങുന്നതോടെ 39 കാരനായ ധോണി ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കും. നിലവില്‍ 15 കോടി രൂപയാണ് സിഎസ്‌കെ അദ്ദേഹത്തിന് പ്രതിവര്‍ഷം ശമ്പളമായി നല്‍കുന്നത്.

ഇതുവരെ കളിച്ച 13 സീസണുകളിലായി പ്രതിഫലയിനത്തില്‍ ധോണി 137.8 കോടി കൈപ്പറ്റിക്കഴിഞ്ഞു. പുതിയ സീസണില്‍ 15 കോടി കൂടി ലഭിക്കുന്നതോടെ അദ്ദേഹത്തിന്റെ ആകെ പ്രതിഫലം 152 കോടി കടക്കും. ഇതുവരെ നടന്ന ഐപിഎല്ലില്‍ രണ്ടു സീസണുകളൊഴികെ ബാക്കിയുള്ള 10 സീസണുകളിലും ധോണി സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. രണ്ടു സീസണില്‍ സിഎസ്‌കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ടീമിനായും അദ്ദേഹം കളിച്ചു.
പടിപടിയായിട്ടാണ് ഐപിഎല്ലില്‍ ധോണിയുടെ ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ അദ്ദേഹം സിഎസ്‌കെയിലെത്തിയപ്പോള്‍ ലഭിച്ചത് ആറു കോടി രൂപയായിരുന്നു. 2010 വരെ ഇതു തുടര്‍ന്നു. 2011 മുതല്‍ ഇതു 8.2 കോടി രൂപയായി വര്‍ധിപ്പിച്ചു. 13 വരെ അദ്ദേഹത്തിന് ഇതേ ശമ്പളമായിരുന്നു സിഎസ്‌കെ നല്‍കിയത്.
2014 മുതല്‍ ധോണിയുടെ ശമ്പളം 12.5 കോടി രൂപയിലേക്കു ഒറ്റയടിക്കു വര്‍ധിച്ചു. തൊട്ടടുത്ത സീസണിലും ഇതേ ശമ്പളം തന്നെയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഈ സീസണിനു ശേഷമായിരുന്നു സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. തുടര്‍ന്നു റൈസിങ് പൂനെ സൂപ്പര്‍ജയന്റിലേക്കു അടുത്ത സീസണിലെത്തിയപ്പോഴും ധോണിക്കു 12.5 കോടി തന്നെ അവരും ശമ്പളമായി നല്‍കി. 2017ല്‍ പൂനെയിലെ അവസാന സീസണ്‍ വരെ ഇതേ തുക തന്നെ അദ്ദേഹം ഏറ്റുവാങ്ങി.

2018ലെ സീസണിനു മുമ്പ് മെഗാ താരലേലം നടന്നപ്പോള്‍ വിലക്ക് കഴിഞ്ഞെത്തിയ സിഎസ്‌കെ ധോണിയെ തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടു വന്നു. എന്നാല്‍ ഇതിനു വേണ്ടി അവര്‍ക്കു ചെലവഴിക്കേണ്ടി വന്നത് 15 കോടി രൂപയായിരുന്നു. തുടര്‍ന്നുള്ള ഓരോ സീസണിലും ഇതേ ശമ്പളം തന്നെ നല്‍കി ധോണിയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തില്‍ നിലനിര്‍ത്തുകയായിരുന്നു.
ഒരുപക്ഷെ ധോണിയുടെ ഐപിഎല്‍ കരിയറിലെ അവസാന സീസണ്‍ കൂടിയായിരിക്കും നടക്കാനിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലിലല്‍ മാത്രമേ കളിക്കുന്നുള്ളൂ. 2010, 11, 18 സീസണുകളിലായി മൂന്നു ഐപിഎല്‍ ട്രോഫികള്‍ സിഎസ്‌കെയ്ക്കു നേടിക്കൊടുത്ത ക്യാപ്റ്റനായ ധോണി വീണ്ടുമൊരു കിരീടത്തോടെ ഐപിഎല്ലില്‍ നിന്നും പടിയിറങ്ങാനായിരിക്കും ആഗ്രഹിക്കുന്നത്.