Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CPL: ജമൈക്ക ടലാവാസിന് മിന്നും ജയം, വിജയവഴിയില്‍ തിരിച്ചെത്തി ഗയാന ആമസോണ്‍ വാരിയേഴ്‌സ്

ടറൗബ (ട്രിനിഡാഡ്): കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിനം നടന്ന മല്‍സരങ്ങളില്‍ ജമൈക്ക ടലാവാസിനും ഗയാന ആമസോണ്‍ വാരിയേഴ്‌സിനും തകര്‍പ്പന്‍ ജയം. സെന്റ് ലൂസിയ സോക്‌സിനെയാണ് ജമൈക്ക അഞ്ചു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. മറ്റൊരു കളിയില്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സിനെ ഗയാന മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഈ സീസണിലെ ആദ്യത്തെ മല്‍സരം കൂടിയാണ് ജമൈക്കയും സെന്റ് ലൂസിയയും കളിച്ചത്. ഡാരന്‍ സമി നയിച്ച സെന്റ് ലൂസിയയെ ബാറ്റിങ് മികവിലാണ് ജമൈക്ക മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ ഏഴു വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. 42 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 52 റണ്‍സെടുത്ത വിന്‍ഡീസ് താരം റോസ്റ്റണ്‍ ചേസാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. നബീജുള്ള (25), ആന്ദ്രെ ഫ്‌ളെച്ചര്‍ (22) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.

1

മറുപടി ബാറ്റിങില്‍ മികച്ച റണ്‍റേറ്റില്‍ മുന്നേറിയ ജമൈക്ക 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മധ്യനിരയില്‍ പുറത്താവാതെ 47 റണ്‍സെടുത്ത ആസിഫ് അലിയാണ് ജമൈക്കയുടെ വിജയത്തിന് അടിത്തറയിട്ടത്. 27 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്‌സാണ് (44) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ റോമന്‍ പവെല്‍ 26 റണ്‍സ് നേടി. ആസിഫ് അലിയാണ് ടോപ്‌സ്‌കോറര്‍.

രണ്ടാമത്തെ മല്‍സരത്തില്‍ സെന്റ് കിറ്റ്‌സിനെതിരേ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (71) ഇന്നിങ്‌സാണ് ഗയാനയ്ക്കു രക്ഷയായത്. ടൂര്‍ണമെന്റില്‍ ഗയാനയുടെ ആദ്യ വിജയം കൂടിയാണിത്. ഉദ്ഘാടന മല്‍സരത്തില്‍ അവര്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിനു തോറ്റിരുന്നു.

സെന്റ് കിറ്റ്‌സിനെതിരേ ഗയാനയ്ക്കായിരുന്നു ടോസ്. അവര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെന്റ് കിറ്റ്‌സിനെ എട്ടു വിക്കറ്റിന് 127 റണ്‍സിലൊതുക്കാന്‍ ഗയാനയ്ക്കു കഴിഞ്ഞു. എവിന്‍ ലൂയിസ് (30), ബെന്‍ ഡങ്ക് (29) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. നാലു വിക്കറ്റെടുത്ത വിന്‍ഡീസ് പേസര്‍ കീമോ പോളാണ് സെന്റ് കിറ്റ്‌സിനെ തകര്‍ത്തത്. ഇമ്രാന്‍ താഹിറിന് രണ്ടു വിക്കറ്റ ലഭിച്ചു.

മറുപടിയിയില്‍ ഗയാനയുടെയും ബാറ്റിങ് നിര ഫ്‌ളോപ്പായെങ്കിലും ഹെറ്റ്‌മെയറുടെ (71) വണ്‍മാന്‍ ഷോ അവര്‍ക്കു തുണയായി. 44 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗയാന നിരയില്‍ മറ്റാരും തന്നെ 20 റണ്‍സ് തികച്ചില്ല. 17 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ഗയാന ലക്ഷ്യത്തിലെത്തി. കീമോ പോളാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Thursday, August 20, 2020, 10:53 [IST]
Other articles published on Aug 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+