Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6, 4, വിക്കറ്റ്! മുത്താണ് മിന്നുമണി, അരങ്ങേറ്റത്തില്‍ മിന്നിച്ചു, ഇന്ത്യക്കു ജയം

കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി മലയാളി താരം മിന്നുമണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീമിനു തകര്‍പ്പന്‍ ജയം. ഇന്ത്യന്‍ കുപ്പായത്തിലെ കന്നി മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് പിഴുതാണ് മിന്നു തന്റെ വരവറിയിച്ചത്. ധാക്കയില്‍ നടന്ന ആദ്യ ടി20യില്‍ ബംഗ്ലാദേശിനെതിരേ ഏഴു വിക്കറ്റിന്റെ ജയം ഇന്ത്യ ആഘോഷിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ അഞ്ചു വിക്കറ്റിനു 114 റണ്‍സിലൊതുക്കാന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യക്കു കഴിഞ്ഞു. ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്. മിന്നുവിനൊപ്പം പൂജ വസ്ത്രാക്കര്‍, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. ശേഷിച്ച രണ്ടു പേര്‍ റണ്ണൗട്ടാവുകയായിരുന്നു.

MINNU MANI

വിക്കറ്റുകള്‍ അധികം ലഭിച്ചില്ലെങ്കിലും ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കാനുള്ള പഴുതുകളൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. മിന്നു മൂന്നോവറുകളാണ് ബൗള്‍ ചെയ്തത്. ഏഴ് ഇക്കോണമി റേറ്റില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

മറുപടിയില്‍ ഇന്ത്യക്കു വിജയലക്ഷ്യം കുറിക്കാന്‍ 16.2 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച ഹര്‍മന്‍പ്രീത് (54*) അപരാജിത ഫിഫ്റ്റിയോടെ ടീമിന്റെ വിജയശില്‍പ്പിയായി മാറി. 35 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്‌സ്.

സ്മൃതി മന്ദനയാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍. 34 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറുകളടിച്ചു. ഷഫാലിയും (0) ജമീമ റോഡ്രിഗസും (11) ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഈ കളിയിലെ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.

MINNU MANI

നേരത്തേ പവര്‍പ്ലേയില്‍ തന്നെ മിന്നുവിനെക്കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ബൗള്‍ ചെയ്യിക്കുകയായിരുന്നു. അഞ്ചാം ഓവറായിരുന്നു മിന്നുവിനു ബോള്‍ ലഭിച്ചത്. പക്ഷെ താരത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ബോളില്‍ സിംഗിളാണ് മിന്നു വഴങ്ങിയത്. രണ്ടാമത്തെ ബോള്‍ ഷമീമ സുല്‍ത്താന ക്രീസിനു പുറത്തേക്കിറങ്ങി മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തി.

അരങ്ങേറ്റ മല്‍സരം കളിക്കുന്ന മിന്നുവിനെ കടന്നാക്രമിക്കാന്‍ തന്നെയായിരുന്നു ഷമീമയുടെ പ്ലാന്‍. തൊട്ടടുത്ത ബോള്‍ മിഡ് ഓഫിലൂടെ താരം ബൗണ്ടറി കടത്തി. മികച്ചൊരു ഡ്രൈവായിരുന്നു അത്. പക്ഷെ മിന്നു പതറിയില്ല. അടുത്ത ബോളില്‍ ഷമീമയെ പുറത്താക്കി മിന്നു ബംഗ്ലാദേശിനെ ഞെട്ടിച്ചു.

സ്ലോഗ് സ്വീപ്പ് കളിക്കാനായിരുന്നു ഷമീമയുടെ ശ്രമം. പക്ഷെ ടൈമിങ് പാളി. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ നേരെ ജമീമ റോഡ്രിഗസിന്റെ കൈകളിലേക്കാണ് പന്ത് വന്നത്. അവര്‍ അതു കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്. ഈ ഓവറില്‍ 12 റണ്‍സാണ് മിന്നു വഴങ്ങിയത്. പക്ഷെ നിര്‍ണായക വിക്കറ്റ് ടീമിനു സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.

10ാം ഓവറിലാണ് മിന്നു തന്റെ അടുത്ത സ്‌പെല്ലിനെത്തിയത്. ഈ ഓവറില്‍ വെറും നാലു റണ്‍സ് മാത്രമേ മലയാളി താരം വിട്ടുനല്‍കിയുള്ളൂ. 12ാം ഓവറും മിന്നുവിനായിരുന്നു. മൂന്നാമത്തെ ബോളില്‍ ബൗണ്ടറി വിട്ടുകൊടുത്തെങ്കിലും ശേഷിച്ച ബോളുകളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ മലയാളി താരം വഴങ്ങിയുള്ളൂ. നേരത്തേ ടോസിനു മുമ്പ് സൂപ്പര്‍ താരം സ്മൃതി മന്ദനയാണ് മിന്നുവിന് ഇന്ത്യന്‍ ക്യാപ്പ് സമ്മാനിച്ചത്. ഇന്ത്യന്‍ വനിതാ ടീമിനു വേണ്ടി കളിക്കുന്ന ആദ്യത്തെ കേരള താരം കൂടിയാണ് വയനാട്ടുകാരിയായ മിന്നു.

Story first published: Sunday, July 9, 2023, 18:31 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+