ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷം വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ടെസ്റ്റ് ടീം ഓഫ് ദി ഇയറിനെ തിരഞ്ഞടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രലേിയ. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ഈ ടീമിന്റെ ക്യാപ്റ്റനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പദവിയിലിരിക്കെയാണ് അദ്ദേഹത്തിനു അപ്രതീക്ഷിതമായി ഈ റോളിലേക്കു നറുക്കു വീണിരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യയെ ഒരു ടെസ്റ്റില്‍ മാത്രമേ ബുംറ നയിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലായിരുന്നു ഇത്. രോഹിത് ശര്‍മയുടെ അഭാവമാണ് അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കാന്‍ കാരണം. ഈ മല്‍സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം നേടിക്കൊടുക്കാനും ബുംറയ്ക്കായിരുന്നു. ഇതാണ് ഇപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബെസ്റ്റ് ഇലവന്റെ നായകസ്ഥാനത്തേക്കും അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്.
Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനെ പോലും തഴഞ്ഞാണ് ബുംറയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നായകസ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. കൂടാതെ ഓസ്‌ട്രേലിയയുടെ വെടികെട്ട് ബാറ്റര്‍ ട്രാവിസ് ഹെഡിനും ടീമില്‍ സ്ഥാനം ലഭിച്ചില്ല.

ഇന്ത്യയുടെ രണ്ടു പേര്‍ മാത്രം
ഇന്ത്യയുടെ രണ്ടു പേര്‍ മാത്രമേ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം ഓഫ് ദി ഇയറില്‍ ഇടം നേടിയിട്ടുള്ളൂ. ജസ്പ്രീത് ബുംറയെക്കൂടാതെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇലവനിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരമാണ് ജയ്‌സ്വാള്‍. കൂടാതെ ടെസ്റ്റില്‍ ഈ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മികച്ച ടെസ്റ്റ് ഇലവനില്‍ ജയ്‌സ്വാളിന്റെ ഓപ്പണിണ് പങ്കാളി ഇംഗ്ലണ്ട് താരം ബെന്‍ ഡക്കെറ്റാണ്. ഈ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമാണ് അദ്ദേഹം. 17 ടെസ്റ്റുകളില്‍ നിന്നും ഡക്കെറ്റ് 1149 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.
മധ്യനിരയില്‍ ഇവര്‍
ടെസ്റ്റ് ടീം ഓഫ് ദി ഇയറിനായി മൂന്നാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ടിന്റെ റണ്‍മെഷീനും സൂപ്പര്‍ താരവുമായ ജോ റൂട്ടാണ്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരവും അദ്ദേഹം തന്നെയാണ്. 17 ടെസ്റ്റുകളിലായി 31 ഇന്നിങ്‌സുകളിലാണ് റൂട്ട് ബാറ്റ് വീശിയത്. ഇവയില്‍ നിന്നും നേടിയത് 1556 റണ്‍സാണ്.
റൂട്ടിനു ശേഷം നാലാം നമ്പറില്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണുള്ളത്. അതിനു ശേഷം അഞ്ചാമനായി ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനും വെടിക്കെട്ട് ബാറ്ററുമായ ഹാരി ബ്രൂക്കും കളിക്കും. അഞ്ചാം നമ്പറിലുള്ളത് ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസാണ്.
ഈ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് അടിച്ചവരില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളവരാണ് ബ്രൂക്കും മെന്‍ഡിസും. ബ്രൂക്ക് 12 ടെസ്റ്റുകളില്‍ നിന്നും 1100 റണ്‍സ് നേടിയപ്പോള്‍ മെന്‍ഡിസ് ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 1049 റണ്‍സും അടിച്ചെടുത്തു. വിക്കറ്റ് കീപ്പറായി ഇലവനിലെത്തിയത് ഓസ്‌ട്രേലിയന്‍ താരം അലെക്‌സ് ക്യാരിയാണ്. റിഷഭ് പന്തിനെ തഴഞ്ഞാണ് ക്യാരിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തത്.

ബൗളിങ് ലൈനപ്പ്
ടെസ്റ്റ് ടീമിന്റെ ബൗളിങ് ലൈനപ്പില്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്നറുമാണുള്ളത്. ഇലവന്റെ ക്യാപ്റ്റന്‍ കൂടിയായ ജസ്പ്രീത് ബുംറയെക്കൂടാതെ ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‍ട്രി എന്നിവരാണ് പേസ് നിരയിലെ മറ്റുള്ളവര്‍. ഏക സ്പിന്നര്‍ സൗത്താഫ്രിക്കയുടെ കേശവ് മഹാരാജുമാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് 11
യശസ്വി ജയ്‌സ്വാള്‍, ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, രചിന്‍ രവീന്ദ്ര, ഹാരി ബ്രൂക്ക്, കമിന്ദു മെന്‍ഡിസ്, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), മാറ്റ് ഹെന്‍ട്രി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, കേശവ് മഹാരാജ്.