അഹമ്മദാബാദ്: അസാധാരണമായി ഒന്നും സംഭവിച്ചില്ല. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന കെഎല്‍ രാഹുലിന്റെ ദയനീയ പ്രകടനം തുടരുകയാണ്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അദ്ദേഹം ഡെക്കായി ക്രീസ് വിട്ടു. കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ മൂന്നാം തവണയാണ് രാഹുല്‍ പൂജ്യത്തിന് ഔട്ടായത്.

0, 1, 0, 0 എന്നിങ്ങനെയാണ് അവസാനമായി കളിച്ച നാല് ഇന്നിങ്‌സുകളില്‍ രാഹുലിന്റെ സ്‌കോറുകള്‍. ഒന്നില്‍പ്പോലും 10 ബോളുകളുടെ ആയുസ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ വച്ചാണ് രാഹുലിന്റെ ഡെക്ക് 'പ്രേമത്തിന്റെ' തുടക്കം. അന്നു രണ്ടു ബോളുകളില്‍ നിന്നും പൂജ്യത്തിന് പുറത്തായ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴും ഡെക്കിനെ കൈവിട്ടില്ല.
ആദ്യ ടി20യില്‍ നാലു ബോളില്‍ ഒരു റണ്‍സോടെ മടങ്ങിയ രാഹുല്‍ രണ്ടാം ടി20യില്‍ ആറു ബോളില്‍ ഡെക്കായി ക്രീസ് വിട്ടു. ഇന്നത്തെ കളിയില്‍ നാലു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. മാര്‍ക്ക് വുഡിന്റെ തകര്‍പ്പന്‍ ബോളില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡാവുകയായരുന്നു. അദ്ദേഹത്തിന്റെ ബാറ്റിനും പാഡിനുമിടയിലൂടെയാണ് ബോള്‍ സ്റ്റംപുകള്‍ തെറിപ്പിച്ചത്.
അതേസമയം, മൂന്നാം ടി20യിലെയും ദയനീയ പ്രകടനത്തോടെ രാഹുലിന് അടുത്ത മല്‍സരങ്ങളില്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് അടക്കമുള്ള താരങ്ങള്‍ പുറത്തിരിക്കെ രാഹുലിന് ഇന്ത്യ ഇനിയൊരു അവസരം കൂട നല്‍കാന്‍ സാധ്യതയില്ല. നാലാം ടി20യില്‍ സൂര്യകുമാറിനെ ഇന്ത്യ തിരിച്ചുവിളിക്കാനാണ് സാധ്യത. രാഹുലിന് ഇതോടെ പുറത്തിരിക്കേണ്ടി വരും. രോഹിത്തിനൊപ്പം ഇഷാന്‍ കിഷനായിരിക്കും ശേഷിച്ച രണ്ടു കളികളില്‍ ഓപ്പണ്‍ ചെയ്യുകയെന്നും ഏറെക്കുറെ ഉറപ്പിക്കാം.
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോയിട്ടും മൂന്നാം ടി20യില്‍ രാഹുലില്‍ ഒരിക്കല്‍ക്കൂടി വിശ്വാമര്‍പ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു. രാഹുലിന് ഒരവസരം കൂടി നല്‍കിയതു കാരണം സൂര്യകുമാറിനാണ് സ്ഥാനം നഷ്ടമായത്. രണ്ടാം ടി20യില്‍ അരങ്ങേറിയെങ്കിലും സൂര്യക്കു ഒരു ബോള്‍ പോലും നേരിടാനുള്ള അവസരം ലഭിച്ചിരുന്നില്ല. സൂര്യയെ ഒഴിവാക്കയതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെം നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായതോടെ സൂര്യ ഫാന്‍സ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുമെന്നുറപ്പാണ്.
അതേസമയം, മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമാണ്. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 87 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റെടുത്ത മാര്‍ക്ക് വുഡാണ് ഇന്ത്യയെ തകര്‍ത്തത്.