
ഇഷാന് കിഷന്‍ (9/10)
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വരവറിയിക്കാന്‍ 22 കാരനായ ഇഷാന്‍ കിഷനു കഴിഞ്ഞു. തുടക്കത്തില്‍ തന്നെ കെഎല്‍ രാഹുലിനെ നഷ്ടമായെങ്കിലും ഒട്ടും സമ്മര്‍ദ്ദമില്ലാതെ നിര്‍ഭയനായി ബാറ്റ് ചെയ്യാന്‍ കന്നി മല്‍സരത്തില്‍ തന്നെ ഇഷാന് സാധിച്ചു. 32 ബോളില്‍ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും ഈ ഇന്നിങ്‌സായിരുന്നു.

കെഎല്‍ രാഹുല്‍ (0.5/10)
ഓപ്പണര്‍ കെഎല്‍ രാഹുല്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരങ്ങളിലൊന്നായിരിക്കും ഇത്. ആദ്യ കളിയില്‍ ഒരു റണ്‍സിന് പുറത്തായതിന് പ്രായശ്ചിത്തം ചെയ്യാനുറച്ച് ഇറങ്ങിയ രാഹുലിന് ഇത്തവണ അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. സാം കറെന്റെ ആദ്യ ഓവറിലെ അവസാന ബോളിള്‍ ക്യാച്ച് നല്‍കി രാഹുല്‍ ക്രീസ് വിട്ടപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലും റണ്ണൊന്നുമില്ലായിരുന്നു.

വിരാട് കോലി (9.5/10)
നായകന്റെ ഇന്നിങ്‌സാണ് വിരാട് കോലി ഈ മല്‍സരത്തില്‍ കളിച്ചത്. ഇഷാനോടൊപ്പം രണ്ടാം വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ടീമിന്റെ വിജയം പൂര്‍ത്തിയാക്കുന്നതു വരെ ക്രീസില്‍ തുടരുകയും ചെയ്തു.
ആദ്യ കളിയിലും അതിനു മുമ്പ് കളിച്ച ടെസ്റ്റ് ഇന്നിങ്‌സിലും ഡെക്കായതിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ കോലിക്കു നേരിടേണ്ടി വന്നിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു രണ്ടാം ടി20യിലെ ഇന്നിങ്‌സ്. 49 ബോളില്‍ പുറത്താവാതെ 73 റണ്‍സ് അദ്ദേഹം നേടി.

റിഷഭ് പന്ത് (7/10)
അധികനേരം ക്രീസില്‍ നില്‍ക്കാനായില്ലെങ്കിലും റിഷഭ് പന്തിന്റെ ഇന്നിങ്‌സിനും ഏറെ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇഷാന്‍ പുറത്തായ ശേഷം നാലാമനായി ക്രീസിലെത്തിയ പന്ത് അതേ ശൈലിയിലുള്ള ബാറ്റിങിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 13 ബോളില്‍ 26 റണ്‍സ് അടിച്ചെടുത്താണ് താരം മടങ്ങിയത്. ഇംഗ്ലണ്ട് നല്‍കിയ റണ്‍റേറ്റ് കുറയ്ക്കുന്നതിനും പന്തിന്റെ ഇന്നിങ്‌സ് ഇന്ത്യയെ സഹായിച്ചു.

ശ്രേയസ് അയ്യര്‍ (6/10)
ആദ്യ ടി20യില്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ രക്ഷകനായ ശ്രേയസ് അയ്യര്‍ക്കു ഈ മല്‍സരത്തില്‍ കാരമായൊന്നും ചെയ്യാനില്ലായിരുന്നു. ഇന്ത്യ വിജയമുറപ്പിച്ചിരിക്കെ ക്രീസിലെത്തിയ ശ്രേയസിന് നായകന്‍ കോലിക്കു പിന്തുണ നല്‍കേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. അതു താരം നന്നായി നിര്‍വഹിക്കുകയും ചെയ്തു.

സൂര്യകുമാര്‍ യാദവ് (5.5/10)
ബാറ്റിങിന് ഇറങ്ങാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഫീല്‍ഡില്‍ സജീവമായിരുന്നു അരങ്ങേറ്റക്കാരനായ സൂര്യകുമാര്‍ യാദവ്. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ഒരു ക്യാച്ച് പാഴാക്കിയെങ്കിലും മറ്റൊരു ക്യാച്ചുനായി സൂര്യകുമാര്‍ പ്രായശ്ചിത്തം ചെയ്തു. ജോണി ബെയര്‍സ്‌റ്റോയെയാണ് താരം പുറത്താക്കിയത്. ആദ്യം ബോള്‍ കൈകളില്‍ നിന്നും വഴുതിപ്പോയെങ്കിലും രണ്ടാം ശ്രമത്തില്‍ സൂര്യകുമാര്‍ ബോള്‍ പിടിയിലൊതുക്കുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ (6.5/10)
ബാറ്റ്‌സ്മാനായല്ല മറിച്ച് ബൗളറായാണ് ഹാര്‍ദിക് പാണ്ഡ്യ ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയത്. പുറംഭാഗത്ത് ശസ്ത്രക്രിയക്കു വിധേയനായ ശേഷം മുന്‍നിര ബൗളറായി ഹാര്‍ദിക് തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. നാലോവറില്‍ 33 റണ്‍സാണ് ഹാര്‍ദിക് വഴങ്ങിയത്.

വാഷിങ്ടണ്‍ സുന്ദര്‍ (8.5/10)
ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയവരില്‍ ഒരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ തുടങ്ങി അപകടകാരികളായ രണ്ടു പേരെ പുറത്താക്കാന്‍ വാഷിക്കു കഴിഞ്ഞു. 29 റണ്‍സ് വിട്ടുകൊടുത്താണ് താരം രണ്ടു വിക്കറ്റുകളെടുത്തത്.

ശര്‍ദ്ദുല്‍ ഠാക്കൂര്‍ (8.5/10)
വാഷിങ്ടണിനെക്കൂടാതെ ഇന്ത്യന്‍ ബൗളര്‍മാരില്‍ മറ്റൊരു രണ്ടു വിക്കറ്റ് നേട്ടത്തിന് അവകാശിയായത് ശര്‍ദ്ദുല്‍ ഠാക്കൂറാണ്. 29 റണ്‍സിനായിരുന്നു താരം രണ്ടചു വിക്കറ്റുകളെടുത്തത്. ഡെത്ത് ഓവറുകളില്‍ ഠാക്കൂറിന്റെ സ്ലോ ബോളുകള്‍ക്കെതിരേ റണ്‍സെടുക്കാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പാടുപെട്ടു.

ഭുവനേശ്വര്‍ കുമാര്‍ (8/10)
നീണ്ട ഇടവേളയ്ക്കു ശേഷം ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കിയിരുന്നു. ജോസ് ബ്ടലറെയാണ് ഭുവി ഗോള്‍ഡന്‍ ഡെക്കായി മടക്കിയത്. ഇംഗ്ലണ്ടിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചതിന് പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.

യുസ്വേന്ദ്ര ചഹല്‍ (6.5/10)
ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തത് ലെഗ്‌സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു. നാലോവറില്‍ 34 റണ്‍സ് താരം വഴങ്ങി. എങ്കിലും ടി20യിലെ നമ്പര്‍ ബാറ്റ്‌സ്മാനായ ഡേവിഡ് മലാനെ പുറത്താക്കാന്‍ ചഹലിനു കഴിഞ്ഞു. മലാനെ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.


Click it and Unblock the Notifications