IND vs AUS: ടെസ്റ്റില്‍ കൂടുതല്‍ ഡെക്ക്, ഫാബുലസ് ഫോറില്‍ മുന്നിലാര്? പട്ടിക ഇതാ

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരം ജയിച്ച് നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ഡല്‍ഹിയിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 263 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ 21 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ ഓസീസ് സ്‌കോറിനെക്കാള്‍ 242 റണ്‍സിന് പിന്നിലാണ് ഇന്ത്യ.
ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടും പിന്നീട് ഓസീസിനെ ഇന്ത്യ എറിഞ്ഞിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്.
മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ ആര്‍ അശ്വിന്‍ പൂജ്യത്തിനാണ് പുറത്താക്കിയത്. ഒരേ ഓവറില്‍ മാര്‍നസ് ലബ്യുഷെയ്‌നെയും സ്മിത്തിനെയും പുറത്താക്കി അശ്വിന്‍ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. സ്മിത്തിനെ രണ്ട് തവണ ഡെക്കാക്കിയ ഏക ബൗളറും അശ്വിനാണ്.
സ്മിത്ത് ഡെക്കില്‍ പുറത്തായതോടെ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന ഫാബുലസ് ഫോറില്‍ കൂടുതല്‍ തവണ ഡെക്കായത് ആരാണെന്ന ചോദ്യം ഉയരുകയാണ്. കണക്കുകള്‍ നോക്കി പരിശോധിക്കാം.

കോലി തലപ്പത്ത്
ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 14 തവണയാണ് ടെസ്റ്റില്‍ കോലി ഡെക്കായത്. സമീപകാലത്തായി കോലി ടെസ്റ്റില്‍ മോശം ഫോമിലാണ്. മൂന്ന് വര്‍ഷത്തോളമായി ഒരു ടെസ്റ്റ് സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല.
പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരേയാണ് കോലിക്ക് അടിതെറ്റുന്നത്. കോലിയുടെ സമീപകാല കണക്കുകളെല്ലാം മോശമാണ്. ഇന്ത്യക്കൊപ്പം പ്രതീക്ഷക്കൊത്തുയരാന്‍ ഇപ്പോള്‍ കോലിക്കാവുന്നില്ല. നാണക്കേടിന്റെ ഈ പട്ടികയില്‍ കോലി ഏറെ നാള്‍ തലപ്പത്ത് തുടരാനാണ് സാധ്യത.

ജോ റൂട്ട്
മുന്‍ ഇംഗ്ലണ്ട് നായകനും ക്ലാസിക് ബാറ്റ്‌സ്മാനുമായ ജോ റൂട്ടാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 12 തവണയാണ് താരം ഡെക്കിന് പുറത്തായത്. പേസിനെയും സ്പിന്നിനെയും നന്നായി നേരിടുന്ന താരമാണ് റൂട്ട്. എന്നാല്‍ 12 തവണ അദ്ദേഹം ഡെക്കായിട്ടുണ്ട്.
സെന രാജ്യങ്ങളിലെല്ലാം ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് റൂട്ടിന് അവകാശപ്പെടാം. സ്ഥിരതയോടെ കളിക്കുന്നതില്‍ റൂട്ട് മിടുക്കനാണ്. എന്നാല്‍ ഈ നാണക്കേടില്‍ രണ്ടാം സ്ഥാനത്തുള്ള താരം ഭാവിയില്‍ കോലിയെ മറികടക്കുമോയെന്നത് കണ്ടറിയാം.

കെയ്ന്‍ വില്യംസണ്‍
ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ കെയ്ന്‍ വില്യംസണ്‍ 9 തവണയാണ് ഡെക്കില്‍ പുറത്തായത്. സെന രാജ്യങ്ങളില്‍ വില്യംസണിനും മികച്ച റെക്കോഡാണുള്ളത്. ഏഷ്യയിലും കളിച്ച് അനുഭനസമ്പത്തേറെയുള്ള വില്യംസണിന്റെ റെക്കോഡുകളും മികച്ചതാണ്. എന്നാല്‍ 9 തവണ പൂജ്യത്തിന് പുറത്താവേണ്ടിവന്നു.
താരത്തിന്റെ സമീപകാല കണക്കുകളെല്ലാം മോശമാണ്. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ സമീപകാലത്തായി വില്യംസണ്‍ വലിയ വിമര്‍ശനം കേട്ടിരുന്നു. ഇപ്പോഴും ന്യൂസീലന്‍ഡിന്റെ സൂപ്പര്‍ താരമെന്ന നിലയില്‍ വലിയ ആരാധക പിന്തുണ വില്യംസണിനുണ്ട്.

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ക്ലാസിക് താരവുമായ സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ ഡെക്കാവുന്നത് ഇത് ഒമ്പതാം തവണയാണ്. എല്ലാ പിച്ചിലും കസറുന്ന ബാറ്റിങ് ശൈലിയാണ് സ്മിത്തിന്റേത്. ഇന്നത്തെ ഡെക്കോടെയാണ് വില്യംസണിനൊപ്പം സ്മിത്ത് എത്തിയത്.
ഇന്ത്യയില്‍ മികച്ച ബാറ്റിങ് റെക്കോഡുണ്ടെങ്കിലും ഇത്തവണ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സ്മിത്തിന് സാധിച്ചിട്ടില്ല. ഡല്‍ഹിയില്‍ രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തില്‍ നിന്ന് ഗംഭീര തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഓസീസിനെ സംബന്ധിച്ചും സ്മിത്തിന്റെ തിരിച്ചുവരവ് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications