
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ നിര്‍ണ്ണായക മത്സരം നാളെ കേപ്ടൗണില്‍ നടക്കാന്‍ പോവുകയാണ്. സെഞ്ച്വൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 113 റണ്‍സിന്റെ ജയം നേടിയപ്പോള്‍ ഏഴ് വിക്കറ്റിന്റെ ജയവുമായാണ് ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവന്നത്. മൂന്ന് മത്സര പരമ്പരയില്‍ 1-1 എന്ന നിലയിലായതിനാല്‍ കേപ്ടൗണില്‍ ജയിക്കുന്നവരാവും പരമ്പര സ്വന്തമാക്കുക. ഇന്ത്യക്ക് ഇതുവരെ ജയിക്കാനാവാത്ത വേദിയാണ് കേപ്ടൗണ്‍. അതുകൊണ്ട് തന്നെ സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഇന്ത്യയെ സംബന്ധിച്ച് കേപ്ടൗണിലെ മുന്‍കാല ചരിത്രം മനോഹരമല്ല. ഇതുവരെ തങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാത്ത കേപ്ടൗണിലെ പിച്ചില്‍ ഇറങ്ങുമ്പോള്‍ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങള്‍ക്കും ആശങ്കകളുണ്ടെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കത് സന്തോഷ നിമിഷമാണത്. കാരണം ബുംറയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കം കേപ്ടൗണിലായിരുന്നു.
2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ കേപ്ടൗണ്‍ ടെസ്റ്റിലൂടെയായിരുന്നു ബുംറ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിയത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവിടെയെത്തുമ്പോള്‍ മനോഹരമായ ഓര്‍മകള്‍ തന്നെയാണെന്നാണ് വൈകാരികമായി അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
'2018 ജനുവരിയില്‍ കേപ്ടൗണിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ എനിക്ക് എല്ലാം തുടങ്ങിയത്. നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് വളര്‍ന്നു. ഈ മൈതാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ സവിശേഷമായ ഓര്‍മകളും തിരിച്ചുവരുന്നു' എന്നാണ് ബുംറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ടെസ്റ്റില്‍ ബുംറ ഇന്ന് എത്തിപ്പിടിച്ചിരിക്കുന്ന ഉയരങ്ങളുടെയെല്ലാം തുടക്കം കേപ്ടൗണില്‍ നിന്നായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ നിന്ന് തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിനെ ക്ലീന്‍ബൗള്‍ഡ് ചെയ്താണ് ബുംറ തന്റെ ടെസ്റ്റിലേക്കുള്ള വരവ് ആഘോഷിച്ചത്. ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റ് മാത്രമാണ് ബുംറ നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ മൂന്ന് സുപ്രധാന വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. എബി ഡിവില്ലിയേഴ്സ്, ഫഫ് ഡുപ്ലെസിസ്, ക്വിന്റന്‍ ഡീകോക്ക് എന്നിവരെയാണ് ബുംറ പുറത്താക്കിയത്.
ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സുപ്രധാന ബൗളറാണ് ബുംറ. 28കാരനായ താരം 26 ടെസ്റ്റില്‍ നിന്ന് 107 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനുമായിട്ടുണ്ട്. വിദേശ മൈതാനങ്ങളിലും മികവ് കാട്ടാനാവുന്നു എന്നതാണ് ബുംറയെ ഇന്ത്യയുടെ വജ്രായുധമാക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ സെഞ്ച്വൂറിയനില്‍ മികവ് കാട്ടാന്‍ ബുംറക്ക് സാധിച്ചിരുന്നെങ്കിലും ജോഹാനസ്ബര്‍ഗില്‍ മികവിനൊത്ത് ഉയരാനായിരുന്നില്ല.
കേപ്ടൗണില്‍ ടീമെന്ന നിലയില്‍ ഒത്തിണക്കമുള്ള പ്രകടനം ഉണ്ടായാലേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവൂ. പേസ് ബൗളിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കേപ്ടൗണിലെ സാഹചര്യങ്ങള്‍ പേസിന് അനുകൂലമാണ്. അതുകൊണ്ട് പരിചയസമ്പന്നരായ ബുംറയുടെയും മുഹമ്മദ് ഷമിയുടെയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. പരിക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിനുണ്ടായേക്കില്ല. പകരം ഉമേഷ് യാദവിന് അവസരം ലഭിച്ചേക്കും. ദക്ഷിണാഫ്രിക്കയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഉമേഷ് യാദവ്.
വിരാട് കോലിയുടെ തിരിച്ചുവരവ് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. രണ്ടാം മത്സരം കളിക്കാതിരുന്ന കോലി പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. നായകസ്ഥാനത്തേക്ക് കോലി മടങ്ങിയെത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ ഭയക്കണം. അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നീ രണ്ട് സീനിയര്‍ താരങ്ങളും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഹനുമ വിഹാരിയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം മെച്ചപ്പെടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എന്തായാലും ശക്തമായ മത്സരം തന്നെ കേപ്ടൗണില്‍ നടക്കുമെന്നുറപ്പ്.