
എന്തായാലും പോയവര്‍ഷം ഏറെ ഓര്‍ത്തെടുക്കാനൊന്നും മുഹമ്മദ് സിറാജിനില്ല. സീസണില്‍ കൂടുതല്‍ അടികൊണ്ട ബൗളറെന്ന ചീത്തപ്പേരുമാത്രം മിച്ചം. പുതിയ ഐപിഎല്‍ സീസണില്‍ ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു താരം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി തുടരവെയാണ് കൊറോണ ഭീതി വിതച്ചതും ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിയതും.

എന്തായാലും കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ താന്‍ നേരിട്ടിട്ടുള്ള ഏറ്റവും ദുഷ്‌കരമായ ബാറ്റ്‌സ്മാന്മാരുടെ പേര് മുഹമ്മദ് സിറാജ് വെളിപ്പെടുത്തുകയുണ്ടായി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് സിറാജിന്റെ പട്ടികയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാന്‍. കോലിക്ക് എതിരെ പന്തെറിയുക കഠിനമാണെന്ന് സിറാജ് പറയുന്നു. ബാംഗ്ലൂരിന്റെതന്നെ വെടിക്കെട്ടു താരം എബി ഡിവില്ലേഴ്‌സും സിറാജിന്റെ പട്ടികയില്‍ രണ്ടാമതുണ്ട്.

നെറ്റ്‌സില്‍ ഇരുവര്‍ക്കെതിരെയും പന്തെറിയുമ്പോള്‍ പഴുതു കണ്ടുപിടിക്കുക പ്രയാസമാണ്, ഹൈദരാബാദുകാരനായ സിറാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. കോലിയും ഡിവില്ലേഴ്‌സും കഴിഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് സിറാജിന്റെ പട്ടികയിലെ മൂന്നാമന്‍.
രണ്ടു വര്‍ഷം മുന്‍പാണ് സിറാജ് ആര്‍സിബിയുടെ പാളയത്തിലെത്തുന്നത്. 2017 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു ഇദ്ദേഹം.

ഇക്കാലത്ത് ആറു മത്സരങ്ങള്‍ മാത്രമേ ഹൈദരാബാദിനായി സിറാജ് കളിച്ചിരുന്നുള്ളൂ. എന്നാല്‍ ബാംഗ്ലൂരിലെത്തിയതോടെ സിറാജിന്റെ തലവര മാറി. വിരാട് കോലിയുടെ അന്തിമ ഇലവനിലെ പതിവുകാരനാകാനായി താരം. പോയവര്‍ഷം തുടരെ തല്ലു വാങ്ങിയിട്ടും കോലിയുടെ വിശ്വസ്തനായി ടീമില്‍ തുടരാന്‍ സിറാജിന് കഴിഞ്ഞെന്നത് ഏറെ ശ്രദ്ധേയം. കഴിഞ്ഞ രണ്ടു സീസണ്‍കൊണ്ട് 20 മത്സരങ്ങളാണ് ആര്‍സിബിക്കായി മുഹമ്മദ് സിറാജ് കളിച്ചിരിക്കുന്നത്. 2018 സീസണില്‍ 11 ഉം 2019 സീസണില്‍ ഏഴും വിക്കറ്റുകള്‍ താരം സ്വന്തമാക്കുകയുണ്ടായി.

കഴിഞ്ഞ സീസണ്‍ നിരാശജനകമായിരുന്നെങ്കിലും ആഭ്യന്തര തലത്തില്‍ സിറാജ് നടത്തിയ തകര്‍പ്പന്‍ പ്രകടനം ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ക്ക് നിറംനല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ 19 വിക്കറ്റുകളാണ് അഞ്ചു മത്സരങ്ങളില്‍ നിന്നായി സിറാജ് സ്വന്തമാക്കിയത്. 59 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റെടുത്തതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ബാറ്റിങ് ശരാശരി 26.94. സീസണില്‍ ഹൈദരാബാദിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിക്കറ്റു വേട്ടക്കാരനായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications