ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പേരുകളിലൊന്നായിരിക്കും മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടേത്. കാരണം മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളിലേക്കു ദേശീയ ടീമിനെ കൈപിടിച്ചു നടത്തിയ ക്യാപ്റ്റനാണ് അദ്ദേഹം. ആദ്യം ടി20 ലോകകപ്പും അതിനു ശേഷം ഏകദിന ലോകകപ്പും പിന്നാലെ ചാംപ്യന്‍സ് ട്രോഫിയുമെല്ലാം ധോണി ഇന്ത്യക്കു നേടിത്തന്നു.
ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനും അദ്ദേഹം തന്നെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും വലുതും, കടുപ്പവുമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലും ധോണിയെന്ന മാന്ത്രികന്‍ അദ്ഭുതങ്ങള്‍ തുടര്‍ന്നു. ചെന്നെ സൂപ്പര്‍ കിങ്‌സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഏറ്റവുമധികം ഈ നേട്ടം കൈവരിച്ച നായകരില്‍ ഒരാളുമായി മാറിയിരുന്നു.

40 വയസ്സു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും ധോണി യുവതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കളി തുടരുകയാണ്. മറ്റുള്ള ഭൂരിഭാഗം സെലിബ്രിറ്റികളെയും പോലെ ധോണിയുടെ കുടുംബത്തെക്കുറിച്ചും അധികമാര്‍ക്കും അറിയില്ല. ധോണിയുടെ ഭാര്യ സാക്ഷിയെയും മകള്‍ സിവയെയും മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ സഹോദരീ സഹോദരന്‍മാരെക്കുറിച്ച് പുറംലോകത്തിനു അധികമൊന്നും അറിയില്ലെന്നതാണ് വാസ്തവം.
കാരണം അവരെല്ലാം പ്രശസ്തിയില്‍ നിന്നും മാറി സ്വകാര്യ കുടുംബ ജീവിതം നയിക്കുന്നവരാണ്. ധോണിക്കു നരേന്ദ്രസിങ് ധോണിയെന്ന ഒരു ചേട്ടന്‍ ഉണ്ടെന്നു ഒരുപക്ഷെ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അദ്ദേഹത്തിനു ഒരു ചേച്ചി കൂടിയുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ജയന്തി ഗുപ്തയെന്നാണ് ധോണിയുടെ മൂത്ത സഹോദരിയുടെ പേര്.
പാന്‍സിങ് ധോണിയുടെയും ദേവകി ദേവിയുടെയും ഏക മകളാണ് ഇവര്‍. ജയന്തിയുടെ യഥാര്‍ഥ വയസ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ധോണിയേക്കാള്‍ 3-4 വയസ്സിനെങ്കിലും അവര്‍ മൂത്തതാണെന്നാണ് വിശ്വസിക്കുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോടു ധോണി വലിയ താല്‍പ്പര്യം കാണിച്ചപ്പോള്‍ അതിനു എല്ലാവിധ പിന്തുണയും നല്‍കി കൂടെ നിന്നതു ചേച്ചിയായ ജയന്തിയാണ്. മകന്‍ വലിയൊരു ക്രിക്കറ്ററാവുമോയെന്ന കാര്യത്തില്‍ അച്ഛന്‍ പാന്‍ സിങിനു അത്ര ഉറപ്പില്ലായിരുന്നു. ക്രിക്കറ്റുമായി നടന്നാല്‍ അതു മകന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷെ ധോണിയുടെ ക്രിക്കറ്റിനോയുള്ള പാഷനെക്കുറിച്ചു ജയന്തിക്കു യാതൊരു സംശയവുമില്ലായിരുന്നു. ഒരു നാള്‍ തന്റെ അനുജന്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നു അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. അവരുടെ അകമഴിഞ്ഞ പിന്തുണയും, വിശ്വാസവുമാണ് ധോണിയെ ലോകമറിയുന്ന ഇതിഹാസ ക്രിക്കറ്ററായി പിന്നീട് മാറ്റിയെടുത്തത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനും ധനികനുമായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് നിലവില്‍ ധോണിയെങ്കിലും താങ്ങും തണലുമായി എപ്പോഴും കൂടെനിന്ന ജയന്തിയെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നമുക്കു കാണാന്‍ സാധിക്കില്ല. മാധ്യമങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വളരെ സ്വസ്ഥമായ കുടുംബ ജീവിതവുമായി ഇവര്‍ മുന്നോട്ടു പോവുകയാണ്. ജന്‍മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ഒരു പബ്ലിക് സ്‌കൂളിലെ അധ്യാപിക കൂടിയാണ് ജയന്തിയെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ജയന്തി വിവാഹം കഴിച്ചിരിക്കുന്നത് ധോണിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയായ ഗൗതം ഗുപ്തയെ ആണെന്നതാണ് മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം. റാഞ്ചി സ്വദേശിയായ അദ്ദേഹം ചെറുപ്പനാള്‍ മുതല്‍ ധോണിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.
കരിയറിന്റെ തുടക്കകാലത്തു ജില്ലാ, സംസ്ഥാന ടീമുകള്‍ക്കു വേണ്ടി ധോണി കളിച്ചിരുന്ന കാലത്തു ഗൗതം ഗുപ്ത ഏറെ സഹായിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ധോണിയുടെ ചേച്ചിയെ വിവാഹം കഴിച്ച ഗൗതം അവരുടെ കുടുംബാംഗങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു.