
ലോകകപ്പിന് ശേഷം സൈനികസേവനത്തിന് വേണ്ടിയാണ് ധോണി രണ്ടു മാസത്തെ അവധിയെടുത്തത്. ഇക്കാലത്ത് റിഷഭ് പന്തിനെ ഒന്നാം കീപ്പറായി നിയോഗിച്ച് ടീം ഇന്ത്യ കരീബിയന്‍ പര്യടനം നടത്തി. ദക്ഷിണാഫ്രിക്കയുമായുള്ള ഹോം പരമ്പരയില്‍ ധോണി ടീമിനൊപ്പം ചേരുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുമായി കളിക്കാനും ധോണി തയ്യാറായില്ല. തുടര്‍ന്ന് ബംഗ്ലാദേശ് പരമ്പര വന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പര വന്നു. ശ്രീലങ്ക പരമ്പരയും വന്നു. ഓരോ തവണയും ഒഴിവുകഴിവ് പറഞ്ഞ് ധോണി പിന്മാറി.

ഇപ്പോള്‍ ഇന്ത്യയുടെ സ്‌ക്വാഡ് ചിത്രത്തിലേ ധോണിയില്ല. മാസം ഏഴ് കഴിയുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ അവധിയില്‍ പോയിട്ട്. ഈ അവസരത്തില്‍ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കുക മാത്രമേ ബിസിസിഐക്ക് ചെയ്യാനുള്ളൂ. കഴിഞ്ഞവര്‍ഷം കാറ്റഗറി 'എ' പട്ടികയിലാണ് എംഎസ് ധോണി ഉള്‍പ്പെട്ടത്.
വാര്‍ഷിക കരാര്‍ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയ്ക്കായി കളിക്കാന്‍ ധോണിക്ക് ഇനിയും അവസരമുണ്ട്. പുതിയ ഐപിഎല്‍ സീസണിലെ പ്രകടനമായിരിക്കും ധോണിയുടെ തിരിച്ചുവരവിന് സാധ്യത കല്‍പ്പിക്കുക.

എന്തായാലും വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നത വ്യക്തികള്‍ ധോണിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. നാളിത്രയായിട്ടും ക്രിക്കറ്റില്‍ തിരിച്ചെത്താതാണ് ധോണിയെ ഒഴിവാക്കാന്‍ കാരണം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പൂര്‍ണ ബോധ്യമുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ വൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇതേസമയം, ധോണിയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഗാംഗുലിയോ ജയ് ഷായോ രാഹുല്‍ ജോഹ്രിയോ — ഇവരില്‍ ആരെന്ന ചോദ്യത്തില്‍ നിന്ന് ഇദ്ദേഹം ഒഴിഞ്ഞുമാറി.
Most Read: കോലിയുടെ വീക്ക്‌നെസ് എന്ത്? എങ്ങനെ ഇത്ര തവണ പുറത്താക്കി? വെളിപ്പെടുത്തി സാംപ

ആര് സംസാരിച്ചെന്നതല്ല, മറിച്ച് ധോണിയെ പോലൊരു സീനിയര്‍ താരത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കി കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ബിസിസിഐ തയ്യാറായി; ഇതാണ് ഇവിടെ പ്രധാനം. വാര്‍ഷിക കരാറില്‍ നിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കിയെന്ന സംശയം ധോണിക്കുണ്ടാവില്ലെന്ന് വൃത്തം സൂചിപ്പിച്ചു.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ധോണി തിരിച്ചെത്തുകയാണെങ്കില്‍ പ്രോ-റാറ്റ (ആനുപാതിക) അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ടീമില്‍ സ്ഥാനം ലഭിക്കും. ഈ വര്‍ഷം ഏഷ്യാ കപ്പ് നടക്കാനുണ്ട്. ടൂര്‍ണമെന്റില്‍ നിശ്ചിത മത്സരങ്ങള്‍ കളിച്ചാല്‍ അടുത്ത വാര്‍ഷിക കരാറിലേക്ക് ധോണി പരിഗണിക്കപ്പെടുമെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ നിയമം പ്രകാരം ബിസിസിഐയുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെടാന്‍ കുറഞ്ഞത് മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ എട്ടു ഏകദിന മത്സരങ്ങള്‍ കളിക്കണം താരങ്ങള്‍. ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെയും സീസണ്‍ അടിസ്ഥാനപ്പെടുത്തി വാര്‍ഷിക കരാറിന് ബിസിസിഐ പരിഗണിക്കും.
Most Read: രാജ്‌കോട്ടില്‍ ഇന്ത്യ ഭയക്കണം; സൂപ്പര്‍ പേസര്‍ ഓസീസിനൊപ്പം ഇറങ്ങും, സൂചന നല്‍കി ഫിഞ്ച്

കഴിഞ്ഞ സീസണില്‍ 21 ട്വന്റി-20 മത്സരങ്ങളാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്കായി കളിച്ചത്. നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ പത്തിലേറെ മത്സരങ്ങള്‍ താരം കളിച്ചു കഴിഞ്ഞു. വാഷിങ്ടണ്‍ സുന്ദറിന് വാര്‍ഷിക കരാര്‍ ലഭിക്കാന്‍ കാരണവുമിതുതന്നെ. കാറ്റഗറി ബിയില്‍ കടക്കണമെങ്കില്‍ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നാണ് ചട്ടം. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് കൂടി കളിച്ചാല്‍ പ്രോ-റാറ്റ അടിസ്ഥാനത്തില്‍ പൃഥ്വി ഷായ്ക്ക് കാറ്റഗറി ബി കരാര്‍ ലഭിക്കുമെന്ന് ബിസിസിഐ വൃത്തം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications