അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി വിരമിച്ചതിന് പാകിസ്താന്റെ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി എന്ത് പിഴച്ചു. മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്രിദി ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുകയാണ്. അഫ്രീദിയെപ്പോലെ മെസ്സിയും വിരമിക്കല്‍ തീരുമാനം മാറ്റി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവര്‍. വിരമിക്കുന്നതൊന്നും ഒരു പ്രശ്‌നമല്ല, നമ്മുടെ അഫ്രീദി എല്ലാ വര്‍ഷവും വിരമിക്കുന്നതല്ലേ എന്നാണ് ട്വിറ്ററിലെ ട്രോളുകള്‍.
Read Also: വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയോ; ട്രോളന്മാര്‍ ഡാ.. മെസ്സിക്ക് ട്രോളോടെ ഗുഡ് ബൈ!
പല പ്രാവശ്യം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഷാഹിദ് അഫ്രീദി വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിരുന്നു. ഇനി എന്നാണ് അഫ്രീദി ശരിക്കും വിരമിക്കുക എന്നാണ് ട്വിറ്റരാദികള്‍ക്ക് ചോദിക്കാനുള്ളത്. എത്ര പ്രാവശ്യം നിങ്ങള്‍ വിരമിച്ചു എന്നതല്ല എത്ര പ്രാവശ്യം ആ തീരുമാനം മാറ്റി എന്നതാണ് കാര്യം - എന്ന് അഫ്രീദി മെസ്സിക്ക് മെസേജ് അയച്ചത്രെ. എന്നാല്‍ മറ്റ് ചിലര്‍ കളിയാക്കുന്നത് മെസ്സിയുടെ ഫ്രണ്ട് റിക്വസ്റ്റ് അഫ്രീദി നിരസിച്ചു എന്നാണ്.

റിട്ടയര്‍മെന്റ് എന്ന ഒറ്റക്കാരണം കൊണ്ട് ലയണല്‍ മെസ്സിയും ഷാഹിദ് അഫ്രീദിയും ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഒരാള്‍ റിട്ടയര്‍ ചെയ്തത് കൊണ്ടും രണ്ടാമത്തെയാണ് റിട്ടയര്‍ ചെയ്യാത്തത് കൊണ്ടും ആണെന്ന് മാത്രം. ഡിയര്‍ മെസ്സി, ബി ലൈക്ക് ഷാഹിദ് അഫ്രീദി - ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യുന്ന സന്ദേശമാണ് ഇത്.
ഷാഹിദ് അഫ്രീദിയെ മാത്രമല്ല, സിംബാബ്വെയോട് പോലും തോറ്റിട്ടും വിരമിക്കാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും ആളുകള്‍ കളിയാക്കുന്നുണ്ട്. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ കളി അവസാനിപ്പിച്ചത്. വൈകാരിക തീരുമാനമാണ് മെസ്സിയുടേതെന്നും മെസ്സി ചിരിച്ചുവരുമെന്നുമാണ് സഹതാരങ്ങളടക്കമുള്ളവര്‍ കരുതുന്നത്.