ഐപിഎല്‍: തുടക്കമിട്ടത് യാദവ്, മധ്യനിരയും ചതിച്ചു... പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം

ബെംഗളൂരു: ആര്‍ അശ്വിന്റെ നായകത്വത്തില്‍ ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വപ്‌നലോകത്ത് നിന്നും താഴേക്കിറക്കിയിരിക്കുകയാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നാലു വിക്കറ്റിനായിരുന്നു ആര്‍സിബി പഞ്ചാബിനെ തറപറ്റിച്ചത്.
ബാറ്റിങില്‍ മികച്ച രീതിയില്‍ തന്നെ തുടങ്ങിയ പഞ്ചാബിന് പക്ഷെ ഇത് അവസാനം വരെ കൊണ്ടുപോവാനായില്ല. ഒരു ഘട്ടത്തില്‍ 200നു മുകളില്‍ വരെ സ്‌കോര്‍ ചെയ്യുമെന്ന സൂചനയാണ് പഞ്ചാബ് നല്‍കിയതെങ്കിലും വെറും 155 റണ്‍സില്‍ അവര്‍ക്കു കാലിടറുകയായിരുന്നു. അപ്പോള്‍ തന്നെ ആര്‍സിബിയുടെ വിജയസാധ്യതകള്‍ വര്‍ധിച്ചിരുന്നു. മല്‍സരത്തില്‍ പഞ്ചാബിന്റെ തോല്‍വിക്കു വഴിവച്ച പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

യാദവിന്റെ സൂപ്പര്‍ ഓവര്‍
വിദര്‍ഭ എക്‌സ്പ്രസെന്നറിയപ്പെടുന്ന പേസ് ബൗളര്‍ ഉമേഷ് യാദവിന്റെ ഒരൊറ്റ ഓവറിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്മില്ലാതെ 32 റണ്‍സെന്ന നിലയില്‍ പഞ്ചാബ് കുതിക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ കോലി യാദവിനെ പന്തേല്‍പ്പിച്ചത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മയാങ്ക് അഗര്‍വാളിനെ യാദവ് ഡികോക്കിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ പുതുതായി ക്രീസിലെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ആരോണ്‍ ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി യാദവ് പഞ്ചാബിനെ സ്തബ്ധരാക്കി.
ഇതുകൊണ്ടും നിര്‍ത്തിയില്ല ഇന്ത്യയുടെ മുന്‍ പേസര്‍. ഓവറിലെ അവസാന പന്തില്‍ സൂപ്പര്‍ താരം യുവരാജ് സിങിനെ (4) ബൗള്‍ഡാക്കിയാണ് യാദന് തന്റെ സൂപ്പര്‍ ഓവര്‍ അവാനിപ്പിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സെന്ന നിലയില്‍ ഓവര്‍ തുടങ്ങിയ പഞ്ചാബ് നാലാം ഓവര്‍ കഴിഞ്ഞപ്പോള്‍ മൂന്നിന് 36 റണ്‍സ്. ഈ വീഴ്ചയില്‍ നിന്നും പിന്നീട് കരകയറാന്‍ പഞ്ചാബിനായില്ല.

മധ്യനിരയുടെ മോശം ഫോം
പഞ്ചാബിന്റെ മധ്യനിര ടൂര്‍ണമെന്റില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട മല്‍സരം കൂടിയായിരുന്നു ഇത്. യുവരാജ് പെട്ടെന്നു തന്നെ പുറത്തായതിനാല്‍ മധ്യനിരയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാവുന്ന അനുഭവസമ്പത്തുള്ള മറ്റു താരങ്ങള്‍ ഇല്ലാതിരുന്നത് പഞ്ചാബിന് തിരിച്ചടിയായി.
ക്യാപ്റ്റന്‍ ആര്‍ അശ്വിന്റെയും (33) മറുനാടന്‍ മലയാളി കരുണ്‍ നായരുടെയും (29) ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ പഞ്ചാബ് മധ്യനിര സമ്പൂര്‍ണ പരാജയമായി മാറി. ഇവരുടെ ചെറുത്തുനില്‍പ്പി കൂടി ഇല്ലായിരുന്നെങ്കില്‍ പഞ്ചാബിന്റെ സ്‌കോര്‍ 150 കടക്കില്ലായിരുന്നു. അശ്വിനെയും കരുണിനെയും മാറ്റിനിര്‍ത്തിയാല്‍ പഞ്ചാബ് മധ്യനിരയില്‍ ഒരാള്‍ പോലും 15 റണ്‍സ് തികച്ചില്ല. ഇനിയുള്ള കളികളില്‍ മധ്യനിര ക്ലിക്കായില്ലെങ്കില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.

ആഫ്രിക്കന്‍ കരുത്തില്‍ മറുപടിയില്ല
ബൗളിങില്‍ ബ്രെന്‍ന്‍ മക്കുല്ലത്തെയും ക്യാപ്റ്റന്‍ കോലിയെയും പെട്ടെന്ന് പുറത്താക്കാന്‍ പഞ്ചാബിനായെങ്കിലും ആഫ്രിക്കന്‍ ശൗര്യത്തിനു മുന്നില്‍ അവര്‍ക്കു പിഴച്ചു. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ എബി ഡിവില്ലിയേഴ്‌സിനെയും ക്വിന്റണ്‍ ഡികോക്കിനെയും പിടിച്ചുകെട്ടുന്നതില്‍ അശ്വിനും പഞ്ചാബ് ടീമും പരാജയപ്പെട്ടു. ഡിവില്ലിയേഴ്‌സ് 51 റണ്‍സോടെ ആര്‍സിബിയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഡികോക്ക് 45 റണ്‍സ് സംഭാവന ചെയ്തു. ഇരുവരുടെയും ഇന്നിങ്‌സുകളാണ് വിജയം പഞ്ചാബില്‍ നിന്നും തട്ടിയകറ്റിയത്.
വളരെ തന്ത്രപമായ ബാറ്റിങാണ് ഡികോക്കും ഡിവില്ലിയേഴ്‌സും കാഴ്ചവച്ചത്. വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കാതെ സിംഗിളുകളും ഡബിളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയായിരുന്നു. മോശം പന്തുകളില്‍ മാത്രമേ ഇവര്‍ വലിയ ഷോട്ടുകള്‍ക്കു മുതിര്‍ന്നുള്ളൂ. നാലാം വിക്കറ്റില്‍ ഡികോക്കും ഡിവില്ലിയേഴ്‌സും ചേര്‍ന്നെടുത്ത 54 റണ്‍സാണ് ആര്‍സിബിയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത്.

ഇതുവരെ കാണാത്ത ഡിവില്ലിയേഴ്‌സ്
ക്രീസിലെത്തിയാല്‍ ഏതു പന്തിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം ഡിവില്ലിയേഴ്‌സ് പക്ഷെ കഴിഞ്ഞ മല്‍സരത്തില്‍ തികച്ചും വ്യത്യസ്തമായ ഇന്നിങ്‌സാണ് കളിച്ചത്. വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കാതെ സിംഗിളുകളിലും ഡബിളുകൡലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്.
അഫ്ഗാന്‍ യുവ സ്പിന്നര്‍ മുജീബ് സദ്രാന്‍ എറിഞ്ഞ 17ാം ഓവറിലാണ് യഥാര്‍ഥ എബിഡിയെ ആരാധകര്‍ കണ്ടത്. തുടര്‍ച്ചയായ രണ്ടു സിക്‌സറുകള്‍ പറത്തിയ അദ്ദേഹം ടീമിനെ വിജയത്തിന് ഒരുപടി കൂടി അടുപ്പിക്കുകയായിരുന്നു. 17ാം ഓവറിനു മുമ്പ് ആര്‍സിബിക്ക് 24 പന്തില്‍ 41 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഓവര്‍ കഴിഞ്ഞതോടെ ഇത് 18 പന്തില്‍ 22 റണ്‍സായി കുറയുകയും ചെയ്തു.

നിരാശപ്പെടുത്തി പേസര്‍മാര്‍
മല്‍സരത്തില്‍ പഞ്ചാബിന്റെ പേസര്‍മാര്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. നേരത്തേ ആര്‍സിബി പേസര്‍ യാദവ് മിന്നില്‍ വേഗത്തിലൂടെ വിക്കറ്റുകള്‍ കൊയ്തപ്പോള്‍ പഞ്ചാബ് പേസര്‍മാരായ മോഹിത് ശര്‍മയും ആന്‍ഡ്രു ടൈയും സമാനമായ പ്രകടനം പുറത്തെടുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ അതുണ്ടായില്ല.
മോഹിത്താണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. മൂന്നോവറില്‍ താരം 37 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഒരു വിക്കറ്റ് പോലും മോഹിത്തിനു നേടാനും സാധിച്ചില്ല.
ടൈ നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. പഞ്ചാബ് വീഴ്ത്തിയ ആറു വിക്കറ്റുകളില്‍ അഞ്ചും സ്പിന്നര്‍മാര്‍ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications