ഐസിസിയുടെ ടി20 ലോകകപ്പ് ആറു മാസത്തിനകം നടക്കാനിരിക്കെ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ടി20 പരമ്പരകളിലെല്ലാം യുവതാരങ്ങളെയാണ് ഇന്ത്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പിനു മുമ്പ് ഇവരില്‍ നിന്നും ഏറ്റവും മികച്ചവരെ കണ്ടെത്തി ശക്തമായ ഒരു പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കുക.
സൗത്താഫ്രിക്കയുമായുള്ള പരമ്പരയ്ക്കു ശേഷം ഒരേയൊരു ടി20 പരമ്പര മാത്രമേ ഇന്ത്യക്കുള്ളൂ. ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ നാട്ടിലാണ് മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പര. 15 പേരുള്‍പ്പെടുന്ന സ്‌ക്വാഡിനെയായിരിക്കും ടി20 ലോകകപ്പിനായി ഇന്ത്യക്കു തിരഞ്ഞെടുക്കാന്‍ സാധിക്കുക. അടുത്ത വര്‍ഷത്തെ ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചു മാത്രമേ ലോകകപ്പ് സംഘത്തെ തീരുമാനിക്കുകയുള്ളൂ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരൊന്നും സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല. ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലും മൂന്നു പേരും കളിച്ചിരുന്നില്ല. ഇനി അഫ്ഗാനെതിരേയും ഇവര്‍ ടീമിലുണ്ടാവാന്‍ സാധ്യത കുറവാണ്.
പക്ഷെ ഐപിഎല്ലില്‍ മിന്നിച്ചാല്‍ ഇവര്‍ക്കു ടി20 ലോകകപ്പില്‍ ടീമിലേക്കു വിളിയെത്തിയേക്കും. രോഹിത്, കോലി, ഹാര്‍ദിക് എന്നിവര്‍ മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
വലംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കം അത്ര മികച്ചതായിരുന്നല്ലെങ്കിലും ഇപ്പോള്‍ കൂടുതല്‍ മികച്ച പ്രകടനങ്ങളാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. കന്നി ടി20 സെഞ്ച്വറിയും റുതുരാജ് പരമ്പരയില്‍ കുറിച്ചിരുന്നു.
ഈ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജിന്റെ മിടുക്ക് കൂടിയാണ് ഇതു തെളിയിക്കുന്നത്. പക്ഷെ രോഹിത് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു ടി20യില്‍ സ്ഥാനം നഷ്ടമാവും. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും ടീമിലെ മറ്റു ഓപ്പണര്‍മാര്‍.

ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനം തെറിക്കാനിടയുള്ള രണ്ടാമത്തെയാള്‍. നിലവില്‍ മൂന്നാം നമ്പറിലാണ് ടി20യില്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ കോലി തിരിച്ചെത്തിയാല്‍ ഈ സ്ഥാനം ഇഷാന് ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും.
കോലി ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തിയത് കോലിയായിരുന്നു. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹത്തെ തഴഞ്ഞാല്‍ അതു അബദ്ധവുമായിരിക്കും.
ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്തുപോവാനിടയുള്ള മൂന്നാമത്തെ താരം. ഹാര്‍ദിക് ടീമിലുണ്ടെങ്കില്‍ മുകേഷിനെ പിന്നീട് ഇന്ത്യക്കു വേണ്ടി വരില്ല. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍ മാത്രമല്ല വമ്പന്‍ ഷോട്ടുകള്‍ക്കു ശേഷിയുള്ള ബാറ്ററും കൂടിയാണ് ഹാര്‍ദിക്.
മുകേഷിനാവട്ടെ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിനകം കളിച്ചു കഴിഞ്ഞ മല്‍സരങ്ങളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.