
ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ഉറക്കം കെടുത്തിയത് രണ്ടു ബൗളര്‍മാരായിരുന്നു. ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനും ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിയുമായിരുന്നു ഇത്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയെ ഏറ്റവുമധികം തവണ പുറത്താക്കിയത് ഇവരായിരുന്നു. 10 തവണ വീതമായിരുന്നു ആന്‍ഡേഴ്‌സനും സൗത്തിയും ഇന്ത്യന്‍ നായകനു മടക്കടിക്കറ്റ് നല്‍കിയത്.
അക്കൂട്ടത്തിലേക്കു പുതിയൊരാള്‍ കൂടി ചേര്‍ന്നിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണിത്. ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കോലിയുടെ വിക്കറ്റെടുത്തതോടെയാണ് അലിയും എലൈറ്റ് ബൗളര്‍മാരില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയത്. ഐപിഎല്ലില്‍ നേരത്തേ കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരം കൂടിയായിരുന്ന അലി 10ാം തവണയാണ് വമ്പന്‍ വിക്കറ്റിനു അവകാശിയായത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു ആറാംതവണയാണ് കോലിയുടെ വിക്കറ്റ് അലി വീഴ്ത്തിയത്. രണ്ടു പേര്‍ മാത്രമേ ഇതില്‍ക്കൂടുതല്‍ തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടുള്ളൂ. ആന്‍ഡേഴ്‌സനും ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണുമാണിത്. ഇരുവരും ഏഴു തവണ വീതം ഇന്ത്യന്‍ നായകന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി നേടാന്‍ കോലിക്കായിരുന്നു. ഹാട്രിക്ക് ഫിഫ്റ്റിയിലേക്കു മുന്നേറവെയാണ് അദ്ദേഹത്തെ അലി വീഴ്ത്തിയത്. ഫിഫ്റ്റിക്കു ആറു റണ്‍സ് അകലെ വച്ചായിരുന്നു കോലി വീണത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുവകയായിരുന്ന ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഒവേര്‍ട്ടന്റെ കൈകളിലൊതുങ്ങുകയായിരുന്നു. ഇതു കണ്ട കോലി സ്തബ്ധനാവുകയും ചെയ്തു. കാരണം തീര്‍ത്തും നിരുപദ്രവമെന്നു കരുതിയ ബോളിലാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്.ഇന്ത്യന്‍ സ്‌കോര്‍ 312ല്‍ നില്‍ക്കവെയായിരുന്നു ആറാമനായി കോലി ക്രീസ് വിട്ടത്. ഇന്ത്യക്കു അപ്പോള്‍ 213 റണ്‍സിന്റെ ലീഡായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, ഓവല്‍ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഇന്ത്യയുടെ ലീഡ് 260 റണ്‍സ് പിന്നിട്ടു കഴിഞ്ഞു. നാലാംദിനം രണ്ടാം സെഷനില്‍ 124 ഓവര്‍ പൂര്‍ത്തിയായപ്പോഴള്‍ ഇന്ത്യ ആറു വിക്കറ്റിനു 359 റണ്‍സെടുത്തിട്ടുണ്ട്. 300ന് മുകളില്‍ ലീഡ് നേടാനായാല്‍ അത് ഇന്ത്യക്കു മല്‍സരത്തില്‍ മുന്‍തൂക്കം നല്‍കും. റിഷഭ് പന്തിനോടൊപ്പം (31) ശര്‍ദ്ദുല്‍ ടാക്കൂറാണ് (26) ക്രീസിലുള്ളത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 78 ബോളുകളില്‍ നിന്നായിരുന്നു ഇത്.
മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (0) എന്നിവരെ ഒരേ ടീം സ്‌കോറില്‍ വച്ച് ഇന്ത്യക്കു നഷ്ടമാവുകയായിരുന്നു. 296ല്‍ വച്ചായിരുന്നു ഇന്ത്യക്കു ഇരട്ട പ്രഹരമേറ്റത്. തുടര്‍ന്നായിരുന്നു കോലിയെ അലിയും വീഴ്ത്തിയത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ (127) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. വിദേശത്തു തന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇരുവരും കണ്ടെത്തിയത്. 256 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സിക്‌സറടിച്ചായിരുന്നു അദ്ദേഹം സെഞ്ച്വറി തികച്ചത്. സ്പിന്നര്‍ മോയിന്‍ അലിക്കെതിരേയായിരുന്നു ലോങ് ഓണിലൂടെ ഹിറ്റ്മാന്റെ തകര്‍പ്പന്‍ സിക്‌സര്‍.
രണ്ടാം വിക്കറ്റില്‍ രോഹിത്- ചേതേശ്വര്‍ പുജാര സഖ്യം ചേര്‍ന്നെടുത്ത 153 റണ്‍സാണ് മല്‍സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കം സമ്മാനിച്ചത്. പുജാര 61 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 127 ബോളില്‍ ആറു ബൗണ്ടറികളോടെയായിരുന്നു ഇത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും 1-1ന് ഒപ്പം തുടരുകയാണ്. അതുകൊണ്ടു തന്നെ ഓവലില്‍ ജയിക്കുന്നവര്‍ക്കു പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കാം.