ഏഷ്യാ കപ്പില്‍ നേപ്പാളുമായുള്ള നിര്‍ണായക മല്‍സരത്തിനു മണിക്കൂറുകള്‍ ശേഷിക്കെ ടീം ഇന്ത്യയോടു ഗുഡ്‌ബൈ പറഞ്ഞ് നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഭാര്യയും പ്രശസ്ത ആങ്കറുമായ സഞ്ജന ഗണേശന്റെ ആദ്യത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മുംബൈയിലേക്കു തിരികെ പോയതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സൂപ്പര്‍ ഫോറിലേക്കു ഇന്ത്യ യോഗ്യത നേടിയാല്‍ അവയില്‍ കളിക്കുന്നതിനായി ബുംറ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും സൂപ്പര്‍ ഫോറിലുണ്ടാവും.
ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ സാധ്യതകള്‍ ഇപ്പോഴും തുലാസില്‍ തന്നെയാണ്. ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യത്തെ ഗ്രൂപ്പ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതാണ് ഇന്ത്യക്കു തിരിച്ചടിയായത്. ഇനി നേപ്പാളുമായി ഇന്നു നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ജയിക്കുകയോ, മഴ കാരണം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും. പക്ഷെ കളിയില്‍ നേപ്പാള്‍ അട്ടിമറി ജയം കുറിക്കുകയാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും.

ടീം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ താരമാണ് ബുംറ. ബൗളിങില്‍ ടീമിന്റെ കുന്തമുന കൂടിയാണ് അദ്ദേഹം. പരിക്കു കാരണം 11 മാസത്തോളം പുറത്തിരുന്ന ശേഷം കഴിഞ്ഞ മാസത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ബുംറ കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.
പരമ്പരയില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളെടുത്ത ബുംറ പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തു. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു പാകിസ്താന്റെ ഇന്നിങ്‌സ് ഒരോവര്‍ പോലും നടക്കാതെ പോയതിനാല്‍ ബുംറയ്ക്കു ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല.
ബുംറയുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ മറ്റൊരു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കും നേപ്പാളുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിലെത്തുകയെന്നാണ് വിവരം. പാകിസ്താനെതിരായ കളിയില്‍ തികച്ചും അപ്രതീക്ഷിതമായി പ്ലെയിങ് ഇലവനില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
അതിനിടെ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ദേശീയ ടീം വിട്ട ബുംറയ്‌ക്കെതിരേ സോഷ്യല്‍ മീഡിയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ദേശിയ ടീമിനേക്കാള്‍ വലുതല്ല കുടുബമെന്നും അതുകൊണ്ടു തന്നെ അദ്ദേഹം നേപ്പാളുമായുള്ള നിര്‍ണായകമായ മല്‍സരത്തില്‍ കളിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയായിരുന്നു ധോണിയുടെ ഭാര്യ സാക്ഷിയുടെ പ്രസവം. പക്ഷെ മകള്‍ സിവയെ കാണാന്‍ നാട്ടിലേക്കു പോവാതെ ധോണി ദേശീയ ടീമിനൊപ്പം തുടരുകയായിരുന്നു. താന്‍ ദേശീയ ടീമിനോടൊപ്പം ഡ്യൂട്ടിയിലാണെന്നും സ്വന്തം ടീമിനെ മധ്യത്തില്‍ ഉപക്ഷിക്കില്ലെന്നുമായിരുന്നു അന്നു ധോണി പറഞ്ഞത്. ഇതു തന്നെയായിരുന്നു ബുംറയും മാതൃകയാക്കേണ്ടതെന്നു ആരാധകര്‍ പറയുന്നു.
ബുംറ മാത്രമല്ല ഇന്ത്യന്‍ ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഇതുമായി ബന്ധപ്പെട്ടു പലരും പരാമര്‍ശിക്കുന്നുണ്ട്. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു കോലിയുടെ ഭാര്യയും പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ ആദ്യത്തെ കുഞ്ഞിനു ജന്‍മം നല്‍കിയത്.
ഈ സമയത്തു കോലിക്കു കീഴില്‍ ടീം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുകയായിരുന്നു. കോലി നയിച്ച ഇന്ത്യന്‍ ടീം ആദ്യ ടെസ്റ്റില്‍ ഓസീസിനോടു നാണംകെട്ട തോല്‍വിയുമേറ്റു വാങ്ങി. ഈ ടെസ്റ്റിനു പിന്നാലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും പിന്മാറിയ കോലി ഭാര്യയെ കാണാന്‍ ടീം വിട്ട് നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇതിന്റെ പേരില്‍ ചില മുന്‍ താരങ്ങളും ആരാധകരുമെല്ലാം കോലിയെ ഏറെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോലിയുടെ അഭാവത്തില്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. രണ്ടാം ടെസ്റ്റില്‍ രഹാനെയ്ക്കു കീഴില്‍ ജയിച്ച ടീം പരമ്പര 1-1നു തുല്യമാക്കി. മൂന്നാം ടെസ്റ്റ് സമനിലയിലാക്കിയ ഇന്ത്യ അവസാന ടെസ്റ്റില്‍ ജയിച്ച് 2-1നു പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.