ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് യോര്‍ക്കറുകള്‍. ക്രീസിലുള്ള ബാറ്ററുടെ പ്രതിരോധം ഭേദിച്ച് സ്റ്റംപുമായി പിറകിലേക്കു പറക്കുന്ന ബോളുകള്‍ കളിക്കളത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ്. ഏതൊരു ബൗളറും ഗ്രൗണ്ടില്‍ പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നതും ഇത്തരമൊരു കിടു ബോള്‍ തന്നെയായിരിക്കും.
ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ബാറ്റര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ചില യോര്‍ക്കര്‍ വീരന്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ തരത്തില്‍ കണ്ണഞ്ചിക്കുന്ന യോര്‍ക്കറുകളിലൂടെ ആരാധകരുടെ നെഞ്ചില്‍ കയറിക്കൂടിയ ഏറ്റവും മികച്ച ചില ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ലസിത് മലിങ്ക
യോര്‍ക്കറുകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയെ എങ്ങനെ മറക്കാന്‍ കഴിയും. തീര്‍ത്തും വ്യത്യസ്തമായ ബൗളിങ് ശൈലിയിലൂടെ വളരെ പെട്ടെന്നു ശ്രദ്ധ നേടുകയും പിന്നീട് ഇതിഹാസമായി മാറുകയും ചെയ്തിട്ടുള്ള ബൗളറാണ് അദ്ദേഹം.
മലിങ്കയുടെ യോര്‍ക്കറുകള്‍ നേരിടുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വിചിത്രമായ ബൗളിങ് ആക്ഷന്‍ തന്നെയായിരുന്നു ഇതിനു കാരണം. കിടിലന്‍ യോര്‍ക്കറുകളിലൂടെ സ്റ്റംപുകള്‍ പറപ്പിക്കാന്‍ മാത്രമല്ല ബാറ്റര്‍മാരെ വിക്കറ്റിനു മുന്നില്‍ കുരുക്കാനും മിടുക്കനായിരുന്നു അദ്ദേഹം.
ബ്രെറ്റ് ലീ
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസമായ ബ്രെറ്റ് ലീയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. ലീയുടെ വേഗത കാരണം പലപ്പോഴും ബാറ്റര്‍മാര്‍ ബോളിന്റെ ലൈനും ലെങ്തുമെല്ലാം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
അനുഭവസമ്പത്ത് കുറഞ്ഞ താരങ്ങള്‍ ബാറ്റ് താഴേക്കു കൊണ്ടു വരുമ്പോഴേക്കും പന്തുകള്‍ വിക്കറ്റിനെ വായുവില്‍ പറപ്പിച്ചിട്ടുണ്ടാവും. മനോഹരമായ ബൗളിങ് ആക്ഷനും ലീയെ ഹീറോയാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി മാറുകയും ചെയ്തിരുന്നു. വളരെയധികം സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ യോര്‍ക്കറുകളിലൂടെ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ കേമനായിരുന്നു അദ്ദേഹം.
ഷെയ്ന്‍ ബോണ്ട്
ന്യൂസിലാന്‍ഡിന്റെ മുന്‍ കിടിലന്‍ ഫാസ്റ്റ് ബൗളറായിരുന്നു ഷെയ്ന്‍ ബോണ്ട്. മികച്ച വേഗതയും അതോടാപ്പം വൈവിധ്യവുമാണ് അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റിയിരുന്നത്. ബോണ്ടിന്റെ തീപ്പൊരി യോര്‍ക്കറുകള്‍ക്കു മുന്നില്‍ പല വമ്പന്‍ താരങ്ങള്‍ക്കും നേരത്തേ അടിതെറ്റിയിട്ടുണ്ട്. ലോകകപ്പിലുള്‍പ്പെട്ടെ ന്യൂസിലാന്‍ഡിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്.
ചാമിന്ദ വാസ്
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറായ ചാമിന്ദ വാസും യോര്‍ക്കറുകളുടെ കാര്യത്തില്‍ മിടുക്കനായിരുന്നു. യോര്‍ക്കറുകളെറിയാന്‍ ബൗളിങില്‍ അധികം വേഗതയൊന്നും ആവശ്യമില്ലെന്നു കാണിച്ചുതന്ന ബൗളര്‍ കൂടിയാണ് അദ്ദേഹം.
വേഗതയേക്കാള്‍ കൃത്യതയിലും വൈവിധ്യത്തിലുമാണ് വാസ് ശ്രദ്ധിച്ചിരുന്നത്. ക്രീസിലുള്ള ബാറ്ററുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന യോര്‍ക്കറുകളിലൂടെ പല തവണ വിക്കറ്റുകള്‍ കൊയ്യാനും ഇടംകൈയന്‍ പേസറായ വാസിനായിട്ടുണ്ട്.

ജസ്പ്രീത് ബുംറ
ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നിലവില്‍ മല്‍സരംഗത്തുള്ള ബൗളര്‍മാരില്‍ എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തേക്കാള്‍ മികവ് പുലര്‍ത്തുന്ന മറ്റൊരു പേസറെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.
ഒരു കളിയുടെ ഏതു ഘട്ടത്തിലും പന്തെറിയാനെത്തി വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുംറയ്ക്കു സാധിക്കും. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ യോര്‍ക്കറുകള്‍ അതിജീവിക്കുകയെന്നത് ഏതൊരു ലോകോത്തര ബാറ്റര്‍ക്കും അസാധ്യം തന്നെയായിരിക്കും.
സ്ലോ ബോളുകളും യോര്‍ക്കറുകളും ബൗണ്‍സറുകളുമെല്ലാം എറിഞ്ഞ് ബാറ്ററുടെ കണക്കുകൂട്ടല്‍ തെറ്റിക്കാനും അതുവഴി വിക്കറ്റുകള്‍ പോക്കറ്റിലാക്കാനും അസാധാരണ മിടുക്ക് തന്നെ ബുംറയ്ക്കുണ്ട്.