ജൂലൈ 13 വളരെ സ്‌പെഷ്യല്‍, വിരമിക്കാന്‍ തിരഞ്ഞെടുത്തതും ഈ ദിവസം തന്നെ!- കാരണം കൈഫ് പറയുന്നു
ഇന്ത്യയുടെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് മുഹമ്മദ് കൈഫ് വിശേഷിപ്പിക്കപ്പെടുന്നത്. ബാറ്റിങ് മികവിനേക്കാള്‍ ഫീല്‍ഡിങ് പ്രകടനങ്ങള്‍ കൊണ്ടാണ് അദ്ദേഹം ആരാധകര്‍ക്കു പ്രിയങ്കരനായത്. അന്താരാഷ്ട്ര കരിയറില്‍ പ്രതീക്ഷിച്ച അത്രയും ഉയരങ്ങളിലെത്താനായില്ലെങ്കിലും നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിലെ ഹീറോയിസം ആരും മറന്നിട്ടുണ്ടാവില്ല. 2002ല്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ മലര്‍ത്തിയടിച്ച് ഇന്ത്യ ട്രോഫിയുയര്‍ത്തിയപ്പോള്‍ ജയത്തിന് ചുക്കാന്‍ പിടിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു കൈഫ്. മറ്റൊരാള്‍ അടുത്ത കൂട്ടുകാരനായ യുവരാജ് സിങായിരുന്നു.
നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിനു ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. തോല്‍വിയുറപ്പിച്ച ഇടത്തു നിന്നായിരുന്നു സൗരവ് ഗാംഗുലിയുടെ ടീം അവിശ്വസനീയ വിജയം കൈപ്പടിയിലൊതുക്കിയത്. ഫൈനല്‍ വിജയത്തിനു ശേഷം ഗാംഗുലി ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ഷര്‍ട്ടൂരി വീശി നടത്തിയ നടത്തിയ ആഹ്ലാദപ്രകടനം ഇന്നും ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. 2018 ജൂലൈ 13നായിരുന്നു കൈഫ് ക്രിക്കറ്റിനോടു വിട പറഞ്ഞത്. എന്തുകൊണ്ടാണ് ഈ ദിവസം താന്‍ തിരഞ്ഞെടുത്തതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കൈഫ്.

സ്‌പെഷ്യല്‍ ദിവസം
2002ല്‍ ജൂലൈ 13നായിരുന്നു ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ നാറ്റ്‌വെസ്റ്റ് ട്രോഫി സ്വന്തമാക്കിയത്. ജൂലൈ 13ന് തന്റെ ജീവിതത്തിലെ വളരെ സ്‌പെഷ്യല്‍ ദിവസമാണെന്നും അതുകൊണ്ടാണ് അന്നു ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും കൈഫ് വ്യക്തമാക്കി.
ജൂലൈ 13 എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നുണ്ടാവും. എന്റെ ജീവിതം മാറ്റിമറിച്ച ദിവസമായിരുന്നു അത്. ആ ദിവസം എന്നും ഓര്‍മിക്കപ്പെടുന്നതാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് 2018 ജൂലൈ 13നു തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും കൈഫ് പറയുന്നു.

അവിസ്മരണീയമായ അനുഭവം
അന്നത്തെ ഫൈനല്‍ ഇപ്പോഴും മറക്കാന്‍ കഴിയില്ല. കാരണം തന്നെ സംബന്ധിച്ച് തീര്‍ച്ചും അപരിചിതമായ ഒരു സാഹചര്യമായിരുന്നു അത്. മുമ്പൊരിക്കലും ഇത്തരമൊരു അവസ്ഥയില്‍, ഒരു ഫൈനലില്‍ കളിച്ചിട്ടില്ല. ഇന്ത്യ ഫൈനല്‍ വരെയെത്തുകയും എന്നാല്‍ കലാശക്കളിയില്‍ തോല്‍ക്കുകയും ചെയ്യുന്നൊരു പതിവ് അന്നുണ്ടായിരുന്നു.
ഫൈനല്‍ വരെ ഇന്ത്യയായിരിക്കും മികച്ച ടീം. പക്ഷെ അവസാന കടമ്പയില്‍ ടീമിന് പിഴയ്ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഈയൊരു ചീത്തപ്പേര് മായ്ക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായി കൈഫ് വ്യക്തമാക്കി.

ഒരുപാട് പ്ലാനിങ് നടത്തി
ഫൈനലിനു മുമ്പ് ഇംഗ്ലണ്ടിനെ എങ്ങനെ പിടിച്ചു നിര്‍ത്താം എന്നതിനെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് പ്ലാനിങ് നടത്തിയിരുന്നു. പക്ഷെ അവസാനം എല്ലാം വെറുതെയായി. കാരണം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 325 റണ്‍സെന്ന വലിയ സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്. അക്കാലത്ത് 300 റണ്‍സിന് മുകളില്‍ ചേസ് ചെയ്യുകയെന്നത് ഏറെക്കുറെ അപ്രാപ്യം തന്നെയായിരുന്നു.
ഇംഗ്ലണ്ട് വലിയ സ്‌കോര്‍ നേടിയപ്പോള്‍ തന്നെ ഇന്ത്യന്‍ ക്യാംപില്‍ എല്ലാവരും നിരാശരായിരുന്നു. റണ്‍ചേസില്‍ അങ്ങനെയൊരു വഴിത്തിരിവുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച
326 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ അഞ്ചിന് 146 റണ്‍സെന്ന നിലയില്‍ പതറവെയാണ് കൈഫും യുവിയും ക്രീസില്‍ ഒന്നിച്ചത്. 121 റണ്‍സ് അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്ത് ഇരുവരും ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.
യുവി പുറത്തായെങ്കിലും 87 റണ്‍സോടെ പുറത്താവാതെ നിന്ന കൈഫ് രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 150 റണ്‍സാവുമ്പോഴേക്കും മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായതോടെ ആരാധകര്‍ മറ്റൊരു ഫൈനല്‍ തോല്‍വിയുറപ്പിച്ചിരുന്നു. കാരണം യുവതാരങ്ങളായ കൈഫും യുവരാജുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇന്ത്യയുടെ വിധിയുറപ്പിച്ച് ഗ്രൗണ്ട് വിടുകയും ടെലിവിഷന്‍ ഓഫ് ചെയ്യുകയും ചെയ്ത ആരാധകര്‍ പിന്നീടറിഞ്ഞത് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തെക്കുറിച്ചാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications