
കോലിയുടെ മോശം ഫോം
ബാറ്റിങില്‍ കോലിയുടെ ദയനീയ ഫോം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇങ്ങനെ പോവുകയാണെങ്കില്‍ കോലിയെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചു പോലും ഇന്ത്യക്കു ഗൗരവമായി ആലോചിക്കേണ്ടി വരും. ആദ്യ ടി20യില്‍ കോലി ഡെക്കായി പുറത്തായിരുന്നു. തൊട്ടുമുമ്പത്തെ നാലാം ടെസ്റ്റിലും അദ്ദേഹത്തിന് റണ്‍സെടുക്കാനായിരുന്നില്ല. കരിയറില്‍ ഇതാദ്യമായാണ് കോലി തുടരെ രണ്ടു കളികളില്‍ പൂജ്യത്തിനു ഔട്ടായത്. രണ്ടാം ടി20യില്‍ മികച്ചൊരു ഇന്നിങ്‌സ് തന്നെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. നേരത്തേ പ്രതിസന്ധി ഘട്ടങ്ങലില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള കോലിക്കു പഴയ മാജിക്ക് നഷ്ടമായോ എന്ന ആശങ്കയിലാണ് ആരാധകര്‍.

രോഹിത് മടങ്ങിയെത്തിയാല്‍ ആരെ പുറത്താക്കും?
വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഇന്ത്യ ആദ്യ കളിയില്‍ വിശ്രമം നല്‍കിയിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. ടീം ബാറ്റിങില്‍ തകര്‍ന്നടിഞ്ഞതോടെ രോഹിത്തിനെ ഒഴിവാക്കിയത് ചര്‍ച്ചയായി മാറിയിരുന്നു.
രണ്ടാം ടി20യില്‍ രോഹിത്തിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചനകള്‍. പ്ലെയിങ് ഇലവനില്‍ അദ്ദേഹം തിരിച്ചെത്തിയാല്‍ പകരം ആരെ ഒഴിവാക്കുമെന്നതാണ് ചോദ്യം. ആദ്യ കളിയില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെഎല്‍ രാഹുലും ഒരുപോലെ ഫ്‌ളോപ്പായി മാറിയിരുന്നു.
ദീര്‍ഘകാലമായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന സഖ്യമാണ് രോഹിത്തും ധവാനും. എന്നാല്‍ ടി20യില്‍ ധവാന്റെ പ്രകടനം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടു കുറച്ചുകാലമായിട്ടുണ്ട്. വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ താരത്തിനു കഴിയുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ രാഹുലാവട്ടെ ഇതിനകം ടി20യില്‍ മികവ് തെളിയിച്ച ബാറ്റ്‌സ്മാനാണ്. ആദ്യ കളിയില്‍ നിരാശപ്പെടുത്തിയെങ്കിലും രാഹുലിനെ എഴുതിത്തള്ളാനായിട്ടില്ല. രോഹിത് മടങ്ങിയെത്തിയാല്‍ ഓപ്പണിങ് പങ്കാളിയായി ആരെ കളിപ്പിക്കുമെന്നത് ഇന്ത്യയെ കുഴപ്പിക്കും.

ടീം കോമ്പിനേഷന്‍
ഏതു തരത്തിലുള്ള ടീം കോമ്പിനേഷന്‍ പരീക്ഷിക്കണമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു സംശയം. ആദ്യ ടി20യിലേതു പോലെ ബാറ്റിങിന് ആഴം കൂട്ടിയുള്ള ടീം കോമ്പിനേഷന്‍ വേണോ അതോ പേസര്‍മാരെ കൂടുതല്‍ ഉള്‍പ്പെടുത്തി ബൗളിങില്‍ കുറച്ചുകൂടി ശ്രദ്ധ നല്‍കേണ്ടതുണ്ടോയെന്നും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നു.
കഴിഞ്ഞ കളിയില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തന്ത്രം പാളിയിരുന്നു. ബാറ്റിങ് കൂടി മുന്നില്‍കണ്ടാണ് യുസ്വേന്ദ്ര ചഹലിനൊപ്പം ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെ ഇന്ത്യ ഇറക്കിയത്. ഈ പരീക്ഷണം ക്ലിക്കായില്ല. ഈ മൂന്നു പേരില്‍ ഒരാളെ ഒഴിവാക്കി പകരം പേസര്‍ ദീപക് ചഹറിനെ ടീമിലെടുത്ത് പേസ് ബൗളിങിനു കൂടുതല്‍ മുന്‍തൂക്കം നല്‍കിയുള്ള ടീമിനെ ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിക്കാനിടയുണ്ട്.


Click it and Unblock the Notifications