Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കും ജഡ്ഡുവും വഴി മാറൂ! ഭാവി ഓള്‍റൗണ്ടര്‍മാര്‍ തയ്യാര്‍, ടീം ഇന്ത്യക്കായി മിന്നിക്കും

സൗത്താഫ്രിക്കയില്‍ നടക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനി ഒരു സെമി ഫൈനലും ഫൈനലും മാത്രമാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. നിലവിലെ ജേതാക്കളും ഏറ്റവുമധികം തവണ ചാംപ്യന്‍മാരുമായ ഇന്ത്യ ഇതിനകം കലാശപ്പോരിനു ടിക്കറ്റെടുത്തു കഴിഞ്ഞു. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള സെമിയിലെ വിജയികളാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഉദയ് സഹരണ്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിരയുടെ എതിരാളികള്‍.

ലോക ക്രിക്കറ്റില്‍ ഭാവി സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ള ചിലര്‍ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ വരവറിയിച്ചു കഴിഞ്ഞു. മികച്ച പിന്തുണയും കൂടുതല്‍ അവസരങ്ങളും നല്‍കിയാല്‍ ഭാവിയില്‍ ലോകോത്തര ക്രിക്കറ്റര്‍മാരായി മാറാന്‍ ഇവരില്‍ ചിലര്‍ക്കു സാധിക്കും. ഓള്‍റൗണ്ടര്‍മാര്‍ ഏതു ഫോര്‍മാറ്റിലും ടീമുകളെ സംബന്ധിച്ച് തുറുപ്പുചീട്ടുകളാണ്.

RAJ LIMBANI

ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ചില യുവതാരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരെ വളര്‍ത്തിയെടുത്താല്‍ ഭാവിയില്‍ സീനിയര്‍ ടീമിനൊപ്പം മാച്ച് വിന്നര്‍മാരായി മാറാന്‍ സാധിക്കുകയും ചെയ്‌തേക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കും ശേഷം ആര് എന്ന ചോദ്യത്തിനു ഇതോടെ ഇന്ത്യക്കു ഉത്തരം ലഭിക്കുകയും ചെയ്യും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ന്യൂ ബോള്‍ ബൗളറായ പേസര്‍ രാജ് ലിംബാനിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. സെമി ഫൈനലില്‍ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ താരത്തിനായിരുന്നു. മുന്‍നിരയില്‍ അവരുടെ രണ്ടു വിക്കറ്റുകള്‍ പിഴുതത് ലിംബാനിയാണ്. പവര്‍പ്ലേയില്‍ തന്നെയാണ് താരം രണ്ടു പേരെ പുറത്താക്കിയത്. വളരെ നല്ല വേഗതയോടൊപ്പം ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനും സാധിക്കുമെന്നതുമാണ് ലിംബാനിയുടെ മിടുക്ക്.

ടൂര്‍ണമെന്റില്‍ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 3.89 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ യുവ ഫാസ്റ്റ് ബൗളര്‍ നേടിക്കഴിഞ്ഞു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും സംഭാവന നല്‍കാന്‍ തനിക്കു കഴിയുമെന്നു സെമിയില്‍ ഇടംകൈയന്‍ ബാറ്ററായ ലിംബാനി കാണിച്ചുതന്നിരുന്നു. റണ്‍ചേസില്‍ അവസാന ഘട്ടത്തില്‍ ഇന്ത്യ അല്‍പ്പമൊന്നു പതറിയപ്പോള്‍ നാലു ബോളില്‍ 13 റണ്‍സുമായി താരം ടീമിന്റെ രക്ഷകനായിരുന്നു. ഭാവിയില്‍ മികച്ചൊരു സീം ബൗളിങ് ഓൾറൗണ്ടറായി മാറാന്‍ സാധിക്കുന്നയാളാണ് ലിംബാനി.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ടോപ്പ് ത്രീയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം വേഗതയില്‍ ബൗള്‍ ചെയ്യാനും സാധിക്കുന്ന ക്രിക്കറ്റര്‍മാര്‍ ഇന്ത്യക്കു അധികമുണ്ടായിട്ടില്ല. ലോക ക്രിക്കറ്റില്‍ ഷെയ്ന്‍ വാട്‌സന്‍, ജാക്വസ് കാലിസ്, ആന്‍ഡ്രു ഫ്‌ളിന്റോഫ്, ബെന്‍ സ്റ്റോക്‌സ് എന്നിവരെ നമുക്കു ഈ ഗണത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പക്ഷെ അങ്ങനെയൊരാള്‍ നമുക്കുണ്ടായിട്ടില്ല.

ARSHIN KULKARNI

ഈ കുറവ് നികത്താന്‍ സാധിക്കുന്നയാളാണ് അര്‍ഷിന്‍. ഓപ്പണിങ് ബാറ്റര്‍ കൂടിയായ താരത്തിനു പവര്‍പ്ലേയിലും ടീമിനായി ബൗള്‍ ചെയ്യാനുള്ള മിടുക്കുണ്ട്. അടുത്ത ഹാര്‍ദിക് പാണ്ഡ്യയെന്നാണ് അര്‍ഷിനെ പലരും വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും ഭാഗമാണ് താരം. കഴിഞ്ഞ ലേലത്തിലാണ് അര്‍ഷിനെ എല്‍എസ്ജി വാങ്ങിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വേണ്ടി 186 റണ്‍സും നാലു വിക്കറ്റുകളും താരം നേടിക്കഴിഞ്ഞു.

മുഷീര്‍ ഖാനാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 10 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇല്ല. ഈ കുറവ് നികത്താന്‍ സാധിക്കുന്നയാളാണ് മുഷീര്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. രണ്ടു സെഞ്ച്വറികളടക്കം 67.69 ശരാശരിയില്‍ 101.19 സ്‌ട്രൈക്ക് റേറ്റില്‍ 338 റണ്‍സ് മുഷീര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 3.32 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും വീഴ്ത്തി.

Story first published: Wednesday, February 7, 2024, 16:59 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+