ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഗൗതം ഗംഭീറും എസ് ശ്രീശാന്തും തമ്മിലുള്ള വാക്കുതര്‍ക്കം ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ്. എലിമിനേറ്ററില്‍ ഗംഭീറും ശ്രീശാന്തും തമ്മില്‍ ശക്തമായ വാക്കുതര്‍ക്കമാണ് നടന്നത്. അംപയറും സഹതാരങ്ങളും ഇടപെട്ടില്ലായിരുന്നെങ്കില്‍ കൈയാങ്കളിയിലേക്ക് പോലും ഈ വാക്കുതര്‍ക്കം നീണ്ടേനെ. തന്നെ കോഴക്കാരനെന്ന് ഗംഭീര്‍ വിളിച്ചുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാല്‍ ഗംഭീര്‍ സിക്‌സും ഫോറും പറത്തിയപ്പോള്‍ പ്രകോപിതനായ ശ്രീശാന്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇന്ത്യക്കായി ഏറെ നാള്‍ ഒരുമിച്ച് കളിക്കുകയും 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ചെയ്ത താരങ്ങളാണ് ഗംഭീറും ശ്രീശാന്തും. എന്നിട്ടും ഇവര്‍ തമ്മിലടിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനാണ് നാണക്കേടായി മാറിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിട്ടും ദേഷ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ പിന്നോട്ട് പോയിട്ടില്ല. വിരമിച്ച ശേഷം കളിച്ച ലീഗ് മത്സരത്തില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
യൂസുഫ് പഠാനും മിച്ചല്‍ ജോണ്‍സനും ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് പ്ലേ ഓഫില്‍ ഏറ്റുമുട്ടിയിരുന്നു. മിച്ചല്‍ ജോണ്‍സണ്‍ യൂസുഫ് ബാറ്റ് ചെയ്താല്‍ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. പരസ്പരം വാക്കേറ്റം നടത്തുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തിരുന്നു. യൂസുഫ് ഇന്ത്യക്കായി കളിച്ചപ്പോള്‍ ഇത്തരത്തില്‍ നിയന്ത്രണം വിട്ടത് വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ ജോണ്‍സണ്‍ ഇതിന് മുമ്പും പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡേവിഡ് വാര്‍ണര്‍ക്ക് വിരമിക്കല്‍ മത്സരം നല്‍കുന്നതിനെപ്പറ്റി മിച്ചല്‍ ജോണ്‍സണ്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജോണ്‍സണ്‍ വിരാട് കോലിയോടടക്കം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട താരമാണ്. രണ്ടാമത്തെ താര ജോഡി മുഹമ്മദ് അമീറും ഹര്‍ഭജന്‍ സിങ്ങും ഏറ്റുമുട്ടിയിരുന്നു. എക്‌സിബിഷന്‍ മത്സരത്തിനിടെയാണ് രണ്ട് പേരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്ത്യക്കായി കളിക്കവെ പാകിസ്താന്റെ കണ്ണിലെ കരടായിരുന്നു ഹര്‍ഭജന്‍.

പാകിസ്താന്‍ താരങ്ങളുമായി നിരവധി തവണ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഒരു തവണ അമീറുമായി ഹര്‍ഭജന്‍ ഉടക്കിയിരുന്നു. അന്ന് മുതല്‍ ഇരുവരും ശത്രുത പുലര്‍ത്തുന്നുണ്ട്. എക്‌സിബിഷന്‍ മത്സരത്തിനിടെ ഈ വൈരാഗ്യം രണ്ട് പേരും പുറത്തുകാട്ടിയെങ്കിലും എക്‌സിബിഷന്‍ മത്സരമായതിനാല്‍ കൂടുതല്‍ തര്‍ക്കത്തിലേക്ക് ഇത് നീണ്ടില്ല. ഹര്‍ഭജന്‍ സിങ് ഷാഹിദ് അഫ്രീദി, ഷുഹൈബ് അക്തര്‍ എന്നിവരോടെല്ലാം ഏറ്റുമുട്ടിയിട്ടുണ്ട്.
ഇന്ത്യക്കെതിരേ പാക് താരങ്ങള്‍ നടത്തുന്ന പ്രകോപന പരാമര്‍ശനങ്ങളിലെല്ലാം ഹര്‍ഭജന്‍ മറുപടി നല്‍കി രംഗത്തെത്താറുണ്ട്. ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം ഹര്‍ഭജന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി പ്രഥമ ലങ്കാ പ്രീമിയര്‍ ലീഗില്‍ അഫ്ഗാന്‍ താരം നവീന്‍ ഉല്‍ ഹഖുമായി ഉടക്കിയിരുന്നു. മുഹമ്മദ് അമീറും നവീനും തമ്മിലുള്ള പ്രശ്‌നത്തിലേക്ക് അഫ്രീദിയും എത്തുകയായിരുന്നു.
മത്സരശേഷം കൈകൊടുക്കാന്‍ പോലും ഇവര്‍ വിസമ്മതിച്ചിരുന്നു. നവീന്‍ ദേഷ്യക്കാരനായ താരമാണ്. അവസാന ഐപിഎല്ലില്‍ വിരാട് കോലിയോട് നവീന്‍ ഉടക്കിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ആര്‍സിബി മത്സരത്തിനിടെയായിരുന്നു ഇത്. ഈ ഉടക്കിലേക്ക് ഗൗതം ഗംഭീറും എത്തിയതോടെ ഇത് വലിയ വിവാദവുമായി മാറി. നേരത്തെ ഗംഭീറും കോലിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിന്റെ ഭാക്കിയാണ് അവസാന ഐപിഎല്ലില്‍ കണ്ടത്.
വിരമിച്ച ശേഷം ഗംഭീര്‍ പരിശീലക റോളിലേക്കെത്തിയിരുന്നു. ഗംഭീര്‍ അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററായിരുന്നു. ഇത്തവണ തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായാണ് ഗംഭീര്‍ എത്തുന്നത്. അവതാരകനായും ഗംഭീര്‍ ഇടക്ക് പ്രവര്‍ത്തിക്കാറുണ്ട്. പാക് താരങ്ങളില്‍ മിക്കവരും ഗംഭീറിന്റെ ശത്രുവാണ്.