ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിക്ക് പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാമ്പ് വീണ്ടും വിവാദച്ചുഴിയിൽ. മത്സരശേഷം മൈതാനത്ത് വെച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക നായകൻ ഋഷഭ് പന്തിനോടും കോച്ചിംഗ് സ്റ്റാഫിനോടും അതിരൂക്ഷമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ഇരമ്പുന്നത്. മുമ്പ് കെ.എൽ. രാഹുലിനെ പരസ്യമായി ശകാരിച്ച ചരിത്രമുള്ള ഗോയങ്ക, പഴയ തെറ്റുകളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
IPL 2026: സഞ്ജുവിന് 'പണി കൊടുക്കാന്‍' ഇറങ്ങി!! നാണം കെട്ട് പന്ത്? രൂക്ഷവിമര്‍ശനം
ക്യാമറയ്ക്ക് മുന്നിലെ ഈ വിചാരണ ആർക്ക് വേണ്ടി?
ലക്നൗവിൽ നടന്ന മത്സരത്തിൽ ഡൽഹിക്കെതിരെ ഉയർത്തിയ ചെറിയ ലക്ഷ്യം പ്രതിരോധിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഗോയങ്ക നിയന്ത്രണം വിട്ടത്. നായകൻ പന്ത്, ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി എന്നിവരെ മൈതാനത്ത് നിർത്തി ഗോയങ്ക 'ക്ലാസ്' എടുക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ തത്സമയം പുറത്തുവിട്ടു.

രണ്ട് വർഷം മുമ്പ് സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ അന്നത്തെ നായകൻ കെ.എൽ. രാഹുലിനെ ഗോയങ്ക ഇത്തരത്തിൽ പരസ്യമായി ശാസിച്ചത് വലിയ വിവാദമായിരുന്നു. അന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും ഗോയങ്കയുടെ പെരുമാറ്റത്തെ തള്ളിപ്പറഞ്ഞതാണ്. എന്നാൽ 2026 സീസണിന്റെ തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെപ്പോലൊരു സൂപ്പർ താരത്തെ ക്യാമറകൾക്ക് മുന്നിൽ വിചാരണ ചെയ്യുന്നത് ലക്നൗ ടീമിന്റെ ആത്മവിശ്വാസത്തെ തകർക്കുമെന്നതിൽ സംശയമില്ല.
"ഷാരൂഖും പ്രീതി സിന്റയും മാതൃകയാകട്ടെ"; ആരാധകർ കടുപ്പത്തിൽ!
സോഷ്യൽ മീഡിയയിൽ ഗോയങ്കയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. "തോൽവിയും വിജയവും കളിയുടെ ഭാഗമാണ്, പക്ഷേ പരസ്യമായ അപമാനം അംഗീകരിക്കാനാവില്ല. സഞ്ജീവ് ഗോയങ്കയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയാമായിരുന്നു, ക്യാമറയ്ക്ക് മുന്നിൽ വച്ച് പന്തിനെയും രാഹുലിനെയും പോലുള്ള നായകന്മാർക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നത് ക്രിക്കറ്റിനോടുള്ള പാഷൻ ഇല്ലായ്മയും താനാണ് ബോസ് എന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന കോപ്രായങ്ങളായുമാണ് കാണുമ്പോൾ തോന്നുന്നത്. തങ്ങളുടേതായ എല്ലാം വിട്ടുനൽകുന്ന കളിക്കാരെ ബഹുമാനിക്കാൻ പഠിക്കുക." എന്നാണ് ഒരു ആരാധകൻ കുറിച്ചത്. "ക്യാപ്റ്റനേക്കാളും, കോച്ചിങ് സ്റ്റാഫുകളെക്കാളും ഒരു ടീമിൽ ഉടമയ്ക്കുള്ള ഈ സ്വാധീനം പ്രഷർ വർധിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല" എന്നായിരുന്നു മറ്റൊരു ആരാധകന്റെ വാക്കുകൾ.
IPL 2026: രോക്കോയല്ല, എന്റെ ഹീറോ മറ്റൊരാള്‍!! അതിലും കേമനാരുണ്ട്? അര്‍ജുന്‍ ചോദിക്കുന്നു
മറ്റ് ടീം ഉടമകളായ ഷാരൂഖ് ഖാനോ പ്രീതി സിന്റയോ തോൽവിക്ക് ശേഷം ഇത്തരത്തിൽ മൈതാനത്ത് ഇറങ്ങി താരങ്ങളെ ശകാരിക്കാറില്ലെന്നും ആരാധകർ ഓർമ്മിപ്പിക്കുന്നു. കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്ന ഉടമയ്ക്ക് ടീമിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാൻ അവകാശമുണ്ടെന്ന മുഹമ്മദ് ഷാമിയുടെ മുൻപത്തെ പ്രസ്താവന ചർച്ചയാകുന്നുണ്ടെങ്കിലും, അത് ക്യാമറകൾക്ക് മുന്നിലല്ല വേണ്ടതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ലക്നൗവിൽ വച്ച് ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 141 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ നാല് വിക്കറ്റുകൾ തുരുതുരാ നഷ്ടപ്പെട്ടെങ്കിലും സമീർ റിസ്‍വിയും ട്രിസ്റ്റ്യൻ സ്റ്റബ്സും ചേർന്ന് അവരെ ആധികാരിക വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.