കോലിക്കു വമ്പന്‍ റെക്കോര്‍ഡ്... ടി20യില്‍ ഇനി ക്യാപ്റ്റന്‍മാരുടെ കിങ്, ധോണിക്കു പകുതി മാത്രം
ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരേയുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയതോടെ പല റെക്കോര്‍ഡുകളുമാണ് ടീം ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ഞായറാഴ്ച നടന്ന അവസാന ടി20യില്‍ ഏഴു റണ്‍സിന്റെ ജയം നേടിയായിരുന്നു ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇതോടെ ടി20യില്‍ ഒരു പരമ്പരയിലെ അഞ്ചു കളികളും ജയിച്ച ആദ്യ ടീമെന്ന ലോക റെക്കോര്‍ഡിന് ഇന്ത്യ അവകാശികളാവുകയും ചെയ്തു.
പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര നേടിയ ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടവും കോലിപ്പട തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡിനാണ് ടി20 പരമ്പര നേട്ടത്തോടെ കോലി അര്‍ഹനായത്.

കൂടുതല്‍ ടി20 പരമ്പര വിജയങ്ങള്‍
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ 15 ടി20 പരമ്പരകള്‍ പിന്നിട്ടപ്പോള്‍ ഏറ്റവുമധികം പരമ്പരകളില്‍ ടീമിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ നായകത്വത്തില്‍ ഇന്ത്യയുടെ 10ാം ടി20 പരമ്പര നേട്ടമായിരുന്നു ന്യൂസിലാന്‍ഡിനെതിരേയുള്ളത്.
ഒമ്പത് ടി20 പരമ്പര വിജയങ്ങളെന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയുടെ ലോക റെക്കോര്‍ഡ് കോലി തിരുത്തുകയായിരുന്നു.

ധോണി അഞ്ചാംസ്ഥാനത്ത്
ഇന്ത്യക്കു രണ്ടു ലോക കിരീടങ്ങളുള്‍പ്പെടെ ഐസിസിയുടെ മൂന്ന് അന്താരാഷ്ട്ര കിരീടങ്ങള്‍ സമ്മാനിച്ച മുന്‍ നായകന്‍ എംഎസ് ധോണി ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്താണ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ചു ടി20 പരമ്പരകളിലാണ് ഇന്ത്യ ജേതാക്കളായിട്ടുള്ളത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ സമി (ആറ് പരമ്പരകള്‍), ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗന്‍ (7) എന്നിവരാണ് ധോണിക്കു മുന്നിലുള്ളത്.

അവസാന കളിയില്‍ കോലിയില്ല
ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ കോലി കളിച്ചിരുന്നില്ല. അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. പകരം രോഹിത് ശര്‍മയ്ക്കായിരുന്നു നായകന്റെ ദൗത്യം. മല്‍സരത്തില്‍ 60 റണ്‍സെടുത്ത ഹിറ്റ്മാന്‍ ടീമിന്റെ ടോപ്‌സ്‌കോറററാവുകയും ചെയ്തു.
എന്നാല്‍ ബാറ്റിങിനിടെ പരിക്കേറ്റതിനെ തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത്തിനു ഫീല്‍ഡിങിനു ഇറങ്ങാനായിരുന്നില്ല. തുടര്‍ന്നു ലോകേഷ് രാഹുലായിരുന്നു താല്‍ക്കാലിക ക്യാപ്റ്റനായത്.

രണ്ടു സൂപ്പര്‍ ഓവറുകള്‍
ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയില്‍ രണ്ടു മല്‍സരങ്ങളാണ് ടൈയില്‍ കലാശിച്ചത്. തുടര്‍ന്നു സൂപ്പര്‍ ഓവര്‍ വേണ്ടി വരികയായിരുന്നു. ഇവയില്‍ രണ്ടിലും ഇന്ത്യ ജയിക്കുകയും ചെയ്തു. മൂന്നാമത്തെയും നാലാമത്തെയും ടി20 മല്‍സരങ്ങളാണ് സൂപ്പര്‍ ഓവറിലേക്കു നീങ്ങിയത്. ആദ്യ ടി20യില്‍ ആറും രണ്ടാം ടി20യില്‍ ഏഴും വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.
പരമ്പരയിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ലോകേഷ് രാഹുലാണ് മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications