
അതേസമയം, പാകിസ്താന്റെ പുതിയ പേസ് സെന്‍സേഷനായ ഷഹീന്‍ അഫ്രീഡിയെയും ബുംറയെയും തമ്മില്‍ താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ്. ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റില്‍ ശ്രദ്ധേയനായി മാറിയ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ് ഷഹീന്‍. ഇതിനകം പാക് ടീമിനു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും താരം കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജസ്പ്രീത് ബുംറയുടെ കരിയര്‍ ഗ്രാഫ് സ്ഥിരതയുള്ളതാണെങ്കിലും ഷഹീന്‍ അഫ്രീഡിയോളം അഗ്രസീവായിട്ടുള്ള ബൗളറല്ലെന്നു അക്വിബ് ജാവേദ് പാക് ടിവി.ടിവിയോടു സംസാരിക്കവെ ചൂണ്ടിക്കാട്ടി. നിലവില്‍ മുഴുവന്‍ ഫോര്‍മാറ്റുകളിലും ബുംറയേക്കാള്‍ അപകടം വിതയ്ക്കുന്ന ബൗളറായി ഷഹീന്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ശരാശരി ബൗളിങ് വേഗതയെടുത്താല്‍ അതു ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കും. അവന്‍ ബൗള്‍ ചെയ്യാന്‍ കുതിച്ചെത്തുമ്പോള്‍ അതു തനിക്കു നേരെയാണെന്നു ബാറ്റര്‍ക്ക് അറിയാം. വളരെ അഗ്രസീവായാണ് ഹാരിസ് ബൗള്‍ ചെയ്യുന്നത്. പക്ഷെ ജസ്പ്രീത് ബുംറയുടെ കാര്യമെടുത്താല്‍ അദ്ദേഹം അത്രത്തോളം അഗ്രസീവല്ല. ഇത്തരം ശരീരഭാഷയുള്ള ബൗളര്‍മാരുടെ പ്രകടനം ആളുകള്‍ ആസ്വദിക്കുന്നുവെന്നും അക്വിബ് ജാവേദ് നിരീക്ഷിച്ചു.

ഷഹീന്‍ അഫ്രീഡിയുടെ കരിയര്‍ ഗ്രാഫെടുക്കുകയാണെങ്ങില്‍ അതു മുകളിലേക്കാണ്. പക്ഷെ ജസ്പ്രീത് ബുംറയുടെ ഗ്രാഫ് മുകളിലേക്കു പോവുന്നില്ല. അതു സ്ഥിരതയോടെ നില്‍ക്കുകയാണ്. ടി20, ഏകദിനം, ടെസ്റ്റ് തുടങ്ങി ഏതു ഫോര്‍മാറ്റുകളെടുത്താലും ഷഹീനോളം അപകടകാരിയായ ഫാസ്റ്റ് ബൗളറല്ല ബുംറ. പാകിസ്താന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച പ്രധാനമായും ഷഹീന്‍, ഹാരിസ് റൗഫ്, ഷതാബ് ഖാന്‍, ബാബര്‍ ആസം, മുഹദ് റിസ്വാന്‍ എന്നിവരുടെ പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും അക്വിബ് ജാവേദ് വിശദമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഷഹീന്‍ അഫ്രീഡി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 36 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 22.20 ശരാശരിയില്‍ 78 വിക്കറ്റുകളാണ് ഷഹീന്‍ കൊയ്തത്.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. ഇന്ത്യയുമായുള്ള ക്ലാസിക്ക് പോരാട്ടത്തില്‍ നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകള്‍ ഷഹീനായിരുന്നു. പാകിസ്താന്‍ തകര്‍പ്പന്‍ വിജയം കൊയ്ത മല്‍സരത്തില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. അതേസമയം, ജസ്പ്രീത് ബുംറ ഇന്ത്യക്കായി ഇതിവരെ 156 മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 303 വിക്കറ്റുകളെടുക്കുകയും ചെയ്തു.


Click it and Unblock the Notifications











