നോട്ടിങ്ഹാം : ആധുനിക ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പേസറാണ് ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ തിളങ്ങി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി ബുംറ മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പിലുള്‍പ്പെടെ ഇന്ത്യയുടെ വിജയസാധ്യത നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കാണ് ബുംറക്കുള്ളത്.
നോട്ടിങ്ഹാമില്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും പോക്കറ്റിലാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു വിക്കറ്റ് പോലും നേടാനാവാതെ നിരാശപ്പെടുത്തിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള തക്ക മറുപടിയാണ് ബുംറ നല്‍കിയത്.

ടെസ്റ്റിലെ തന്റെ ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇത്. ബുംറയുടെ ഈ ആറ് അഞ്ച് വിക്കറ്റ് പ്രകടനവും വിദേശ പിച്ചിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ബുംറ അരങ്ങേറിയ ശേഷം വിദേശ പിച്ചില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത് ബുംറയാണ്. രണ്ടാം സ്ഥാനത്തുള്ള ഇഷാന്ത് ശര്‍മ മൂന്ന് തവണയാണ് ബുംറയുടെ അരങ്ങേറ്റത്തിന് ശേഷം വിദേശ പിച്ചില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. മുഹമ്മദ് ഷമി രണ്ട് തവണയും മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ തവണയും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
രണ്ടാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത് ബുംറയാണ്. ഡോം സിബ്ലി, സാക്ക് ക്രോളി എന്നിവരെ മടക്കിയ ബുംറ സെഞ്ച്വറിയോടെ മുന്നേറിയ ജോ റൂട്ടിനെ (109) റിഷഭ് പന്തിന്റെ കൈയിലെത്തിച്ചതാണ് നിര്‍ണ്ണായകമായത്. മധ്യനിരയിലെ അപകടകാരിയായ സാം കറാനെ (32) കൂടാരം കയറ്റിയ ബുംറ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയത്. നോട്ടിങ്ഹാമിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയായിരുന്നു ഇത്.
പരമ്പരയില്‍ ഇനിയും നാല് മത്സരങ്ങള്‍ ശേഷിക്കെ ബുംറയുടെ ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. പേസും സ്വിങ്ങും അധികം ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ബുംറ വിസ്മയം തുടര്‍ന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന സ്വപ്‌നം കൈയെത്തി പിടിക്കുക ഇന്ത്യക്ക് പ്രയാസമായിരിക്കില്ല.